ADVERTISEMENT

 

പ്രിയപ്പെട്ട ഡോക്ടർ, 25 വയസ്സുള്ള ഞാൻ ആറു മാസം ഗർഭിണിയാണ്. വയറ്റിലെ ചൊറിച്ചിലാണ് എന്റെ പ്രശ്നം. ഇതു മൂലം സ്ട്രെച്ച്മാർക്ക് ഉണ്ടാകുമോ? ഈ ചൊറിച്ചിലിന് എന്തെങ്കിലും പരിഹാരമുണ്ടോ ഡോക്ടർ?

 

പലകാരണങ്ങൾകൊണ്ടും ശരീരത്തിൽ സ്ട്രെച്ച് മാർക്ക് ഉണ്ടാകാം. പെട്ടെന്ന് തടികൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ചർമത്തിലുണ്ടാകുന്ന ചെറിയ വിടവുകളുടെ പാടുകളാണിത്. ഗർഭകാലത്തും കൗമാരത്തിന്റെ തുടക്കകാലത്തുമാണിത് കൂടുതലായി കാണുന്നത്. വയറിലും തുടകളിലും അരയിലും കൈകളുടെ മുകൾഭാഗത്തുമൊക്കെയാണ് സാധാരണയായി ഈ മാർക്കുകൾ കാണുന്നത്. 

 

ഗർഭകാലത്ത് വയറിലുണ്ടാകുന്ന ചൊറിച്ചിലും സ്ട്രെച്ച് മാർക്കും സാധാരണമാണ്. ഓരോ മാസം കഴിയുന്തോറും വയർ കൂടുതൽ വലുതാകുകയും ചർമത്തിൽ ചെറിയ ക്രാക്കുകൾ സംഭവിക്കുകയും െചയ്യുമ്പോഴാണ് സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നത്. വരണ്ട ചർമമുള്ളവർക്ക് ഇതിനു സാധ്യത കൂടുതലാണ്. പ്രസവശേഷമാണ് സാധാരണ എല്ലാവരും സ്ട്രെച്ച് മാർക്കിന് പരിഹാരമന്വേഷിച്ചു വരാറുള്ളത്. എന്നാൽ ഗർഭകാലത്തിന്റെ തുടക്കത്തിൽ തന്നെ അതിന് പ്രതിവിധി തേടുന്നതാണു നല്ലത്. 

 

കുളി കഴിഞ്ഞാൽ ഉടൻ വയറിൽ മോയിസ്ചറൈസർ പുരട്ടുന്നതു നല്ലതാണ്. വെളിച്ചെണ്ണയോ അലോവേര ക്രീമോ ഉപയോഗിക്കാവുന്നതാണ്. ചൊറിച്ചില്‍ കൂടുതലാണെങ്കിൽ ഐസ് പാക്ക് വയറിൽ വയ്ക്കാം. രണ്ടു മൂന്ന് മിനിറ്റോളം വയ്ക്കുമ്പോൾത്തന്നെ ചൊറിച്ചിൽ കുറയും. പിന്നീട് ക്രീമോ വെളിച്ചെണ്ണയോ പുരട്ടുക. ഐസ്പാക്കിനു പകരം ലാക്ടോകലാമിനും ഉപയോഗിക്കാം. 

 

ചൊറിയാനുള്ള പ്രവണതയുണ്ടാകുമെങ്കിലും ചൊറിയാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം, ചൊറിയുമ്പോൾ വയറിൽ കൂടുതൽ മുറിവുകളും സ്ട്രെച്ച് മാർക്കുകളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. മുറിവുകളുണ്ടായാൽ അത് ഇന്‍ഫെക്‌ഷൻ ആകാനും സാധ്യതയുണ്ട്. പപ്പ് (PUPPP)എന്ന അവസ്ഥയിലും ചൊറിച്ചിൽ ഉണ്ടാകും. ചൊറിച്ചിലിനോടൊപ്പം ചെറിയ ചുവപ്പു നിറത്തിലുള്ള കുരുക്കളും ഉണ്ടാകാം. ഇത് ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ഒരു രോഗമാണ്. ഇതിന് ചികിത്സ തേടണം. ഒബ്സ്ട്രെക്ടിവ് കോളിസ്റ്റേസിസ് എന്ന സീരീസ് ആയ അവസ്ഥയും ചൊറിച്ചിലിന് കാരണമാകാറുണ്ട്. ഇത് കരളിനെ ബാധിക്കുന്നതാണ്. ഉള്ളംകയ്യിലും ഉള്ളംകാലിലും രാത്രികാലങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടാം. പിന്നീട് ഇത് ദേഹമാസകലം പടർന്നേക്കാം. ചൊറിച്ചിൽ കൂടുതലാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കാണുക. ഗൈനക്കോളജിസ്റ്റ് നിർദേശിക്കുന്നതാണെങ്കിൽ ഡെർമറ്റോളജിസ്റ്റിനെയോ കരളിന്റെ ഡോക്ടറെയോ കാണേണ്ടി വരും.

English Summary : Itching in pregnancy; Reasons and Prevention tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com