നിശ്ശബ്ദ കൊലയാളികളായ ഈ ആറു രോഗങ്ങളെ നിയന്ത്രിക്കാം
Mail This Article
പുറമേയ്ക്ക് വലിയ ലക്ഷണങ്ങളൊന്നും കാണിക്കാത്ത ചില രോഗങ്ങളുണ്ട്. എപ്പോഴാണ് അവ സങ്കീര്‍ണമായ ഒരു ആരോഗ്യ പ്രശ്നമായി പുറത്തു ചാടുകയെന്ന് പറയാന്‍ കഴിയില്ല. ഇത്തരം അവസരങ്ങളില്‍ ഒരാളുടെ മരണത്തിനു വരെ ഇവ കാരണമാകാം. ഇതിനാലാണ് ഇവയെ നിശ്ശബ്ദ കൊലയാളികള്‍ എന്ന് വിളിക്കുന്നത്.
ഇത്തരം രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയുമെല്ലാം വരുതിയില്‍ നിര്‍ത്താവുന്നവയാകും പലപ്പോഴും ഈ രോഗങ്ങള്‍. അത്തരം ചില നിശ്ശബ്ദ കൊലയാളി രോഗങ്ങളെ പരിചയപ്പെടാം
1. അമിത രക്ത സമ്മര്‍ദം
ഹൃദയാഘാതം, പക്ഷാഘാതം പോലെ പല അത്യാഹിതങ്ങളിലേക്കും നയിക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍. ആഗോള തലത്തില്‍ 30നും 79നും ഇടയില്‍ പ്രായമുള്ള 1.28 ബില്യണ്‍ മുതിര്‍ന്നവര്‍ക്ക് ഹൈപ്പര്‍ ടെന്‍ഷനുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തിയില്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍റെ വരവിനെ കുറിച്ച് നാം അറിയാതെ പോകും. പൊട്ടാസ്യം, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ചേര്‍ന്ന ഭക്ഷണം കഴിച്ചും ഉപ്പിന്‍റെ അളവ് ഭക്ഷണത്തില്‍ കുറച്ചും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തിയുമെല്ലാം ഹൈപ്പര്‍ടെന്‍ഷന്‍റെ സാധ്യത അകറ്റാനാകും. മദ്യപാനം, പുകവലി എന്നിവയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കാം.
2. കൊറോണറി ആര്‍ട്ടറി രോഗം
ഹൃദയത്തിലേക്ക് രക്തവും ഓക്സിജനും എത്തിക്കുന്ന കൊറോണറി ആര്‍ട്ടറികള്‍ ചുരുങ്ങുന്നത് മൂലമാണ് ഇതുണ്ടാകുന്നത്. നെഞ്ചു വേദന, ഹൃദയാഘാതം എന്നിവ ഇത് മൂലം സംഭവിക്കാം. ഇടയ്ക്കിടെയുള്ള പരിശോധനകളും ആരോഗ്യകരമായ ജീവിതശൈലിയും ഇല്ലാതെ ഈ രോഗം നിയന്ത്രിക്കാന്‍ സാധിക്കില്ല. ഉയര്‍ന്ന രക്തസമ്മര്‍ദവും കൊളസ്ട്രോളും ഉള്ളവര്‍ അത് നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ കൊറോണറി ആര്‍ട്ടറി രോഗത്തിലേക്ക് അവ നയിക്കാം.
3. പ്രമേഹം
ശരീരം രക്തത്തിലെ പഞ്ചസാരയെ എങ്ങനെ സംസ്കരിക്കുന്നു എന്നതിനെ ബാധിക്കുന്ന ടൈപ്പ് 2 പ്രമേഹം പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ല. രോഗം പുരോഗമിക്കുന്നതോടെ ക്ഷീണം, ഭാരനഷ്ടം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍, അമിതമായ ദാഹം പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പ്രമേഹം നിയന്ത്രണം വിട്ടുയര്‍ന്നാല്‍ അത് ഹൃദയം, വൃക്ക, കണ്ണ് തുടങ്ങി പല അവയവങ്ങളെയും ബാധിക്കാന്‍ തുടങ്ങും. ശരിയായ ആഹാരക്രമം, വ്യായാമം, ഭാരനിയന്ത്രണം, ഇടയ്ക്കിടെയുള്ള രക്ത പരിശോധന എന്നിവയെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനും നിര്‍ബന്ധമാണ്.
4. ഓസ്റ്റിയോപോറോസിസ്
എല്ലുകളെ ബാധിക്കുന്ന ഈ രോഗവും ആരംഭ കാലത്ത് ആരുടെയും ശ്രദ്ധയില്‍ പെടില്ല. എല്ലുകളുടെ സാന്ദ്രതയെയും പല്ലുകളുടെ ആരോഗ്യത്തെയുമെല്ലാം ഇത് ബാധിക്കും. കാല്‍സ്യവും വൈറ്റമിന്‍ ഡിയും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നത് ഓസ്റ്റിയോപോറോസിസ് നിയന്ത്രിക്കാന്‍ സഹായകമാണ്. നടത്തം, ഓട്ടം, പടികള്‍ കയറല്‍, വെയ്റ്റ് ട്രെയിനിങ്ങ് തുടങ്ങിയ വ്യായാമങ്ങളും രോഗനിയന്ത്രണത്തില്‍ പ്രധാനമാണ്.
5. സ്ലീപ് അപ്നിയ
ഉറക്കത്തിന്‍റെ നിലവാരത്തെ കാര്യമായി സ്വാധീനിക്കുന്ന പ്രശ്നമാണ് സ്ലീപ് അപ്നിയ. ഉയര്‍ന്ന ശബ്ദത്തിലുള്ള കൂര്‍ക്കം വലി, പകല്‍ അമിതമായ ക്ഷീണം എന്നിവയിലേക്കെല്ലാം സ്ലീപ് അപ്നിയ നയിക്കും. ഉറക്കത്തില്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള മരണം, പക്ഷാഘാതം എന്നിവയ്ക്കെല്ലാം കാരണമായേക്കാവുന്ന നിശ്ശബ്ദ കൊലയാളിയാണ് സ്ലീപ് അപ്നിയയും. മിതമായ സ്ലീപ് അപ്നിയ കേസുകള്‍ ജീവിതശൈലി മാറ്റങ്ങളിലൂടെ പരിഹരിക്കാവുന്നതാണ്. ഭാരം കുറയ്ക്കുക, നല്ല ഭക്ഷണം കഴിക്കുക, പുകവലി ഉപേക്ഷിക്കുക, നേസല്‍ അലര്‍ജിക്ക് ചികിത്സ തേടുക എന്നിവയെല്ലാം ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളാണ്.
6. ഫാറ്റി ലിവര്‍ രോഗം
ശരീരത്തില്‍ ക്രമേണ വളര്‍ന്നു വരുന്ന ഫാറ്റി ലിവര്‍ രോഗം പലരും അവസാന ഘട്ടത്തില്‍ മാത്രമാണ് തിരിച്ചറിയുക. ആല്‍ക്കഹോളിക്, നോണ്‍ ആല്‍ക്കഹോളിക് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഫാറ്റി ലിവര്‍ രോഗങ്ങളുണ്ട്. ആദ്യത്തേത്ത് അമിത മദ്യപാനം കൊണ്ട് സംഭവിക്കുന്നതാണെങ്കില്‍ രണ്ടാമത്തേതിന്‍റെ ശരിയായ കാരണങ്ങള്‍ ഇനിയും അറിവായിട്ടില്ല. രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ കരള്‍ വീക്കത്തിന് രണ്ട് തരം ഫാറ്റി ലിവര്‍ രോഗങ്ങളും കാരണമാകും. നാം കഴിക്കുന്ന ഭക്ഷണം ഈ രോഗത്തിന്‍റെ കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിനാൽ കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം, നിത്യവുമുള്ള വ്യായാമം, ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധന എന്നിവ രോഗനിയന്ത്രണത്തിന് ആവശ്യമാണ്.
English Summary : 6 diseases that are Silent killers