സസ്യഭക്ഷണം ആയുര്‍ദൈര്‍ഘ്യം വർധിപ്പിക്കുമെന്ന് ഗവേഷകർ
Mail This Article
സസ്യഭക്ഷണം ശീലമാക്കിയാൽ ഏതു പ്രായക്കാരുടെയും ആയുര്‍ദൈര്‍ഘ്യം ഗണ്യമായി വർധിപ്പിക്കാമെന്ന് നോര്‍വേയിലെ ബെര്‍ഗെന്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം പറയുന്നു. ഇരുപത് വയസ്സ് മുതല്‍ സസ്യഭക്ഷണം കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 13 വര്‍ഷവും സ്ത്രീകളുടേത് ശരാശരി 11 വര്‍ഷവും വർധിപ്പിക്കാമെന്നാണ് പഠനഫലത്തിലുള്ളത്.
സസ്യാഹാരത്തിലേക്കു തിരിയുന്ന അറുപതുകളിലുള്ളവര്‍ക്ക് ശരാശരി എട്ടു വര്‍ഷം കൂടി ആയുര്‍ദൈര്‍ഘ്യം വർധിപ്പിക്കാമെന്നും ഗവേഷകര്‍ പറയുന്നു. ഗവേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഫുഡ് ഫോർ ഹെല്‍ത്തിലൈഫ് കാല്‍ക്കുലേറ്റര്‍ എന്ന ഒരു മോഡലും ഗവേഷകര്‍ പുറത്തിറക്കി. ഓണ്‍ലൈനില്‍ ലഭ്യമായ ഈ ടൂള്‍ വിവിധ ഭക്ഷണങ്ങളുടെ തിരഞ്ഞെടുപ്പ് ആരോഗ്യത്തിലുണ്ടാക്കുന്ന സ്വാധീനം വെളിപ്പെടുത്തും. ഡയറ്റീഷന്മാര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഇത് ഉപയോഗപ്പെടുത്താം.
കൂടുതല്‍ പയര്‍വര്‍ഗങ്ങള്‍, ഹോള്‍ ഗ്രെയിനുകള്‍, നട്സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും റെഡ് മീറ്റ്, സംസ്കരിച്ച മാംസം തുടങ്ങിയവ കുറയ്ക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ജീവിതശൈലിയിലെ മാറ്റം ഏത് പ്രായത്തില്‍ വരുത്തിയാലും അതിന്‍റെ ഗുണഫലം ലഭിക്കുമെന്ന് ഗവേഷണം അടിവരയിടുന്നതായി ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.
Content Summary : Vegetarianism may increase longevity