ലൈംഗികമായി പകരുന്ന രോഗങ്ങള്‍: മറഞ്ഞിരിക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
Mail This Article
ലൈംഗിക ബന്ധത്തിലൂടെ മാത്രം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങളെയാണ് എസ്ടിഡികള്‍ അഥവാ സെക്‌ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസസ് എന്നു പറയുന്നത്. സിഫിലിസ്, ഗൊണേറിയ, ക്ലമൈഡിയ, എച്ച്ഐവി എയ്ഡ്സ്, പ്യൂബിക് ലൈസ്, ട്രിക്കോമോണിയാസിസ് എന്നിങ്ങനെ പല തരത്തിലുള്ള എസ്ടിഡികളുണ്ട്.
ഇത്തരം രോഗങ്ങളുടെ പലരും അവഗണിക്കാന്‍ സാധ്യതയുള്ള ചില ലക്ഷണങ്ങളെ പരിചയപ്പെടാം
1. ചുവന്ന ഒട്ടിപിടിക്കുന്ന കണ്ണുകള്‍
കണ്ണുകള്‍ ചുവക്കുന്നതും ഒരുതരം ദ്രാവകം നിറഞ്ഞ് ഒട്ടിപിടിക്കുന്നതു പോലെ തോന്നുന്നതും ചിലപ്പോള്‍ ഗൊണേറിയയുടെയോ ക്ലമൈഡിയയുടെയോ ലക്ഷണമാകാം. സിഫിലിസും കണ്ണുകളെ ആക്രമിച്ച് കണ്ണിന് ചുവപ്പും ചൊറിച്ചിലും കാഴ്ച പ്രശ്നങ്ങളുമുണ്ടാക്കാം. ഇതിനൊപ്പം ക്ഷീണം, ചെറിയ പനി, ചര്‍മത്തില്‍ തിണര്‍പ്പുകള്‍ എന്നിവയും ഉണ്ടാകാം.
2. മുടി കൊഴിച്ചില്‍
സിഫിലിസിന്‍റെ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണമാണ് മുടികൊഴിച്ചില്‍. രോഗം പിടിപെട്ട് ഏതാനും മാസങ്ങള്‍ മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷണം കണ്ടു തുടങ്ങാം. തലയിലെ മാത്രമല്ല കക്ഷത്തിലെയും കണ്‍പീലികളിലെയും കൈകാലുകളിലെയുമൊക്കെ രോമം ഇതിന്‍റെ ഭാഗമായി കൊഴിഞ്ഞു പോകാം.
3. സന്ധി വേദന
കൈക്കുഴ, കാല്‍ക്കുഴ എന്നിങ്ങനെ പ്രധാന സന്ധി ഭാഗങ്ങളില്‍ വേദനയോടു കൂടിയ നീര്‍ക്കെട്ട് ക്ലമൈഡിയയുടെ ലക്ഷണമാകാം. ഗോണേറിയ ബാധിച്ചവരിലും ചിലപ്പോള്‍ സന്ധി വേദനയും സന്ധികളില്‍ ചുവന്ന നിറത്തിലുള്ള നീര്‍ക്കെട്ടും വേദനയുമൊക്കെ ഉണ്ടാകാം. ഇവയെല്ലാം ഉടനടി ചികിത്സ തേടേണ്ട ലക്ഷണങ്ങളാണ്. പെന്‍സിലിന്‍ കണ്ടെത്തും മുന്‍പ് സിഫിലിസ് മൂലം സന്ധികള്‍ നശിച്ച് പോകുന്നത് അതിസാധാരണമായിരുന്നു. ഇപ്പോള്‍ ഇത് അപൂര്‍വമായി മാത്രം നടക്കുന്നു.
4. മലദ്വാരത്തിലെ മുഴകള്‍
മലദ്വാരത്തിന് ചുറ്റും കുരുക്കളും മുഴകളുമൊക്കെ പ്രത്യക്ഷപ്പെടുന്നത് പൈല്‍സിന്‍റെ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ എസ്ടിഡികള്‍ മൂലവും ഇത് സംഭവിക്കാമെന്നതിനാല്‍ അടിയന്തര ചികിത്സ തേടേണ്ടതുണ്ട്.
Content Summary : Sexually transmitted infections: Hidden symptoms that should never be ignored