ഒമിക്രോണ്‍ ബിഎ.5 ഉപവകഭേദം രാത്രിയില്‍ ഈ രോഗലക്ഷണം ഉണ്ടാക്കും
![CHINA-HEALTH-VIRUS This photo taken on March 14, 2022 shows a resident underging a nucleic acid test for the Covid-19 coronavirus in Shenyang, in China's northeastern Liaoning province. (Photo by AFP) / China OUT](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/3/17/china-covid-omicron-1abc.jpg?w=1120&h=583)
Mail This Article
ഒമിക്രോണിന്‍റെ പുതിയ ഉപവകഭേദങ്ങളായ ബിഎ.5, ബിഎ.4 എന്നിവ മൂലം പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. ഓരോ പുതിയ വകഭേദങ്ങള്‍ ആവിര്‍ഭാവം ചെയ്യുമ്പോഴും കോവിഡ് ലക്ഷണങ്ങളില്‍ പുതിയത് ചിലതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടാറുണ്ട്. തൊണ്ടവേദന, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, തുമ്മല്‍, തുടര്‍ച്ചയായ ചുമ, തലവേദന എന്നിവയെല്ലാമാണ് കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഒമിക്രോണ്‍ ബിഎ.5 ബാധിതരില്‍ ഇതിന് പുറമേ മറ്റൊരു ലക്ഷണം കൂടി രാത്രികാലങ്ങളില്‍ കാണപ്പെടാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രാത്രിയിലെ അമിതമായ വിയര്‍പ്പാണ് അസ്വാഭാവികമായ ഈ രോഗലക്ഷണം.
രാത്രിയില്‍ ഇടുന്ന വസ്ത്രങ്ങളും കിടക്കയും വരെ നനയ്ക്കുന്ന തരത്തില്‍ അത്യധികമായി ചിലപ്പോള്‍ രോഗി വിയര്‍ത്തേക്കാമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യും മുന്‍പ് ഈ രോഗലക്ഷണം സാധാരണ കണ്ടിരുന്നത് പനി, ആര്‍ത്തവവിരാമം, ഉത്കണ്ഠ, ഹൈപ്പര്‍ഹൈഡ്രോസിസ്, അര്‍ബുദം തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഇത് വളരെ വിചിത്രമായ രോഗലക്ഷണമാണെന്ന് ഡബ്ലിന്‍ ട്രിനിറ്റി കോളജിലെ ഇമ്മ്യൂണോളജി പ്രഫസര്‍ ലൂക്ക് ഒ നീലും അഭിപ്രായപ്പെട്ടിരുന്നു.
ഫെബ്രുവരി 2022ന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ബിഎ.5 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു മാസം മുന്‍പ് ജനുവരിയില്‍ ബിഎ.4ഉം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയില്‍ നിന്നു തന്നെയായിരുന്നു. ഈ രണ്ട് ഉപവകഭേദങ്ങളും വളരെ വേഗം ലോകമെങ്ങും പടരുകയും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇവ മൂലമുള്ള ആശുപത്രിവാസങ്ങളും മരണങ്ങളും താരതമ്യേന കുറവാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Content Summary: Omicron BA.5 strain can cause this extra symptom during night