ADVERTISEMENT

ചില ദുശ്ശീലങ്ങള്‍ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താന്‍ വലിയ ബുദ്ധിമുട്ടാണ്. അതിന് നല്ല ആത്മനിയന്ത്രണം ആവശ്യമായി വരും. അകറ്റി നിര്‍ത്താന്‍ കഴിയാത്ത ദുശ്ശീലങ്ങളില്‍ മുന്‍പന്തിയിലാണ് പുകവലിയുടെ കാര്യം. പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന സംഗതിയാണ് സ്മോക്കേഴ്സ് ഫ്ളൂ. പെട്ടെന്ന് പുകവലിയോ നിക്കോട്ടീന്‍ ഉപയോഗമോ നിർത്തുമ്പോൾ  ചിലര്‍ക്കുണ്ടാകുന്ന ജലദോഷ പനിക്ക് സമാനമായ ലക്ഷണങ്ങളോട് കൂടിയ പ്രശ്നമാണ് സ്മോക്കേഴ്സ് ഫ്ളൂ. 

 

ചുമ, ക്ഷീണം, തലവേദന, നെഞ്ചിന് ഭാരം, തൊണ്ട വേദന, തലകറക്കം തുടങ്ങി സാധാരണ ഒരു പനിക്ക് വരുന്ന ലക്ഷണങ്ങളെല്ലാം സ്മോക്കേഴ്സ് ഫ്ളൂവിനും വരാവുന്നതാണ്. ഉത്കണ്ഠ, വിഷാദം, ദേഷ്യം, ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക പ്രശ്നങ്ങളും ഇതിന്‍റെ ഭാഗമായി ചിലരില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനൊപ്പം സിഗരറ്റിന് വേണ്ടിയുള്ള ഉത്കടമായ ആഗ്രഹവും ഉണ്ടാകും. എന്നാല്‍ ഈ സ്മോക്കേഴ്സ് ഫ്ളൂ പുകവലിയില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട വിത്ഡ്രോവല്‍ ലക്ഷണങ്ങളുടെ ഭാഗമാണെന്നും ഇതില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും സ്മോട്ടെറ്റ് ക്വിറ്റ് സ്മോകിങ് പ്രോഗ്രം സ്ഥാപകന്‍ ഗുര്‍സീത് സിങ്ങ് ദ ഹെല്‍ത്ത്സൈറ്റ്.കോമില്‍ എഴുതിലെ ലേഖനത്തില്‍ പറയുന്നു. 

 

പുകയിലയിലെ നിക്കോട്ടീന്‍ തലച്ചോറിലെ ചില റിസപ്റ്ററുകളെ ഉദ്ദീപിപ്പിച്ച് ഡോപ്പമിന്‍ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ പുറപ്പെടുവിക്കാന്‍ കാരണമാകും. ഇതാണ് പുകവലിക്കുന്നവര്‍ക്ക് ലഭിക്കുന്ന കിക്കിന് പിന്നില്‍. ഇതില്ലാതാകുന്നതോടെ ഡോപ്പമിന്‍ വരവ് നിലയ്ക്കുകയും ശരീരം ഇതിനോട് ശാരീരികവും മാനസികവുമായ ലക്ഷണങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്യും. ഇതാണ് സ്മോക്കേഴ്സ് ഫ്ളൂവായി പരിണമിക്കുന്നത്. ദീര്‍ഘനാളത്തെ പുകവലിയിലൂടെ ശരീരത്തില്‍ അടിഞ്ഞു കൂടിയ വിഷാംശം ശരീരം പുറന്തള്ളി തുടങ്ങുന്നതിന്‍റെ സൂചന കൂടിയാണ് സ്മോക്കേഴ്സ് ഫ്ളൂ. 

 

ഇതിനെ തുടര്‍ന്ന് ശരീരത്തില്‍ ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കും. രക്തസമ്മര്‍ദ്ധം താഴുകയും കാര്‍ബണ്‍ മോണോക്സൈഡ് തോത് സാധാരണ തോതിലാകുകയും ചെയ്യും. ശ്വാസകോശം വിഷാംശം പുറന്തള്ളുന്നതിന്‍റെ ഭാഗമായി കൂടുതല്‍ കഫം പുറപ്പെടുവിക്കും. ഇത് നെഞ്ചിന് നീര്‍ക്കെട്ടുണ്ടാക്കാം. നാവിലെ രസമുകുളങ്ങളും ഇക്കാലയളവില്‍ പതിയെ തിരികെ വരും. കഴുത്തിലും നെഞ്ചിലുമൊക്കെ പുതു നാഡീകോശങ്ങള്‍ വളരുകയും ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഇതിന്‍റെ ഭാഗമായി ഉണ്ടാവുകയും ചെയ്യും. 

 

പുകവലി നിര്‍ത്തുന്നവര്‍ പെട്ടെന്നൊരു ദിവസം അത് നിര്‍ത്താതെ ഘട്ടം ഘട്ടമായി ഇതിന്‍റെ അളവ് കുറച്ചു കൊണ്ടു വന്ന ശേഷം പൂര്‍ണമായും നിര്‍ത്തുന്നത് സ്മോക്കേഴ്സ് ഫ്ളൂവില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. ഏതാനും ദിവസങ്ങളും ആഴ്ചകളും മാത്രമാണ് സ്മോക്കേഴ്സ് ഫ്ളൂ പ്രകടമാകുക. പുകവലി നിര്‍ത്തുന്നതിന് മൈന്‍ഡ്ഫുള്‍നെസ്സ് ബേസ്ഡ് കോഗ്നിറ്റീവ് തെറാപ്പി  എന്ന ശരിയായ സമീപനം സഹായകമാണെന്നും ഗുര്‍സീത് സിങ്ങ് പറയുന്നു. പുകവലിയോടുള്ള മാനസികമായ ആശ്രിതത്വം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടു വന്ന് പുകവലിക്കാരനെ കൊണ്ടുതന്നെ സ്വമനസ്സാലേ സിഗരറ്റിനോട് നോ പറയിക്കുക എന്നതാണ് ഈ തെറാപ്പി ലക്ഷ്യമാക്കുന്നത്. പുകവലി രഹിതമായ നല്ലൊരു ജീവിതത്തിലേക്കുള്ള പ്രയാണ വഴിയിലെ ചെറിയൊരു തടസ്സം മാത്രമായി സ്മോക്കേഴ്സ് ഫ്ളൂവിനെ കണ്ടാല്‍ മതിയെന്നും ഗുര്‍സീത് സിങ്ങ് കൂട്ടിച്ചേര്‍ക്കുന്നു.

English Summary : Know about Smoker's flu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com