ഗൗട്ട് വേദന ചില്ലറക്കാരനല്ല, ജീവാപായത്തിനും സാധ്യത; വേണം കരുതൽ
Mail This Article
കാലുകളിലെ സന്ധികളിലാണ് പ്രധാനമായും വേദന വരുന്നത്. പെട്ടെന്നുള്ള അതികഠിനമായ വേദനയാണ് ഗൗട്ടിന്റെ പ്രത്യേകത. വേദനയോടൊപ്പം നീർവീക്കവും ചുവപ്പും കാണാം. കിടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം വിങ്ങുന്നതുപോലുള്ള കഠിന വേദന അനുഭവപ്പെടാം. വേദനയുള്ളിടത്ത് വിരൽ കൊണ്ട് തൊടുന്നതു പോലും അസഹ്യമായിരിക്കും. ഇത് ഗൗട്ട് ആകാം. സന്ധികൾക്കുള്ളിലെ അണുബാധ (സെപ്റ്റിക് ആർത്രൈറ്റിസ്) ആകാം. ഇതു തമ്മിൽ കൃത്യമായി വേർതിരിച്ചറിയാൻ പ്രയാസമാണ്. അതുകൊണ്ട് ഓരോ തവണ ഗൗട്ട് വേദന വരുമ്പോഴും വീട്ടുപരിഹാരത്തിലൊതുക്കിയാൽ അണുബാധ മറ്റ് അവയവങ്ങളെ ബാധിക്കാനും ജീവാപായത്തിനു പോലും സാധ്യതയുണ്ട്.
മിക്കവരിലും തള്ളവിരലിലാണ് വേദന കാണുന്നതെങ്കിലും കണങ്കാലിലും കാൽമുട്ടിലും വേദനയും നീർവീക്കവും വരാം. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവു കൂടുന്നതാണ് ഗൗട്ട് എന്ന ഇൻഫ്ളമേറ്ററി ആർത്രൈറ്റിസിന്റെ കാരണം. ചിലരിൽ ഭക്ഷണപ്രശ്‌നം കൊണ്ട് ഗൗട്ട് വരാം, ചിലരിൽ ജനിതകസ്വാധീനമാകും കാരണം.
∙ പെട്ടെന്നു നീർവീക്കവും വേദനയും വരുമ്പോൾ തണുപ്പു വയ്ക്കുന്നതാണ് നല്ലത്. 10-15 മിനിറ്റു നേരം ദിവസം പലതവണ ഐസ് പായ്ക്ക് വയ്ക്കാം. ചൂടു വയ്ക്കുന്നത് ഗൗട്ടിനു നല്ലതല്ല.
∙ വേദനയും വീക്കവുമുള്ള ഭാഗം ഉയർത്തിവയ്ക്കാൻ ശ്രമിക്കുക. വീക്കം കുറയാൻ ഇതു സഹായിക്കും. ഒപ്പം ബാൻഡേജ് ചുറ്റുക.
∙ ഇബുപ്രൂഫിൻ പോലുള്ള നീർവീക്കം കുറയ്ക്കുന്ന മരുന്നുകൾ വേദന കുറയാനായി കഴിക്കാം. ഇത്രയൊക്കെ ചെയ്‌തിട്ടും നടക്കാൻ പറ്റാത്തത്ര തീവ്രമാണ് വേദനയെങ്കിൽ ആശുപത്രിയിൽ പോവുക.
∙ 2015 ൽ നടന്ന ഒരു പഠനത്തിൽ രണ്ടു ലിറ്റർ വെള്ളത്തിൽ രണ്ടു നാരങ്ങ പിഴിഞ്ഞു ചേർത്തു കുടിക്കുന്നത് യൂറിക് ആസിഡ് അളവു കുറയ്ക്കുന്നതായി കണ്ടിരുന്നു. നാരങ്ങാവെള്ളം മാത്രമല്ല സാധാരണ ശുദ്ധജലം ധാരാളം കുടിക്കണം. ഇതുവഴി വൃക്കകൾ അധികമായുള്ള ദ്രവം നീക്കം ചെയ്യും. സന്ധികളിലെ നീർവീക്കം കുറയുകയും ചെയ്യും.
∙ സോഡ, ബിയർ, മറ്റ് മദ്യങ്ങൾ എന്നിവ കർശനമായി ഒഴിവാക്കണം. ഇവയിലെ പ്യൂരിൻ എന്ന ഘടകം യൂറിക് ആസിഡ് അളവു വർധിപ്പിക്കും.
∙ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഗൗട്ട് വരാനിടയാക്കും. അതുപോലെ പ്രോട്ടീനെ കൃത്യമായി മെറ്റബോളൈസ് ചെയ്യാൻ ഇവർക്കു പ്രയാസമായിരിക്കും. അതുകൊണ്ട് ഇവർ ചുവന്ന മാംസം (ബീഫ്, മട്ടൻ), ചൂര, അയല പോലുള്ള മത്സ്യങ്ങൾ, സീഫുഡ്, പയറുവർഗങ്ങൾ പോലുള്ള പ്രോട്ടീൻ ഭക്ഷണം എന്നിങ്ങനെയുള്ള വിഭവങ്ങൾ നിയന്ത്രിച്ചു കഴിക്കുക. വല്ലപ്പോഴുമൊക്കെ കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അമിതമായ അളവിൽ കഴിക്കുന്നതും ഇടയ്ക്കിടെ കഴിക്കുന്നതും ഒന്നിലധികം പ്രോട്ടീൻ ഭക്ഷണം ഒരുമിച്ചു കഴിക്കുന്നതും ഒഴിവാക്കണം.
∙ പതിവായി വ്യായാമം ചെയ്യുന്നതും, ശരീരഭാരം നിയന്ത്രണത്തിൽ നിർത്തുന്നതും ഗൗട്ട് മാനേജ് ചെയ്യാൻ സഹായിക്കും.
∙ വേദനയ്ക്ക് താൽക്കാലിക ശമനം വന്നാലും ഡോക്ടറെ കണ്ട് ആവശ്യമെങ്കിൽ യൂറിക് ആസിഡ് അളവു കുറയ്ക്കാനുള്ള മരുന്നു കഴിക്കണം.
Content Summary : What does the start of gout feel like?