ADVERTISEMENT

ഇന്ന് ലോകവദനാർബുദ ദിനം. നമ്മുടെ നാട്ടിൽ ഇന്ന് പുരുഷന്മാരിൽ  ഏറ്റവും കൂടുതൽ കാണുന്ന കാൻസറാണ് വദനാർബുദം അഥവാ ഓറൽ കാൻസർ. പുകയില ജന്യ ഉൽപ്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം, ഒരുപാട് സമയം  പൊരിവെയിലത്ത് പണിയെടുക്കുന്നവരിൽ, ചില വൈറസുകൾ കാരണം, പോഷകരഹിതമായ ആഹാരശീലങ്ങൾ കൊണ്ട്, വിഷാദവും മാനസിക സമ്മർദവും കൊണ്ടെല്ലാം ഇത് സംഭവിക്കുന്നു. വായിലെ അർബുദത്തിന് മുന്നോടിയായി ചില വ്യതിയാനങ്ങൾ സാധാരണയായി കാണപ്പെടുന്നു. ഇവയെ പൂർവാർബുദ അവസ്ഥകൾ എന്ന് പറയുന്നു. എത്ര മായ്ച്ചാലും മായാത്ത വെള്ളപ്പാടുകൾ, ചുവന്ന പാടുകൾ, മൂന്നാഴ്ചയിലേറെയായി ഉണങ്ങാതെ നിൽക്കുന്ന മുറിവുകൾ ഒക്കെ ശ്രദ്ധിക്കേണ്ടവയാണ്. 

ഒരു ചെറുപ്പക്കാരന്റെ മുഖം മനസിലേക്ക് ഓടിയെത്തുന്നു. തിരുവനന്തപുരം ഗവൺമെന്റ് ദന്തൽ കോളജിൽ അവസാന വർഷ ബി ഡി എസിന് പഠിക്കുമ്പോഴാണ് ആ സുഹൃത്തിനെ കാണുന്നത്. കവിളിന്റെ ഉൾഭാഗത്ത് വേദനയില്ലാത്ത ഒരു മുഴ പോലെ ഒരു ദശാവളർച്ച. ആ പോസ്റ്റിങ് കഴിഞ്ഞു പോയി. പിന്നീട് ഹൗസ് സർജൻസി സമയത്ത്  രക്തദാനത്തിനായി ആർസിസിയിൽ പോയ സമയം യാദൃച്ഛികമായി ആ സുഹൃത്തിനെ വീണ്ടും കണ്ടു. ശസ്ത്രക്രിയ ചെയ്ത് നാവിന്റെ പകുതിയോളവും താടിയെല്ലിന്റെ പകുതിയും മുറിച്ചു മാറ്റിയിരുന്നു. പ്രത്യാശയുടെ തിളക്കമുണ്ടായിരുന്ന അന്നത്തെ കണ്ണുകളിൽ ഇന്ന് നേർത്ത മൂടൽ. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളും ഒത്തിരി വ്യതിയാനങ്ങൾ ആ മുഖത്ത് വരുത്തിയിരുന്നു. മുടിയൊക്കെ കൊഴിഞ്ഞ് മുഖമൊക്കെ നീർവീക്കം വന്ന അവസ്ഥയിലായിരുന്നു. പതിയെ എന്നെ നോക്കി ചെറിയൊരു പുഞ്ചിരി തൂകി. ആ ചെറുപ്പക്കാരന് പ്രത്യേകിച്ച് ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ തവണ ഒരു കൗതുകത്തിന് പുകവലിയും പാൻമസാലയും ഉപയോഗിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു.മഇന്നും സിനിമാ തിയേറ്ററിൽ പുകയിലയെക്കുറിച്ചുള്ള സന്ദേശവും അതിലെ ഓറൽ കാൻസർ വന്ന് ശസ്ത്രക്രിയ ചെയ്ത യുവതിയെ കാണിക്കുമ്പോൾ എന്റെ മനസിൽ ഈ സുഹൃത്തിന്റെ മുഖമാണ് ഓടിയെത്തുക. 

oral-cancer-screening

നമ്മുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ Smokeless അഥവാ ചവയ്ക്കുന്ന രൂപത്തിലുള്ള പുകയില ഉപയോഗം സ്ത്രീകളിലും പുരുഷന്മാരിലും വളരെ കൂടുതലാണ്. പ്രിയപ്പെട്ടവരേ പറയാനുള്ള പ്രധാന കാര്യമിതാണ്. എല്ലാ ദിവസവും വായ സ്വയം പരിശോധന നടത്തണം. ഓറൽ കാൻസർ ക്യാംപുകളും അവബോധ ക്ലാസുകളും പരമാവധി പ്രയോജനപ്പെടുത്തണം. കേരള എക്സൈസ് വകുപ്പും തിരുവനന്തപുരം ഇന്ത്യൻ ദന്തൽ അസോസിയേഷനും ചേർന്ന് തുടങ്ങിയ "മോക്ഷ" പദ്ധതിയിലൂടെ അനേകം സ്കൂൾ കോളജ് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ കഴിഞ്ഞതിൽ ആ പദ്ധതിയുടെ കോർഡിനേറ്റർ എന്ന നിലയിൽ എനിക്ക്  ചാരിതാർഥ്യമുണ്ട്. എങ്കിലും ഇനിയും ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്. 

നിഷ്ക്രിയ പുകവലി അഥവാ Passive smoking വഴി നമ്മുടെ ചുറ്റുമുള്ളവരെയും ഗർഭസ്ഥ ശിശുവിനെയും വരെ പുകവലി ബാധിക്കുന്നു. അതു കൊണ്ടുതന്നെ പുകയില ഉപയോഗം ഉപേക്ഷിക്കാൻ ഇനി അമാന്തം പാടില്ല. ഓറൽ കാൻസർ ക്യാംപുകൾ പരമാവധി പ്രയോജനപ്പെടുത്തുക. വായിൽ വ്യതിയാനം അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ദന്തഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കുക. ബയോപ്സി വേണമെന്ന് നിർദ്ദേശിക്കുന്ന വേളയിൽ അതിന് സഹകരിക്കുകയും വേണം. നാവും പല്ലുകളും അസ്ഥിയും അതിലുപരി നമ്മുടെ മുഖവും ലസികാ ഗ്രന്ഥികളുമൊക്കെ എന്നും ആരോഗ്യസ്ഥിതിയിൽ തന്നെ ഇരിക്കട്ടെ. ആ സുഹൃത്തിനെ പോലെ ഇനിയും ഒരുപാട് ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ കാണാനിട വരാതിരിക്കട്ടെ. നല്ലൊരു ശതമാനം വദനാർബുദവും നേരത്തെ കണ്ടെത്തിയാൽ തടയാൻ കഴിയും. ഒരുമിക്കാം പോരാടാം തുടച്ചു മാറ്റാം വദനാർബുദം.                     

(തിരുവനന്തപുരം ഗവ. അർബൻ ദന്തൽ ക്ലിനിക്കിലെ ദന്തൽ സർജനാണ് ലേഖകൻ)

English Summary : Oral Cancer day; Symptoms, treatment and causes of Oral Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com