ടൈപ്പ് 2 പ്രമേഹം നേരത്തേ തിരിച്ചറിയാം ഈ മൂന്ന് ലക്ഷണങ്ങളിലൂടെ
Mail This Article
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാതെ വരുമ്പോൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ കഴിയാതെ വരും. ഇൻസുലിൻ കുറയുമ്പോൾ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകും.
ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്നു. ഓരോ വ്യക്തിയിലും പ്രമേഹലക്ഷണങ്ങൾ വ്യത്യസ്‌തവും സാവധാനത്തിലും ആകും പ്രത്യക്ഷപ്പെടുക. എന്നാൽ ചില ലക്ഷണങ്ങൾ എല്ലാവരിലും പ്രകടമാകും. പ്രമേഹത്തിലെ മൂന്ന് 'P' കൾ ആയാണ് ഈ ലക്ഷണങ്ങളെ കണക്കാക്കുന്നത്. വൈദ്യശാസ്ത്രം ഇതിനെ Polydipsia, Polyuria, Polyphagia എന്നീ പേരുകളിൽ വിളിക്കും. ഇവ എന്താണെന്ന് നോക്കാം.
∙ അമിതദാഹം (Polydipsia)
Polydipsia എന്നാൽ അമിതദാഹം. പ്രമേഹ രോഗികളിൽ വളരെ സാധാരണമാണിത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ വൃക്കകൾക്ക് കൂടുതൽ പ്രവൃത്തി ചെയ്യേണ്ടി വരും. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാക്കുകയും ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമായി വരുകയും ചെയ്യും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് കൂടുതൽ ദാഹം തോന്നുകയും ചെയ്യും.
∙ അമിത മൂത്രശങ്ക (Polyuria)
പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഇടയ്ക്കിടെയുള്ള മൂത്രശങ്ക. വൈദ്യശാസ്ത്രം ഇതിനെ പറയുന്നത് Polyuria എന്നാണ്. രക്തത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ഗ്ലൂക്കോസിനെയും വിഷാംശങ്ങളെയും നീക്കം ചെയ്യാൻ വൃക്കകൾക്ക് അമിതമായി ജോലി ചെയ്യേണ്ടി വരും. അധികമുള്ള ഗ്ലൂക്കോസിനെ വൃക്കകൾ അരിച്ചു മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നു. സാധാരണ ഒരു വ്യക്തി ഒന്നു മുതൽ 2 ലീറ്റർ വരെ മൂത്രം ദിവസവും പുറന്തള്ളും. എന്നാൽ Polyuria എന്ന അവസ്ഥയുള്ളവർ ദിവസം മൂന്നു ലീറ്ററിലധികം മൂത്രം പുറന്തള്ളും. വൃക്ക രോഗം, ഗർഭാവസ്ഥ, കാൽസ്യത്തിന്റെ കൂടിയ അളവ് തുടങ്ങിയവയും Polyuria എന്ന അവസ്ഥയ്ക്ക് കാരണമാകും.
∙ വിശപ്പ് (Polyphagia)
ഭക്ഷണത്തിന്റെ ആഗിരണത്തിലൂടെ ലഭിക്കുന്ന ഗ്ലൂക്കോസ് കോശങ്ങൾക്ക്, ഊർജമാക്കി മാറ്റാൻ കഴിയാതെ വരും. ഇത് വിശപ്പ് തോന്നിക്കാൻ ഇടയാക്കും. ഇത്തരത്തിലുണ്ടാകുന്ന അമിതവിശപ്പ് ആണ് Polyphagia. പ്രമേഹവുമായി ബന്ധപ്പെട്ട വിശപ്പ്, ഭക്ഷണം കഴിച്ച ശേഷവും മാറുകയില്ല. ഒരു വ്യക്തി എത്ര കൂടുതൽ ഭക്ഷണം കഴിക്കുന്നുവോ അത്രയും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടും. ഭക്ഷണം കഴിച്ചതിനു ശേഷവും ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. ഹൈപ്പർ തൈറോയ്‌ഡിസം, പ്രിമെൻസ്ട്രുവൽ സിൻഡ്രോം, സ്ട്രെസ് ഇവയും അമിതവിശപ്പിലേക്ക് നയിക്കാം.
Polydipsia, Polyuria, Polyphagia എന്നീ മൂന്ന് ലക്ഷണങ്ങളും പ്രമേഹരോഗത്തിന്റെ സൂചനകളാണ്. വൈദ്യപരിശോധനയ്ക്കു വിധേയനാകുന്നതോടൊപ്പം ജീവിതശൈലിയിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആവശ്യമാണ്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ അവയവങ്ങളെ തകരാറിലാക്കുകയും ക്രമേണ സ്ഥിതി ഗുരുതരമാകുകയും ചെയ്യും.
English Summary : Recognising the three most common symptoms of Type 2 diabetes