അമിത മദ്യപാനം കൊണ്ടുള്ള കരള്‍ നാശം: ലക്ഷണങ്ങള്‍ ഇവ
Mail This Article
കരള്‍ നാശത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് അമിതമായ മദ്യപാനം. മദ്യപാനം മൂലമുള്ള കരള്‍ രോഗങ്ങളെ ആല്‍ക്കഹോള്‍ റിലേറ്റഡ് ലിവര്‍ ഡിസീസ്(എആര്‍എല്‍ഡി) എന്ന് വിളിക്കുന്നു. ഇതിന് വിവിധ ഘട്ടങ്ങളുണ്ട്. ഏറ്റവും ഒടുവിലത്തെ ഘട്ടമായ ലിവര്‍ സിറോസിസ് വളരെയധികം വര്‍ഷങ്ങള്‍ കൊണ്ടാണ് സംഭവിക്കുന്നത്. കരള്‍ നാശത്തെ കുറിച്ച് ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയുന്നത് മദ്യപാനം ഉപേക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക ജീവിതശൈലീ മാറ്റങ്ങള്‍ എടുക്കാന്‍ സഹായകമാകും. എന്നാല്‍ കരള്‍ നാശം ആദ്യ ഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാക്കാറില്ല.
മദ്യപാനം മൂലം കരള്‍ വീര്‍ക്കാന്‍ തുടങ്ങുമ്പോൾ വയറിന്‍റെ മുകള്‍ വശത്ത് വലതു ഭാഗത്തായി ചെറിയ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു തുടങ്ങും. ക്ഷീണം, വിശദീകരിക്കാനാകാത്ത ഭാരനഷ്ടം, വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദ്ദി പോലുള്ള ചില ലക്ഷണങ്ങളും എആര്‍എല്‍ഡിയുടേതാണ്. കണ്ണുകള്‍ക്കും ചര്‍മത്തിനും മഞ്ഞ നിറം, മുട്ടുകളില്‍ നീര്‍ക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളും ചില മദ്യപാനികളില്‍ കരള്‍ നാശത്തോട് അനുബന്ധിച്ച് വരാം. രക്തം ഛര്‍ദ്ദിക്കല്‍, മലത്തില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങളും കരുതിയിരിക്കേണ്ടതാണ്.
മദ്യം കരളിനെ ബാധിച്ച് തുടങ്ങാന്‍ ഒരാള്‍ അതിന് അടിമയാകണം എന്നൊന്നും നിര്‍ബന്ധമില്ല. കൂടിയ അളവിലുള്ള നിത്യ മദ്യപാനവും ഇതിലേക്ക് നയിക്കാം. ഒരു ദിവസം 40 ഗ്രാമില്‍ അധികം മദ്യം കഴിക്കുന്നവരില്‍ 90 ശതമാനത്തിനും മദ്യപാനവുമായി ബന്ധപ്പെട്ട ഫാറ്റി ലിവര്‍ രോഗമുണ്ടാകാന്‍ സാധ്യതയുള്ളതായി മദ്യപാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഡ്രിങ്ക്അവയര്‍ വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. 12 ശതമാനം ആല്‍ക്കഹോളുള്ള രണ്ട് മീഡിയം ഗ്ലാസ് (175 മില്ലിലീറ്റര്‍) വൈനിനും നാലു ശതമാനം ആല്‍ക്കഹോള്‍ ഉള്ള രണ്ട് പൈന്‍റ് റഗുലര്‍ ബിയറിനും സമാനമാണ് ഇത്.
മദ്യം ഉള്‍പ്പെടെയുള്ള വിഷലിപ്തമായ വസ്തുക്കളെ വിഘടിപ്പിച്ച് അവയെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയാണ് കരളിന്‍റെ ജോലി. കരളിന് ഇത്തരത്തില്‍ വിഘടിപ്പിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ അളവില്‍ മദ്യം അകത്ത് ചെല്ലുമ്പോൾ കരളില്‍ കൊഴുപ്പ് അടിഞ്ഞ് തുടങ്ങും. ഇത് കരള്‍ വീക്കത്തിലേക്കും സ്കാര്‍ കോശങ്ങള്‍ കരളിന് മേല്‍ കുമിഞ്ഞ് കൂടാനും കാരണമാകും. ഓരോ തവണ കരള്‍ മദ്യത്തെ അരിക്കുമ്പോഴും കരളിലെ ചില കോശങ്ങള്‍ നശിക്കും. സ്വയം പുനരുജ്ജീവിക്കാൻ കഴിവുള്ള അവയവമാണ് കരള്‍. മദ്യപാനം ഉപേക്ഷിച്ചാല്‍ നശിച്ച കോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങള്‍ വളര്‍ന്ന് സ്വയം നവീകരിക്കാന്‍ കരളിന് സാധിക്കും. എന്നാല്‍ മദ്യപാനം തുടരുന്നവരില്‍ കരളിന് ഇത്തരത്തില്‍ സ്വയം നവീകരണം സാധ്യമല്ല.
അമിതവണ്ണം, ഹെപറ്റൈറ്റിസ് സി പോലുള്ള രോഗങ്ങള്‍ തുടങ്ങിയവയും മദ്യപാനത്തിന് പുറമേ എആര്‍എല്‍ഡിയുടെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. മദ്യപാനം നിര്‍ത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ഊര്‍ജ്ജസ്വലമായ ജീവിതശൈലിയും പിന്തുടരുന്നതിലൂടെ കരളിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാവുന്നതാണ്.
Content Summary: Alcoholic fatty liver symptoms