ADVERTISEMENT

മെമ്മറി ടി കോശങ്ങളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം വ്യക്തമായ ജനിതക അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ടെന്ന് കലിഫോര്‍ണിയ ലാ ജോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ ജീനുകളെ ലക്ഷ്യം വയ്ക്കുന്നത് പാര്‍ക്കിന്‍സണ്‍സ് രോഗ നിര്‍ണയത്തിലും ചികിത്സയിലും വഴിത്തിരിവാകുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. എന്‍പിജെ പാര്‍ക്കിന്‍സണ്‍സ് ഡിസീസ് ജേണലിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. 

 

സാധാരണ ഗതിയില്‍ ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി പാര്‍ക്കിന്‍സണ്‍സിനെ കാണാറില്ലെങ്കിലും ടി കോശങ്ങള്‍ക്ക് ഇതില്‍ ഒരു മുഖ്യ പങ്കുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ റിസര്‍ച്ച് അസിസ്റ്റന്‍റ് പ്രഫസര്‍ സെസിലിയ ലിന്‍ഡര്‍സ്റ്റാം അര്‍ലെഹാം പറയുന്നു. ആന്‍റിബോഡി തെറാപ്പികള്‍ ഉപയോഗിച്ച് ആദ്യ ഘട്ടങ്ങളില്‍ തന്നെ നടത്തുന്ന ഇടപെടല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം പുരോഗമിക്കാതിരിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

 

ഡോപ്പമിന്‍ ഉത്പാദിപ്പിക്കുന്ന തലച്ചോറിലെ നാഡീകോശങ്ങള്‍ നശിക്കുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ച്ഛിക്കുന്നത്. പക്ഷേ, ഈ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നത് എന്താണെന്നതിനെ പറ്റി ശാസ്ത്രലോകത്തിന് അറിവില്ല. എന്നാല്‍ ഇത്തരത്തില്‍ നശിക്കുന്ന കോശങ്ങളില്‍ കാണപ്പെടുന്ന ആല്‍ഫ-സൈനുക്ലിന്‍ എന്ന പ്രോട്ടീന്‍റെ നാശം ചില സൂചനകള്‍ ഇതേ കുറിച്ച് നല്‍കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവരുടെ ടി കോശങ്ങള്‍ ആല്‍ഫ-സൈനുക്ലിനെ ലക്ഷ്യമിടുന്നതായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

 

ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ തന്നെ നശിപ്പിക്കുന്ന, സ്വയം ഉത്തേജിതമാകുന്ന ടി കോശങ്ങൾ  നാഡീകോശങ്ങളെയും നശിപ്പിക്കാമെന്ന നിഗമനത്തിലേക്കാണ് ഗവേഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇത്തരത്തില്‍ നാഡീകോശങ്ങളെ ആക്രമിക്കുന്ന ടി കോശങ്ങള്‍ക്ക് ഒരു പ്രത്യേക ജനിതക അടയാളമുണ്ടെന്നും അവയെ കണ്ടെത്തി ആന്‍റിബോഡി തെറാപ്പി ഉപയോഗിച്ച് തടയാന്‍ സാധിച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം പുരോഗമിക്കാതെ തടയാന്‍ സാധിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary : Scientists discover new targets for Parkinson's treatments, diagnostics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com