മൂത്രത്തിലെ ബാക്ടീരിയ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ സൂചനയാകാമെന്ന് പഠനം
Mail This Article
തീവ്രമായ തോതിലുള്ള പ്രോസ്റ്റേറ്റ് അര്‍ബുദവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന അഞ്ച് തരം ബാക്ടീരിയകളെ മനുഷ്യ മൂത്രത്തില്‍ കണ്ടെത്താന്‍ സാധിച്ചതായി യുകെയിലെ ഗവേഷകര്‍. അനേറോകോക്കസ്, പെപ്റ്റോണിഫിലസ്, പോര്‍ഫൈറോമോണാസ്, ഫെനൊല്ലാരിയ, ഫ്യൂസോബാക്ടീരിയം തുടങ്ങിയ വിഭാഗങ്ങളിലെ ബാക്ടീരിയകളുടെ സാന്നിധ്യമാണ് പ്രോസ്റ്റേറ്റ് രോഗികളുടെ മൂത്രത്തില്‍ കണ്ടെത്തിയത്.
ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാല, നോര്‍ഫോക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, നോര്‍വിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ക്വാഡ്രം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകരാണ് 600ലധികം പേരുടെ മൂത്ര സാംപിളുകള്‍ ഉപയോഗിച്ച് ഗവേഷണം നടത്തിയത്. സാംപിളുകളുടെ ജനിതക സീക്വന്‍സിങ് അടക്കമുള്ള വിവിധ മാര്‍ഗങ്ങളിലൂടെയാണ് ബാക്ടീരിയകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നോര്‍വിച്ച് മെഡിക്കല്‍ സ്കൂളിലെ റേച്ചല്‍ ഹര്‍സ്റ്റ് പറഞ്ഞു.
കണ്ടെത്തിയ അഞ്ച് ബാക്ടീരിയകളും ഓക്സിജന്‍റെ സാന്നിധ്യമില്ലാതെ വളരാന്‍ കഴിയുന്ന അനേറോബിക് ബാക്ടീരിയകളാണ്. പ്രോസ്റ്റേറ്റ് അര്‍ബുദം കണ്ടെത്താനുള്ള പുതിയ പരിശോധന മാര്‍ഗങ്ങള്‍ക്കും അവയെ നിയന്ത്രിക്കാനോ അവയുടെ വേഗം കുറയ്ക്കാനോ ഉള്ള പുതിയ ചികിത്സാ സംവിധാനങ്ങള്‍ക്കും ഈ കണ്ടെത്തല്‍ വഴി തെളിയിക്കുമെന്ന വിശ്വാസവും ഗവേഷകര്‍ പ്രകടിപ്പിക്കുന്നു.
എന്നാല്‍ ഈ ബാക്ടീരിയ എങ്ങനെ മനുഷ്യരുടെ ഉള്ളിലെത്തുന്നു എന്നതിനെ കുറിച്ചോ അവയാണോ അര്‍ബുദം ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ചോ ശാസ്ത്രജ്ഞര്‍ക്ക് അറിവില്ല. മോശം പ്രതിരോധ പ്രതികരണമാണോ ഈ ബാക്ടീരിയകളുടെ തടസ്സമില്ലാത്ത വളര്‍ച്ച അനുവദിക്കുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. മനുഷ്യരുടെ ജീവിതത്തിന് ഉപകാര പ്രദമായ നിരവധി ബാക്ടീരിയകള്‍ ശരീരത്തിനുള്ളില്‍ ഉള്ളതിനാല്‍ അവയ്ക്ക് ഹാനീകരമല്ലാതെ രീതിയില്‍ ഈ ബാക്ടീരികളെ നീക്കം ചെയ്യുക അത്ര എളുപ്പമാകില്ലെന്ന് ഗവേഷകര്‍ പറയുന്നു. ബാക്ടീരിയകളും അര്‍ബുദവും തമ്മില്‍ വ്യക്തമായ ബന്ധം കണ്ടെത്താന്‍ സാധിച്ചെങ്കിലും ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്ന് യൂറോപ്യന്‍ യൂറോളജി ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
Content Summary : Bacteria in urine may signal aggressive prostate cancer