കൈകാലുകളിലെ വളവും വളർച്ചാക്കുറവും; പരിഹരിക്കാം ഇല്ലിസാറോ ചികിത്സയിലൂടെ
Mail This Article
കൈകാലുകൾക്കുള്ള നീളവ്യത്യാസവും വളവുമൊക്കെ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഏറെയാണ്. ഇനിനു ശരിയായ ചികിത്സയോ പരിഹാമോ ഇല്ലെന്നു കരുതി ഈ ബുദ്ധിമുട്ടുമായി ജീവിതകാലം മുഴുവൻ തള്ളിനീക്കുന്നവരുമുണ്ട്. എന്നാൽ ഇല്ലിസാറോ(Ilizarov) എന്ന ചികിത്സാരീതിയിലൂടെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാവുന്നതാണ്. 1951–ൽ റഷ്യൻ ഡോക്ടറായ ഗബ്രിയേൽ എബ്രമോവിച്ച് ഇല്ലിസാറോ വികസിപ്പിച്ചതാണ് ഇല്ലിസാറോ എന്ന ചികിത്സാരീതി.
കാൽപത്തി വളവോടെ ജനിച്ച കുഞ്ഞുങ്ങൾ, കൈ കാലുകൾക്ക് നീളവ്യത്യാസം അനുഭവിക്കുന്നവർ, അപകടത്തെത്തുടർന്ന് കൈകാലുകളിലെ വളർച്ചയിൽ വ്യത്യാസം വന്നവർ തുടങ്ങിയവയ്ക്കെല്ലാമുള്ള ഏക ചികിത്സാമാർഗമാണ് ഇല്ലിസാറോ.
കാൽപാദത്തിന്റെയും കൈകളുടെയും വളവ്, നീളക്കുറവ്, തമ്മിലുള്ള നീളവ്യത്യാസം തുടങ്ങിയവയ്ക്കെല്ലാം ഇല്ലിസാറോ ചികിത്സയിലൂടെ ഫലം കണ്ടെത്താവുന്നതാണ്. ചിലരിൽ ജൻമനാതന്നെ എല്ലുകൾ കൂടിച്ചേരാതെ മാറിനിൽക്കുന്ന വൈകല്യം ഉണ്ടാകാം. അതും ഈ ചികിത്സയിലൂടെ ശരിയാക്കിയെടുക്കാവുന്നതാണ്.
നമ്മുടെ ശരീരത്തിനു സ്വാഭാവികമായിതന്നെ ഒരു ഹീലിങ് നേച്ചർ ഉണ്ട്. അതിന് ഒരു സപ്പോർട്ട് കൊടുക്കുക മാത്രമാണ് ഇല്ലിസാറോയിലൂടെ ചെയ്യുന്നത്. ഇതൊരു ശസ്ത്രക്രിയ തന്നെയാണ്. അനസ്തീസിയ നൽകി ഒപ്പറേഷൻ തിയേറ്ററിൽതന്നെയാണ് ഈ ചികിത്സയും ചെയ്യുന്നത്. കട്ടി കുറഞ്ഞ ഇല്ലിസാറോ വയറുകൾ ഡ്രിൽ ചെയ്ത് എല്ലിൽക്കൂടി കടത്തിവിടുന്നു. ശേഷം ഇല്ലിസാറോ റിങ് ഫിക്സേറ്ററുകൾ ഉപയോഗിച്ച് ഇതിനെ ഉറപ്പിക്കുന്നു. മുറിവുകൾ ഉണ്ടാക്കുകയോ സ്റ്റിച്ച് ഇടേണ്ടി വരുകയോ ചെയ്യുന്നില്ലെന്നതാണ് ഇതിന്റെ മേൻമ.
ഒരു വയസ്സു കഴിഞ്ഞ കുട്ടികളിൽ തുടങ്ങി ഏതു പ്രായക്കാർക്കും മറ്റ് അപകടസാധ്യതകളൊന്നുമില്ലാതെതന്നെ ചെയ്യാൻ പറ്റുന്ന ഒരു ചികിത്സാരീതിയാണ് ഇല്ലിസാറോ. ശേഷം നീണ്ടകാലം ആശുപത്രി സന്ദർശനം വേണ്ടി വന്നേക്കാം. കാരണം ഇതിന്റെ ക്ലീനിങ് ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ആശുപത്രിയിൽ ഡോക്ടർമാർതന്നെയാണ്. അതിനാൽത്തന്നെ അണുബാധാ സാധ്യതകൾ പോലുള്ള പ്രശ്നങ്ങളെല്ലാംതന്നെ കൃത്യമായി മനസ്സിലാക്കാനും സാധിക്കും.
Content Summary: Ilizarov treatment