നടക്കുമ്പോൾ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടോ? കാരണങ്ങള്‍ ഇവയാകാം
Mail This Article
ഏതാനും ചുവടുകള്‍ നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ പെട്ടെന്ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ടോ? പലരും ഇത് ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് കരുതി സ്വയം ചികിത്സ ആരംഭിക്കാറുണ്ട്. എന്നാല്‍ ശ്വാസംമുട്ടല്‍ വൈദ്യശാസ്ത്രപരവും അല്ലാത്തതുമായ പല കാരണങ്ങള്‍ കൊണ്ടാകാം. ഇത് അറിയാതെയുള്ള ചികിത്സകള്‍ ഫലം ചെയ്യില്ല.
ഉയരമുള്ള സ്ഥലങ്ങളില്‍ എത്തുമ്പോഴോ, വായുവിന്റെ നിലവാരം മോശമാകുമ്പോഴോ, താപനില വല്ലാതെ കൂടുമ്പോഴോ, അമിതമായ അധ്വാനത്തില്‍ ഏര്‍പ്പെടുമ്പോഴോ ഒക്കെ ഇത്തരത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടാം. ഇത് കൂടാതെ ചില അലര്‍ജികള്‍, ആസ്മ, ഹൃദ്രോഗം, പള്‍മനറി രോഗങ്ങള്‍, ന്യുമോണിയ, അമിതവണ്ണം, ക്ഷയം പോലുള്ള വൈദ്യശാസ്ത്രപരമായ കാരണങ്ങളും ശ്വാസംമുട്ടലിന് കാരണമാകാം. കോവിഡ് രോഗവും പലരിലും ശ്വാസംമുട്ടലിന് പിന്നീട് കാരണമാകുന്നുണ്ട്. തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ് പോലുള്ള കോവിഡ് ലക്ഷണങ്ങളും ശരിയായ ശ്വാസോച്ഛാസത്തെ തടസ്സപ്പെടുത്തും.
ശ്വാസംമുട്ടലിന്ന് പിന്നിലുള്ള കാരണങ്ങള്‍ കൃത്യ സമയത്ത് കണ്ടെത്തി പരിഹാരിക്കാതിരിക്കുന്നത് ഭാവിയില്‍ ശ്വാസകോശവും, ഹൃദയവും വൃക്കകളും പേശികളുമായിട്ട് ബന്ധപ്പെട്ട പല പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് അഹമ്മദാബാദ് അപ്പോളോ ആശുപത്രിയിലെ കണ്‍സല്‍റ്റന്റ് പള്‍മനോളജിസ്റ്റ് ഡോ. കശ്മീര ഝാല പറയുന്നു. ശ്വാസകോശത്തിന്റെ ശേഷി അളക്കാന്‍ പള്‍മനറി ലങ് ഫങ്ഷന് ടെസ്റ്റ് പോലുള്ള പരിശോധനകള്‍ നടത്താം.
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം നെഞ്ചുവേദന, നെഞ്ചിന് ഭാരം, വലിവ്, ചുമ, രാത്രിയില്‍ ഞെട്ടി എഴുന്നേല്ക്കല്, കൂര്‍ക്കംവലി, കാലുകളില്‍ എഡിമ, ക്ഷീണം പോലുള്ള ലക്ഷണങ്ങളും അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടാന്‍ വൈകരുതെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Cntent Summary : Feel breathless while walking?