ADVERTISEMENT

ചര്‍മ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ച കൊണ്ടു സംഭവിക്കുന്ന അര്‍ബുദമാണ് ചര്‍മാര്‍ബുദം. സാധാരണ ഗതിയില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഇടത്താണ് അര്‍ബുദം വരാറുള്ളതെങ്കിലും അങ്ങനെയല്ലാതെയും ചിലര്‍ക്ക് പിടിപെടാറുണ്ട്. ബാസല്‍ സെല്‍ കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, മെലനോമ എന്നിങ്ങനെ മുഖ്യമായും മൂന്ന് തരത്തിലാണ് ചര്‍മാര്‍ബുദങ്ങള്‍ ഉണ്ടാകാറുള്ളത്. ചര്‍മത്തിന് നിറം നല്‍കുന്ന മെലനോസൈറ്റുകള്‍ എന്ന കോശങ്ങള്‍ക്ക് അനിയന്ത്രിത വളര്‍ച്ച സംഭവിക്കുന്നതിനെയാണ് മെലനോമ എന്ന് വിളിക്കുന്നത്. ഉയര്‍ന്ന മരണ സാധ്യതയുള്ള ഈ അര്‍ബുദം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് വരാനുള്ള സാധ്യത അധികമാണെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

 

2012 മുതല്‍ 2016 വരെ കാലയളവിലെ ഈ കണക്ക് അനുസരിച്ച് അമേരിക്കയില്‍ ഓരോ വര്‍ഷവും 77,698 പേര്‍ക്കാണ് മെലനോമ ഉണ്ടായത്. ഇതില്‍ 45,854 പേര്‍ പുരുഷന്മാരും 31,845 പേര്‍ സ്ത്രീകളുമായിരുന്നു. ഹിസ്പാനിക് വംശജരല്ലാത്ത വെളുത്തവരായ പുരുഷന്മാര്‍ക്കാണ് ചര്‍മാര്‍ബുദത്തിന്റെ സാധ്യത ഏറ്റവും അധികം ഉണ്ടായിരുന്നത്. ഇവര്‍ക്ക് അത് ഒരു ലക്ഷത്തില്‍ 34.9 എന്ന കണക്കിലായിരുന്നു രോഗ സാധ്യത. ഏറ്റവും കുറവ് സാധ്യത കണ്ടത് കറുത്ത വംശജരായ സ്ത്രീകളിലാണ്-ഒരു ലക്ഷത്തില്‍ 0.9. വെളുത്തവരില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് മെലനോമ മൂലമുള്ള മരണത്തിനുള്ള സാധ്യത ഇരട്ടിയാണെന്നും സിഡിസി ഡേറ്റ ചൂണ്ടിക്കാണിക്കുന്നു.

 

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ മെലനോമ മൂലം കൂടുതല്‍ മരണപ്പെടാനുള്ളതിന്റെ കൃത്യമായ കാരണങ്ങള്‍ അറിവായിട്ടില്ല. എന്നാല്‍ വെയിലിനോടുള്ള പുരുഷന്മാരുടെ അത്ര ഗൗരവമല്ലാത്ത സമീപനം ഇതിലേക്ക് നയിക്കാമെന്ന് ചര്‍മ രോഗ വിദഗ്ധര്‍ പറയുന്നു. സ്ത്രീകളില്‍ പലരും സണ്‍സ്‌ക്രീന്‍ ക്രീമും ലോഷനുമൊക്കെ ഉപയോഗിക്കുമ്പോള്‍ പുരുഷന്മാരില്‍ ബഹുഭൂരിപക്ഷവും ഇതിനെ കുറിച്ച് ബോധവാന്മാരല്ലെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

 

ഓരോ രണ്ട് വര്‍ഷം കൂടുമ്പോല്‍ സൂര്യന്റെ പൊള്ളലേറ്റാല്‍ കൂടി ചര്‍മാര്‍ബുദ സാധ്യത മൂന്ന് മടങ്ങാകുമെന്ന് പഠനങ്ങള്‍ പറയുന്നു. മേഘാവൃതമായ കാലാവസ്ഥയില്‍ പോലും സൂര്യപ്രകാശത്തിന് ചര്‍മ കോശങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കാന്‍ കഴിയും. പുരുഷന്മാര്‍ക്ക് കൂടുതല്‍ കട്ടിയുള്ള ചര്‍മമുണ്ടെങ്കിലും ചര്‍മത്തിന് കീഴില്‍ കൊഴുപ്പിന്റെ അംശം കുറവാണ്. ചര്‍മത്തില്‍ സ്ത്രീകളെ അപേക്ഷിച്ച് കൊളാജന്റെ അംശവും പുരുഷന്മാരില്‍ കൂടുതലാണ്. ഇതും അള്‍ട്രാ വയലറ്റ് രശ്മികള്‍ മൂലം ചര്‍മത്തിന് കൂടുതല്‍ നാശം സംഭവിക്കാന്‍ ഇടയാക്കുന്നു. സ്ത്രീകളില്‍ ഈസ്ട്രജന്‍ തോത് ഉയര്‍ന്നതായിരിക്കുന്നതിനാല്‍ മെലനോമയ്‌ക്കെതിരെ വര്‍ധിച്ച പ്രതിരോധ പ്രതികരണം ഉണ്ടാകുന്നതായും ചില ഗവേഷണറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. 

 

പലരും ചര്‍മാര്‍ബുദത്തിന്റെ ലക്ഷണങ്ങളെ തുടക്കത്തില്‍ അവഗണിക്കാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അസാധാരണമായ മറുകോ കുരുക്കളോ പാടോ ചര്‍മത്തില്‍ ഉണ്ടാകുന്നുണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കണമെന്നും രക്തസ്രാവമോ പഴുപ്പോ ഒക്കെ കണ്ടാല്‍ ഉടനെ ആശുപത്രിയിലെത്തണമെന്നും ചര്‍മരോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary: Why men are more likely to die from skin cancer than women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com