ADVERTISEMENT

വന്‍കുടലിനോട് ബന്ധിപ്പിച്ചിരിക്കുന്ന ചെറിയ അവയവമായ അപ്പെന്‍ഡിക്സിന് വരുന്ന വീക്കമാണ് അപ്പെന്‍ഡിസൈറ്റിസ്. അപ്പെന്‍ഡിക്സിന് വരുന്ന ബാക്ടീരിയല്‍ അണുബാധ മൂലമുണ്ടാകുന്ന ഈ രോഗം സമയത്തിന് ചികിത്സിക്കാതിരുന്നാല്‍ അപ്പെന്‍ഡിക്സ് മുഴ പോലെ വീര്‍ത്ത് പൊട്ടാനും പഴുപ്പ് വയറും കുടലുമെല്ലാം അടങ്ങിയ പെരിറ്റോണിയല്‍ കാവിറ്റിയിലേക്ക് പടരാനും സാധ്യതയുണ്ട്. രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ഗുരുതര സ്ഥിതിവിശേഷമാണ് ഇത്. 

 

100 പേരില്‍ അഞ്ച് മുതല്‍ ഒന്‍പത് പേരെ ബാധിക്കാവുന്ന ഈ രോഗം അടിവയറ്റില്‍ ശക്തമായ വേദനയ്ക്ക് ഇടയാക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് അപ്പെന്‍ഡിസൈറ്റിസ് വരാന്‍ സാധ്യത കൂടുതല്‍. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും അൻപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വളരെ വിരളമായാണ് അപ്പെന്‍ഡിസൈറ്റിസ് കണ്ടു വരുന്നത്. 20 മുതല്‍ 30 വയസ്സ് വരെ പ്രായമായവരെയാണ് ഇത് കൂടുതലും ബാധിക്കുക. 

 

അപ്പെന്‍ഡിസൈറ്റിസ് രണ്ട് തരം

അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ്, ക്രോണിക് അപ്പെന്‍ഡിസൈറ്റിസ് എന്നിങ്ങനെ രണ്ട് വിധത്തില്‍ അപ്പെന്‍ഡിസൈറ്റിസ് ഉണ്ടെന്ന് ഗാസിയാബാദ് മണിപ്പാല്‍ ആശുപത്രയിലെ ഗ്യാസ്ട്രോഎന്‍​ റോളജി കണ്‍സല്‍റ്റന്‍റ് ഡോ. മനീഷ് കാക് ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അതിഗുരുതരമായ അപ്പെന്‍ഡിസൈറ്റിസിനെയാണ് അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് എന്ന് വിളിക്കുന്നത്. ചികിത്സിക്കാതിരുന്നാല്‍ അപ്പെന്‍ഡിക്സ് പൊട്ടുന്ന അവസ്ഥയിലേക്ക് രോഗി ഈ ഘട്ടത്തില്‍ എത്തിയിട്ടുണ്ടാകും. 

 

ക്രോണിക് അപ്പെന്‍ഡിസൈറ്റിസില്‍ ലക്ഷണങ്ങള്‍ ലഘുവായതും പുരോഗമിക്കുന്ന അവസ്ഥയിലുമായിരിക്കും. ലക്ഷണങ്ങള്‍ ഇടയ്ക്കിടെ വന്ന് പോകുന്നതിനാല്‍ ഈ ഘട്ടത്തില്‍ രോഗനിര്‍ണയം ബുദ്ധിമുട്ടേറിയതായിരിക്കും. എല്ലാ വയറുവേദനയും അപ്പെന്‍ഡിസൈറ്റിസ് ആകണമെന്നില്ല. എന്നാല്‍ അപ്പെന്‍ഡിസൈറ്റിസിന്‍റെ ലക്ഷണമായതിനാല്‍ വയറുവേദന നിസ്സാരമാക്കി എടുക്കരുത്. ഈ രോഗം ബാധിക്കുമ്പോൾ  രക്തത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണവും  ശരീരോഷ്മാവും ക്രമാതീതമായി ഉയരാം. ഇത് രക്തപരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും. അള്‍ട്രാസൗണ്ട്, സിടി സ്കാനുകളും രോഗനിര്‍ണയത്തിന് ഫലപ്രദമാണ്. 

 

ഇ-കോളി, ക്ലെബ്സിയെല്ല തുടങ്ങിയ ബാക്ടീരിയകളാണ് അപ്പെന്‍ഡിസൈറ്റിസ് മുഖ്യകാരണമാകുന്ന ബാക്ടീരിയകള്‍. വയറിലുണ്ടാകുന്ന ചില രോഗങ്ങളും അപ്പെന്‍ഡിസൈറ്റിസിലേക്ക് നയിക്കാം. വന്‍കുടലിലും ചെറുകുടലിലും വ്രണങ്ങളുണ്ടാക്കുന്ന ക്രോണ്‍സ് ഡിസീസ്, കോളൈറ്റിസ് എന്നിവയും ഇതിന് കാരണമാകാം. അമീബിയാസിസ് രോഗവും അപ്പെന്‍ഡിസൈറ്റിസിന് കാരണമാകാമെന്ന് കരുതപ്പെടുന്നു. കുടലിന് ഉണ്ടാകുന്ന ക്ഷതങ്ങള്‍, ചില മുഴകള്‍, ദഹന നാളത്തിനുണ്ടാകുന്ന അണുബാധ, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം തുടങ്ങിയവയും അപ്പെന്‍ഡിസൈറ്റിസ് സാധ്യത കൂട്ടുന്നു. 

 

പല കേസുകളിലും ശസ്ത്രക്രിയയിലൂടെ അപ്പെന്‍ഡിക്സ് നീക്കം ചെയ്യുക മാത്രമാണ് ഈ രോഗത്തിനുള്ള പരിഹാരം. ചില മിതമായ  കേസുകളില്‍ ആന്‍റിബയോട്ടിക്സിലൂടെ ഈ വീക്കം ചികിത്സിച്ച് മാറ്റാറുണ്ട്. രോഗത്തിന്‍റെ തീവ്രത പരിശോധിച്ച  ശേഷം ശസ്ത്രക്രിയ ആവശ്യമാണോ എന്ന് ഡോക്ടര്‍മാര്‍ നിര്‍ണയിക്കും. ഒരിക്കല്‍ മരുന്ന് കഴിച്ച് മാറ്റിയാലും പിന്നീട് വീണ്ടും വരാന്‍ സാധ്യതയുള്ള രോഗം കൂടിയാണ് അപ്പെന്‍ഡിസൈറ്റിസ്.

Content Summary: Appendicitis can cause blockage in blood flow 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com