ADVERTISEMENT

ലോകാരോഗ്യ ദിനത്തിൽ മലയാള മനോരമയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ജില്ലാ കമ്മിറ്റിയും ചേർന്ന് വായനക്കാർക്കായി നടത്തിയ ഫോൺ ഇൻ‍ പരിപാടിയിലേക്ക് വിളിച്ചത് ഒട്ടേറെപ്പേർ. നെഞ്ചുരോഗ വിദഗ്ധനും ഐഎംഎ ജില്ലാക്കമ്മിറ്റി ചെയർമാനുമായ ഡോ. പി.സുകുമാരൻ, ശിശുരോഗ വിദഗ്ധൻ ഡോ. ടി.എസ്. സക്കറിയാസ്, ലാപ്രോസ്കോപിക് സർജനും ഐഎംഎ കോട്ടയം ചാപ്റ്റർ പ്രസി‍ഡന്റുമായ ഡോ. ബിബിൻ പി. മാത്യു എന്നിവർ നൽകിയ ഉത്തരങ്ങളിൽ നിന്ന്.

കോവിഡ് വന്നു പോയി. അതിനു ശേഷം പല വിധ പ്രശ്നങ്ങൾ നേരിടുന്നു. അൽപം നടക്കുമ്പോഴും ഭാരം ഉയർത്തുമ്പോഴും ഹൃദയം ചെണ്ട പോലെയിടിക്കുന്നു; കോവി‍‍ഡിനെ തുടർന്നുള്ള ഇത്തരം പ്രശ്നങ്ങളാണ് ഫോൺ ഇൻ പരിപാടിയിലേക്കു വിളിച്ചവരിൽ കൂടുതൽ പേരും പങ്കുവച്ചത്. നടക്കുമ്പോഴും കയറ്റം കയറുമ്പോഴും ഹൃദയം ക്രമാതീതമായി മിടിക്കുക, ഭാരമുള്ള വസ്തുക്കൾ എടുക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും വേദന വരികയും ചെയ്യുക, നെഞ്ചിൽ കുത്തൽ, കടുത്ത ശ്വാസംമുട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകളെപ്പറ്റിയും ഫോൺ വിളിച്ചവർ ഡോക്ടർമാരുടെ സംഘത്തോടു പറഞ്ഞു. 

 

ഹൃദയ ശസ്ത്രക്രിയ നടത്തി. അതിനു ശേഷം സൂചി കൊണ്ട് കുത്തുന്ന പോലുള്ള വേദന കുറച്ചു നാളത്തേക്കു തുടരാറുണ്ട് ?

∙ നെഞ്ചെല്ല് തുറന്നു ചെയ്യുന്ന സർജറി ആയതിനാൽ കുറച്ചു നാളത്തേക്കു മുറിവിന്റെ ഭാഗത്ത് സൂചി കൊണ്ട് കുത്തിപ്പറിക്കുന്ന പോലെ വേദനയും മറ്റും ഉണ്ടാകാം. എന്നാൽ നെ‍ഞ്ചിൽ ഭാരം കയറ്റി വച്ചതു പോലുള്ള വേദന ദീർഘകാലത്തേക്ക് നിലനിൽക്കുകയും കൈകളിലേക്കു പടരുകയും ചെയ്യുകയാണെങ്കിൽ കൂടുതൽ പരിശോധന ചെയ്യണം.

 

ഒരാൾക്ക് ദിവസം എത്രത്തോളം വെള്ളം കുടിക്കാം. അമിതമായി വെള്ളം കുടിയ്ക്കാൻ തോന്നുന്നത് രോഗലക്ഷണമാണോ?

∙ വ്യക്തിയുടെ ഭാരത്തിന് അനുസരിച്ച് വെള്ളംകുടി ക്രമീകരിക്കാം. 25 കിലോയ്ക്ക് ഒരു ലീറ്റർ എന്ന തോതിൽ വെള്ളം കുടിക്കാം. ശരീര ഭാരത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് അതിൽ ചെറിയ മാറ്റം സംഭവിക്കാം. എന്നാൽ എപ്പോഴും ദാഹിക്കുകയും ക്രമാതീതമായി വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതു പലപ്പോഴും പ്രമേഹം, കൊളസ്ട്രോൾ കൂടുക തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാം. 

ഹൃദയാഘാതം വന്നാൽ അതിനു ശേഷം ശ്രദ്ധിക്കേണ്ടത് എന്തൊക്കെ. ?

∙ഒരിക്കൽ ആൻജിയോപ്ലാസ്റ്റി ചെയ്താൽ ഹൃദയത്തിനു മറ്റു കുഴപ്പങ്ങൾ ഉണ്ടാവില്ലെന്ന് വിചാരിച്ച് ഉദാസീനത അരുത്. ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിലൂടെ ആ ഭാഗത്തെ തടസ്സം മാറ്റുന്നുവെന്ന് മാത്രമാണ്; അസുഖം പൂർണമായി മാറി എന്നല്ല. ഹൃദയത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രശ്നങ്ങൾ വരാം. മരുന്നു കഴിക്കുന്നതിലും ജീവിതശൈലിയിലും ശ്രദ്ധ പുലർത്തണം. ആൻജിയോപ്ലാസ്റ്റിക്കു ശേഷം തുടർച്ചയായി നീണ്ടുനിൽക്കുന്ന വേദന അനുഭവപ്പെട്ടാൽ ഹൃദ്രോഗ വിദഗ്ധനെ കാണാൻ വൈകരുത്. ഹൃദയത്തിന്റെ മറ്റു ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞ് തടസ്സം ഉണ്ടാകാം. രണ്ടാമതും ലക്ഷണങ്ങളും വേദനയും ഉണ്ടെങ്കിൽ തീർച്ചയായും പരിശോധന വേണം. ശക്തമായ കാൽവേദന കൊണ്ട് നിൽക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ. തുടയ്ക്കു താഴോട്ട് കാൽ അറ്റു പോകുന്ന പോലുള്ള വേദന വരുന്നത് എന്തുകൊണ്ടാവാം?

കാലിലേക്കുള്ള രക്തയോട്ടം കുറയുന്നത്, ധമനികളിലെ തടസ്സം, വെരിക്കോസ് വെയ്ൻ എന്നിവ മൂലമാകാം വേദനയുണ്ടാകുന്നത്. 

   നട്ടെല്ലിൽ നിന്നു കാലിലേക്കുള്ള ‍സിരകളിൽ പ്രശ്നങ്ങളുണ്ടാകാം. കുറച്ചു നടന്നതിനു ശേഷം കാലുകൾക്ക് വേദന വരുന്നത് ഇതിന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ വൈദ്യസഹായം തേടാവുന്നതാണ്.

കോവിഡ് വന്നു പോയി. വ്യായാമം വീണ്ടും തുടങ്ങുമ്പോൾ ശരീര വേദന അടക്കം ബുദ്ധിമുട്ടുകൾ തോന്നുന്നു?

∙ കോവി‍ഡ് വന്നതിനു ശേഷം മൂന്ന് മാസത്തേക്ക് എങ്കിലും കഠിന വ്യായാമങ്ങൾ ഒഴിവാക്കാം. പടിപടിയായി വേണം വ്യായാമങ്ങളുടെ ഗ്രേഡ് ഉയർത്തിക്കൊണ്ടു വരാൻ. ശ്വാസംമുട്ടലോ ശക്തമായ കിതപ്പോ ക്ഷീണമോ തോന്നിയാൽ വ്യായാമം ഉടൻ നിർത്തി വിശ്രമിക്കണം.  കോവിഡനന്തര രോഗലക്ഷണങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്. ചെറുവ്യായാമങ്ങൾ, യോഗ എന്നിവ ചെയ്ത് പതിയെ ആരോഗ്യപരമായ ജീവിതശൈലിയിലേക്കു തിരികെവരാം.

 കുട്ടികളിൽ അമിതവണ്ണം കാണുന്നു. എന്തു ചെയ്യണം ?

∙ ഭക്ഷണക്രമത്തിലെ പ്രശ്നങ്ങളും ജീവിതശൈലിയും കൊണ്ട് കുട്ടികളിൽ അമിതവണ്ണം കൂടുന്നു. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നതും വ്യായാമം കുറയുന്നതുമാണ് കാരണങ്ങൾ. അമിതവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് ജീവിതശൈലീ രോഗങ്ങൾക്കു വഴിയൊരുക്കും. 

മുതിർന്നിട്ടും കുട്ടികളെ പോലെ കുത്തിവയ്പ് പേടിയാണ്. പേടി എങ്ങനെ മാറ്റാം?

∙ ആളുകളിൽ പല തരത്തിലുള്ള പേടി കണ്ടുവരാറുണ്ട്. ചെറുപ്പത്തിലോ മറ്റോ മനസ്സിൽ തട്ടിയ എന്തെങ്കിലും ഭീതി തുടരുന്നതാകാം. പലർക്കും പല വസ്തുക്കളോടും അവസ്ഥകളോടും പേടി ഉണ്ടാകാം. പരിഭ്രമിക്കേണ്ടതില്ല.

മൂത്രത്തിലൂടെ പ്രോട്ടീൻ പോകുന്ന അവസ്ഥയ്ക്ക് എന്തു ചെയ്യണം?

∙പ്രമേഹരോഗികളുടെ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പ്രമേഹം എല്ലാ അവയവങ്ങളേയും ബാധിക്കും. വൃക്കയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമ്പോൾ ആണ് മൂത്രത്തിലൂടെ ആൽബുമിൻ പോലുള്ള വസ്തുക്കൾ പുറത്തേക്കു പോകുന്നത്. 

ഒന്നോ രണ്ടോ വർഷം ഇടവിട്ട് കൃത്യമായ പരിശോധന നടത്തേണ്ടതാണ്.  വൃക്ക രോഗ വിദഗ്ധരെ കണ്ട് ചികിത്സ തേടണം.

ഡോക്ടർമാരുടെ നിർദേശങ്ങൾ 

  • കഠിനമായ ജോലികളിലേക്ക് ഒറ്റയടിക്കു കടക്കുന്നതിനു പകരം പടിപടിയായി ചെയ്യുക.
  • ഇടവേളകളിൽ ആവശ്യത്തിന് വിശ്രമം എടുക്കാൻ ശ്രദ്ധിക്കുക.
  • കോവി‍‍ഡനന്തര രോഗലക്ഷണങ്ങൾ ഉള്ളവർ ജനറൽ ചെക്കപ്പ് നടത്തണം.
  • സമീകൃതാഹാരം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
  • കോവിഡ് ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പുകവലി പൂർണമായും ഒഴിവാക്കണം.
  • വ്യായാമം ചെയ്യാൻ ശ്രമിക്കാം, എന്നാൽ നടത്തം, നീന്തൽ മുതലായ എയറോബിക് വ്യായാമരീതികൾക്ക് പ്രാധാന്യം നൽകുന്നതാകും ഉചിതം.
  • കഠിനമായ വ്യായാമങ്ങൾ ഒരു കാരണവശാലും ഉടനെ ചെയ്യരുത്.
  • കോവിഡിനു ശേഷവും ഏറെ നാൾ ക്ഷീണം നീണ്ടുനിൽക്കുകയാണെങ്കിൽ ജനറൽ ചെക്കപ്പ് നടത്താം.

    English Summary : World health day special phone in programme.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com