ADVERTISEMENT

വായിൽ അനിയന്ത്രിതവും അസ്വാഭാവികവുമായ അളവിൽ അർബുദ കോശങ്ങൾ പെരുകുന്ന അവസ്ഥയാണ് വായിലെ അർബുദം അഥവാ മൗത്ത് കാൻസർ. സമയത്ത് കണ്ടെത്തി തിരിച്ചറിഞ്ഞില്ലെങ്കിൽ ക്രമേണ ഒരു ട്യൂമർ ആയി മാറുകയും സ്ഥിതി ഗുരുതരമാകുകയും ചെയ്യും. 

 

പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും മൗത്ത് കാൻസറിനു കാരണമാകും. പുകവലി, ദുർബലമായ രോഗപ്രതിരോധ സംവിധാനം, അമിത മദ്യപാനം, പാപ്പിലോമ വൈറസ്, ചുണ്ടിൽ അമിതമായി സൂര്യപ്രകാശമേൽക്കൽ ഇതെല്ലാം മൗത്ത് കാൻസർ വരാനുള്ള കാരണങ്ങളാണ്. 

 

ചുണ്ടുകൾ, നാക്ക്, വായുടെ മുകൾ ഭാഗം, മോണകൾ, വായുടെ താഴ്ഭാഗം, ഗംസ് ടോൺസിലുകൾ, ഉമിനീർ ഗ്രന്ഥികൾ എന്നിവിടങ്ങളിൽ മൗത്ത് കാൻസർ വരാം. മതിയായ ലക്ഷണങ്ങൾ പ്രകടമാക്കാത്തതിനാൽ ആദ്യഘട്ടങ്ങളിൽ രോഗാവസ്ഥ തിരിച്ചറിയുക പ്രയാസമാണ്. രോഗലക്ഷണങ്ങൾ തിരിച്ചറിയുക എന്നത് പ്രധാനമാണ്. ലക്ഷണങ്ങൾ തിരിച്ചറിയുന്നത് സമയത്ത് ചികിത്സ ലഭ്യമാക്കാൻ സഹായിക്കും. 

 

പല്ലുകൾക്ക് ഇളക്കം, ചെവി വേദന, വായ വേദന, വിഴുങ്ങാനുള്ള പ്രയാസം, വിഴുങ്ങുമ്പോൾ വേദന, വായിലോ ചുണ്ടിലോ ഉണ്ടാകുന്ന വൃണങ്ങൾ പെട്ടെന്ന് ഉണങ്ങാതിരിക്കുക ഇതെല്ലാമാണ് മൗത്ത് കാൻസറിന്റെ സാധാരണ ലക്ഷണങ്ങൾ. 

 

വായയ്ക്കുള്ളിൽ ചുവപ്പോ വെള്ളയോ നിറത്തിൽ കാണപ്പെടുന്ന പാടുകളും രോഗലക്ഷണമാണ്. പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇത് നാവിന്റെ വശങ്ങളിലും വരാം. പതിവായി വായ പരിശോധിക്കുന്നത് ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാൻ സഹായിക്കും. 

 

മൗത്ത് കാൻസറിന്റെ ലക്ഷണങ്ങൾ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളുമായി കൂടിക്കുഴയാൻ സാധ്യതയുണ്ട്. ഒന്നിലധികം ലക്ഷണങ്ങൾ ഒരുമിച്ചു പ്രകടമായാൽ ദന്ത ഡോക്ടറെ കാണണം. എന്തെങ്കിലും ഇൻഫെക്‌ഷൻ മൂലം ഈ ലക്ഷണങ്ങൾ ചിലപ്പോൾ അധികരിക്കാം. മൂന്നാഴ്‌ചയിലധികം ലക്ഷണങ്ങൾ നീണ്ടു നിന്നാൽ ദന്ത ഡോക്‌ടറുടെ അടുത്തെത്തി പരിശോധിക്കണം. നിങ്ങൾ മദ്യപാനിയോ പുകവലിക്കുന്ന ആളോ ആണെങ്കിൽ പ്രത്യേകിച്ചും. കാരണം പുകവലിക്കാർക്ക് മൗത്ത് കാൻസർ വരാനുള്ള സാധ്യത രണ്ടര ഇരട്ടിയാണ്. 

 

മൗത്ത് കാൻസർ ചികിത്സയിൽ പ്രധാനം നേരത്തെ രോഗം തിരിച്ചറിയുക എന്നതാണ്. അഡ്വാൻസ്‌ഡ് സ്റ്റേജിലെത്തിയാൽ രോഗം ഗുരുതരമായേക്കാം. ചികിത്സയും പ്രയാസമാകും. അതുകൊണ്ട് കാൻസർ സാധ്യത അകറ്റാൻ ഒരു ദന്ത ഡോക്‌ടറുടെ അടുത്ത് പതിവായി ചെക്കപ്പിനു പോകുന്നത് ഏറെ ഗുണകരമാകും.

English Summary : Mouth cancer: Symptoms, treatment and causes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com