ADVERTISEMENT

തൃശൂർ മെഡിക്കൽ കോളജിൽ സ്കോളിയോസിസിനുള്ള സൗജന്യ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തി 13കാരൻ. പാലക്കാട് സ്വദേശി ജിത്തുവിനാണ് ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ നടത്തിയത്. 

 

സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷത്തോളം ചെലവ് വരുമെന്നു പറഞ്ഞിരുന്ന ശസ്ത്രകിയയാണ് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ പദ്ധതിയിൽ (ആർബിഎസ്‌കെ) ഉൾപ്പെടുത്തി സൗജന്യമായി ചെയ്തത്. ശാസ്ത്രക്രിയയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം ജീവിതത്തില്‍ ആദ്യമായി ജിത്തു നിവര്‍ന്നു നിന്നു. 9 മണിക്കൂര്‍ നീണ്ട സ്‌ക്കോളിയോസിസിനുള്ള (നട്ടെല്ല് നിവര്‍ത്തുന്ന) ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയത്. അത് വിജയിക്കുകയും ചെയ്തു. മികച്ച ചികിത്സ നല്‍കി ജിത്തുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും  ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.

 

ജന്മനാ നട്ടെല്ല് വളഞ്ഞ് പഠിത്തത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാതെ നാലര അടി പൊക്കം മാത്രമുള്ള ജിത്തുവും കുടുംബവും ആകെ സങ്കടാവസ്ഥയിലായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണോ എന്ന് അറിയാത്തതിനാല്‍ ജിത്തുവിന്റെ കുടുംബം ആദ്യം സമീപിച്ചത് സ്വകാര്യ ആശുപത്രിയെയാണ്. ഭീമമായ ചികിത്സാ ചെലവ് കണ്ടാണ് തൃശൂര്‍ മെഡിക്കല്‍ കോളജിനെ സമീപിച്ചത്. എന്നാല്‍ ജിത്തുവിനെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കി.

 

ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍. ബിജു കൃഷ്ണന്റെയും അനസ്‌തീസിയ വിഭാഗം മേധാവി ഡോ. ഷംസാധ് ബീഗത്തിന്റെയും നേതൃത്വത്തില്‍ ഡോ. ജിതിന്‍, ഡോ. ജിയോ സെനില്‍, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂര്‍, ഡോ. എം. സുനില്‍, ഡോ. വിജയകുമാര്‍, സ്റ്റാഫ് നഴ്‌സുമാരായ സരിത, രമ്യ, സുമിക്കോ എന്നിവരുള്‍പ്പെട്ട സംഘമാണ് ശാസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.

എന്താണ് സ്കോളിയോസിസ്?

നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശങ്ങളിലേക്കുള്ള വളവ് അഥവാ, ചരിവ് ആണ് 'സ്‌കോളിയോസിസ്'. ഇതുമൂലം ഒരു വശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരുകയും, നടുഭാഗത്ത് ഒരുവശത്തായി കൂനുപോലെ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ വളര്‍ച്ച കൂടുന്നതിനനുസരിച്ച് വളവ് കൂടിവരുകയും കുനിയുമ്പോള്‍ നട്ടെല്ലിന്റെ ഉന്തിയഭാഗം കൂടുതല്‍ തെളിഞ്ഞുകാണുകയും ചെയ്യും. സ്‌കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോള്‍ഭാഗം പൊങ്ങിനില്‍ക്കാം. കൂടാതെ ഒരുവശത്തെ ഇടുപ്പെല്ലും പൊങ്ങിനില്‍ക്കാം.

ജൻമനാതന്നെ സ്കോളിയോസിസ് വരാം. സെറിബ്രല്‍ പാള്‍സി, ശരീരത്തില്‍ വലിയ തരത്തിലുള്ള മറുകും കലകളുമുണ്ടാക്കുന്ന ന്യൂറോ ഫൈബ്രമറ്റോസിസ്, മയോപ്പതി, പോളിയോ, ചില ജനിതക രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് നട്ടെല്ലിനെ സ്വാഭാവികമായി പിടിച്ചുനിര്‍ത്താനുള്ള പേശികളുടെ ബലഹീനത കൊണ്ട് സ്‌കോളിയോസിസ് കണ്ടുവരാറുണ്ട്. 

English Summary : Scoliosis surgery in Trichur Medical college

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com