ADVERTISEMENT

സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴ, ചര്‍മത്തിലെ മാറ്റങ്ങള്‍, തിണര്‍പ്പ്, മുലക്കണ്ണില്‍ നിന്നു വരുന്ന സ്രവം  എന്നിങ്ങനെ പല ലക്ഷണങ്ങളാണ് സാധാരണ ഗതിയില്‍ സ്തനാര്‍ബുദത്തിന്‍റേതായി സ്ത്രീകളില്‍ കാണപ്പെടുന്നത്. ഇവയ്ക്കൊപ്പം വേദനയുണ്ടാകുകയോ വേദന ഇല്ലാതിരിക്കുകയോ ചെയ്യാം. എന്നാല്‍ മറ്റ് ലക്ഷണങ്ങളൊന്നും ഇല്ലാതെ സ്തനങ്ങളില്‍ വേദന മാത്രം ഉണ്ടാകുന്നത് സ്തനാര്‍ബുദത്തിന്‍റെ ലക്ഷണമായി സാധാരണ ഗതിയില്‍ പരിഗണിക്കാറില്ലെന്ന് കാന്‍സര്‍ സര്‍ജനും സ്തനാര്‍ബുദ ബാധിതയുമായ ഡോ. ലിസ് ഒ റിയോര്‍ഡന്‍ ചൂണ്ടിക്കാട്ടി. 

 

വോഗ് മുന്‍ എഡിറ്ററായ അലക്സാന്‍ഡ്ര ഷുല്‍മാന്‍ കഴിഞ്ഞ മാസം തനിക്ക് സ്തനാര്‍ബുദ ബാധയുണ്ടായതായി വെളിപ്പെടുത്തിയിരുന്നു. തനിക്കുണ്ടായ ഒരേയൊരു ലക്ഷണം  ഇടത് സ്തനത്തിന് കീഴിലായി ഇടയ്ക്കിടെ വരുന്ന ശക്തമായ വേദനയാണെന്ന് ദ മെയില്‍ പത്രത്തില്‍ അലക്സാന്‍ഡ്ര എഴുതി. മുഴയോ മറ്റ് ലക്ഷണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സെപ്റ്റംബറില്‍ സ്തനാര്‍ബുദം ബാധിച്ച് മരണപ്പെട്ട പോപ് ഗായിക സാറ ഹാര്‍ഡിങ്ങിന്‍റെ കേസ് ഓര്‍മയുണ്ടായിരുന്ന അലക്സാന്‍ഡ്ര സ്തനപരിശോധനയും മാമോഗ്രാമും ചെയ്തു നോക്കി. ഇതില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. എന്നാല്‍ പിന്നീട് ചെയ്ത അള്‍ട്രാ സൗണ്ട് സ്കാനില്‍ സ്തനത്തിന് താഴെയായി ചെറിയൊരു അര്‍ബുദ ബാധ കണ്ടെത്തി. പോപ് ഗായിക സാറയ്ക്കും സ്തനത്തിന് വേദന ഇടയ്ക്കിടെ തോന്നിയിരുന്നെങ്കിലും അത് ഗിറ്റാറിന്‍റെ സ്ട്രാപ് ഉരയുന്നതിനാലാകാം എന്ന് കരുതി സാറ അവഗണിക്കുകയായിരുന്നു. പിന്നീട് രോഗനിര്‍ണയം നടത്തിയപ്പോഴേക്കും അര്‍ബുദം ചികിത്സിച്ച് മാറ്റാനാകാത്ത വിധം പടര്‍ന്നിരുന്നു. 

 

അലക്സാന്‍ഡ്രയുടെയും സാറയുടെയും കേസുകളാണ് സ്തനത്തിനുണ്ടാകുന്ന വേദന  മാത്രമായ  ലക്ഷണത്തെ അവഗണിക്കാന്‍ സാധിക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.  ഇവരുടെ കേസുകള്‍ അത്യപൂര്‍വമായ സംഗതിയാണെന്നും സ്ത്രീകള്‍ക്കുണ്ടാകുന്ന സ്തനങ്ങളിലെ വേദന വളരെ സാധാരണമാണെന്നും ഡോ. ലിസ് ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 70 ശതമാനം സ്ത്രീകള്‍ക്കും മസ്റ്റാള്‍ജിയ എന്നറിയപ്പെടുന്ന ഈ വേദന ഏതെങ്കിലും ഘട്ടത്തിലൊക്കെ ഉണ്ടായിട്ടുണ്ടാകാം. ആര്‍ത്തവം ആദ്യമായി തുടങ്ങുമ്പോഴോ, ഗര്‍ഭകാലത്തോ, മാസമുറയുടെ സമയത്തോ, ആര്‍ത്തവവിരാമത്തോട് അടുപ്പിച്ചോ ഒക്കെ ഇത്തരം വേദനകള്‍ പ്രത്യക്ഷമാകാം. 

 

പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഇത്തരം വേദന രണ്ട് സ്തനങ്ങളിലും അനുഭവപ്പെടാം. ചിലര്‍ക്ക് അര്‍ബുദത്തിന്‍റെ ഭാഗമല്ലാത്ത ചില മുഴകള്‍ കൊണ്ടും വേദനയുണ്ടാകാം. സ്തനങ്ങള്‍ക്കുണ്ടാകുന്ന അണുബാധകളുടെ ഭാഗമായും വേദനയുണ്ടാകാം. ഇത് പലപ്പോഴും മുലയൂട്ടുമ്പോഴാണ് വരാറുള്ളത്. വേദനയ്ക്കൊപ്പം സ്തനങ്ങള്‍ ചുവക്കുകയും നീരുവയ്ക്കുകയും ചെയ്യും. ആന്‍റിബയോട്ടിക് ചികിത്സയിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്. പഴുപ്പ് കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് പൊട്ടിച്ചു കളയാന്‍ ചെറിയ ശസ്ത്രക്രിയയും വേണ്ടി വന്നേക്കാം. ഇത്തരത്തിലുണ്ടാകുന്ന വേദനയ്ക്ക് ചികിത്സ തേടി, ആന്‍റിബയോട്ടിക്കുകള്‍  കഴിച്ച ശേഷവും വേദനയും ചുവപ്പും നീര്‍ക്കെട്ടും മാറുന്നില്ലെങ്കില്‍ സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണെന്ന് ഡോ. ലിസ് പറയുന്നു. 

 

ഏതെങ്കിലും ഒരു സ്തനത്തിന് ഒരു മാസത്തിലധികമായി അനുഭവപ്പെടുന്ന വേദനയും അര്‍ബുദ പരിശോധന ആവശ്യപ്പെടുന്ന ലക്ഷണമാണെന്നും ഡോ. ലിസ് ചൂണ്ടിക്കാട്ടി. രണ്ട് സ്തനങ്ങളിലും മൂന്ന് മാസത്തില്‍ അധികമായി തുടരുന്ന, വേദനസംഹാരിക്കും മാറ്റാന്‍ കഴിയാത്ത വേദന ഉറക്കത്തെയും ജീവിതനിലവാരത്തെയും ബാധിക്കാന്‍ തുടങ്ങിയാല്‍ തീര്‍ച്ചയായും അര്‍ബുദ പരിശോധനയ്ക്ക് വിധേയമാകണം.

 

നല്ല സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ഉപയോഗിക്കുന്നത് വഴി പല സ്ത്രീകളിലും കാണപ്പെടുന്ന സ്തനങ്ങളിലെ വേദനയ്ക്ക് ശമനമുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബ്രാ ധരിക്കുന്നത് പേശികള്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കും. വലിയ സ്തനങ്ങളുള്ളവര്‍ രാത്രി കാലങ്ങളിലും മൃദുവായ ബ്രാ ധരിക്കുന്നത് ഗുണം ചെയ്യുമെന്ന് ഡോ. ലിസ് കൂട്ടിച്ചേര്‍ത്തു.

English Summary : Breast cancer symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com