ADVERTISEMENT

നമ്മുടെയെല്ലാം പ്രിയപ്പെട്ട പാനീയങ്ങളാണ് ചായയും കാപ്പിയും. എന്നാൽ കുട്ടിയായിരിക്കുമ്പോൾ രക്ഷിതാക്കൾ നമുക്ക് ചായയോ കാപ്പിയോ അല്ല പകരം ഒരു ഗ്ലാസ് പാൽ ആണ് നൽകിയിരുന്നത്. ഇതിനു പിന്നിൽ ഒരു കാരണമുണ്ട്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. 

 

തേയില, കൊക്കോക്കുരു, കാപ്പിക്കുരു ഇവയിലെല്ലാം കഫീൻ ഉണ്ട്. കൂടാതെ ഐസ്ക്രീം, ചില പ്രോട്ടീന്‍ ഷേക്കുകൾ, എനർജി ബാർ ഇവയിലെല്ലാം കഫീൻ ചേർക്കാറുണ്ട്. ലോകത്ത് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന സൈക്കോ സ്റ്റിമുലന്റ് ആണ് കഫീൻ എന്ന് പഠനങ്ങളും പറയുന്നു. നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്ന ഒന്ന് ആണ് സൈക്കോസ്റ്റിമുലന്റുകള്‍. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ, കൂടാതെ ഹൃദയാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഇവരൊക്കെ കഫീൻ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. 

 

പ്രോട്ടീൻ ഷേക്കിൽ വെറും ഒരു ടീസ്പൂൺ കഫീൻ പൗഡർ ചേർത്തു കഴിച്ചതു മൂലം 21–ാം വയസ്സിൽ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു പോയ, ഓസ്ട്രേലിയൻ സംഗീതജ്ഞൻ ലച്‌ലാൻ ഫുട്ടിനെപ്പറ്റി േകട്ടിട്ടുണ്ടോ? തന്റെ 22–ാം പിറന്നാളിനു തലേന്ന് കഫീൻ ടോക്സിസിറ്റി മൂലമാണ് ലച്‌ലാൻ മരണമടയുന്നത്. പ്രോട്ടീൻ ഷേക്കിൽ അബദ്ധത്തിൽ കൂടിയ അളവിൽ കഫീൻ പൗഡർ ചേർത്തതാണ് മരണകാരണം. വെറും ഒരു ടീസ്പൂൺ കഫീൻ പൗഡർ 50 കപ്പ് കാപ്പിക്ക് തുല്യമാണ്. ഇത് ഹൃദയമിടിപ്പിനെയും രക്തസമ്മർദത്തെയും എല്ലാം ദോഷകരമായി ബാധിക്കും.

 

കുട്ടികൾ കഫീൻ ഉപയോഗിച്ചാല്‍

 

കഫീൻ കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാണ് എന്ന് യുഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വളരെ പെട്ടെന്നു തന്നെ ഇത് ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കും. 

 

1. തലച്ചോറിന്റെ ആരോഗ്യം : പ്രാഥമികമായി തലച്ചോറിനെയും മറ്റ് അവയവങ്ങളെയും കഫീൻ ബാധിക്കുന്നു. പരിഭ്രമവും പരിഭ്രാന്തിയും അസ്വസ്ഥതയും ഇതിന്റെ പാർശ്വഫലങ്ങളാണ്. 

 

2. രക്തസമ്മർദം: 8 മുതൽ 9 വയസ്സ് ആയ കുട്ടികളിലും 15 മുതൽ 17 വയസ് വരെ ഉള്ളവരിലും കഫീന്റെ ഉപയോഗത്തെക്കുറിച്ച് പീഡിയാട്രിക്സ് ജേണലിൽ 2014 ൽ ഒരു പഠനം പ്രസിദ്ധീകരിച്ചു. പഠനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളുടെയും രക്തസമ്മർദവും ഹൃദയമിടിപ്പിന്റെ നിരക്കും വ്യത്യാസപ്പെട്ടു. കഫീൻ രക്തസമ്മർദം കൂട്ടുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കുകയും ചെയ്തു. കഫീന്റെ അളവ് കൂടുമ്പോൾ ഹൃദയമിടിപ്പിന്റെ നിരക്കും കൂടുന്നതായും കണ്ടു. 

 

3. ദഹനം: കഫീന്റെ ഉപയോഗം കുട്ടികളിൽ ഉദരപ്രശ്നങ്ങൾ ഉണ്ടാക്കും. കൂടിയ അളവിൽ ഉപയോഗിച്ചാൽ ഓക്കാനം, ഛർദി, അതിസാരം ഇവ കുട്ടിക്കുണ്ടാകാം. 

 

4. ഉറക്കം, ശ്രദ്ധ: ഭക്ഷണത്തിൽ കഫീൻ കൂടുതൽ ഉപയോഗിക്കുന്ന കുട്ടികളിൽ ഉറക്കപ്രശ്നങ്ങള്‍ ഉണ്ടാകുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുകയും ചെയ്യും. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, അസ്വസ്ഥത, ഹൃദയമിടിപ്പിന്റെ നിരക്കു വ്യത്യാസപ്പെടുക തുടങ്ങിയവയും ഉണ്ടാകും. 

 

5. കഫീൻ ടോക്സിസിറ്റി: കൂടിയ അളവില്‍ കഫീൻ ഉള്ളിൽ ചെന്നാൽ ഹൃദയസ്തംഭനം വരെ ഉണ്ടാകാം. മുതിർന്നവർ 10 ഗ്രാമിലധികം കഫീൻ ഉപയോഗിച്ചാൽ അപൂർവമായി മരണം പോലും സംഭവിക്കാം എന്ന് ഫുഡ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. 

 

കുട്ടികൾക്ക് എന്ന് കൊടുക്കാം ചായയും കാപ്പിയും?

 

വളരുന്ന പ്രായത്തിൽ ചായ, കാപ്പി, സോഡ, എനർജി ഡ്രിങ്ക്സ് ഇതൊന്നും കുട്ടികൾക്ക് നൽകരുത്. 73 ശതമാനം കുട്ടികളും കഫീൻ ഉപയോഗിക്കുന്നതായി പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സോഡയിൽ നിന്നാണ് ഭൂരിഭാഗം അളവിൽ കഫീൻ കിട്ടുന്നത്. ചായയും പൊതുവെ കുട്ടികൾക്ക് സുരക്ഷിതമല്ല. ഒരു കപ്പ് ചായയിൽ 47 മി.ഗ്രാം കഫീൻ ഉണ്ട്.

 

12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ കഫീൻ ഒട്ടും ഉപയോഗിക്കരുത്. 

 

12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ 85 മുതൽ 100 മി. ഗ്രാമിൽ അധികം ആകാൻ പാടില്ല. അതായത് രണ്ടു കപ്പ് ചായയിൽ അധികം കുടിക്കരുത് എന്ന് സാരം.

English Summary : Tea and coffee is bad for children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com