കോവിഡ് മുക്തരിൽ 62 വ്യത്യസ്തതരം ലക്ഷണങ്ങൾ, വയോധികരിൽ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ; എന്താണ് പരിഹാരം?
Mail This Article
കോവിഡ് ബാധിതരായ വ്യക്തികളിൽ രോഗമുക്തിക്കു ശേഷവും ആരോഗ്യപ്രശ്നങ്ങൾ തുടരുന്നതായി വിവിധ പഠനങ്ങൾ ലോകവ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണതകളിലേക്കു പോകുന്നത് വയോജനങ്ങളിലാണ് എന്നതാണ് അനുഭവം. ഈ പശ്ചാത്തലത്തിൽ ‘നേച്ചർ മെഡിസിൻ’ എന്ന രാജ്യാന്തര വൈദ്യശാസ്ത്ര ഗവേഷണ ജേണലിൽ സമീപകാലത്തു പ്രസിദ്ധീകരിക്കപ്പെട്ട പഠനം ശ്രദ്ധയർഹിക്കുന്നു.
ഇംഗ്ലണ്ടിലെ ബർമിങ്ങാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഹെൽത്ത് റിസർച്ചിലെ ഗവേഷകരാണ് ജൂലൈ 25നു പ്രസിദ്ധീകരിച്ച ഈ പഠനത്തിനു പിന്നിൽ. കോവിഡ് വന്നുപോയ 4,86,149 വ്യക്തികളുടെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് ആരോഗ്യ റെക്കോർഡുകൾ പരിശോധിച്ചശേഷം, അവയെ കോവിഡ് ബാധിച്ചിട്ടില്ലാത്ത 19 ലക്ഷം ആളുകളുടെ ആരോഗ്യ റെക്കോർഡുകളുമായി താരതമ്യം ചെയ്ത ശേഷമാണ് പഠനം നടത്തിയത്. കോവിഡ് ബാധിതരായ വ്യക്തികളിലെ ദീർഘകാലം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചായിരുന്നു പഠനം. 2020 ജനുവരി മുതൽ 2021 ഏപ്രിൽ വരെ കോവിഡ് ബാധിച്ച വ്യക്തികളെയാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയത്.
∙പുതിയ ലക്ഷണങ്ങൾ
കോവിഡ് ബാധിച്ച് രോഗവിമുക്തി നേടിയ വ്യക്തികളിൽ മറ്റുള്ളവരെ അപേക്ഷിച്ച് 62 വ്യത്യസ്തതരം ലക്ഷണങ്ങൾ കൂടുതലായി കണ്ടെത്തിയതായി ഈ പഠനം വെളിപ്പെടുത്തുന്നു. ഇവയിൽ പ്രധാനപ്പെട്ടത് നീണ്ടുനിൽക്കുന്ന ക്ഷീണം, ഓർമക്കുറവ്, ശ്വാസംമുട്ടൽ, മണം നഷ്ടപ്പെടുന്ന അവസ്ഥ, നെഞ്ചുവേദന, കാലുകൾക്ക് നീർക്കെട്ട്, ആവർത്തിച്ചുണ്ടാകുന്ന വയറിളക്കം, മുടികൊഴിച്ചിൽ, ലൈംഗികശേഷിക്കുറവ് എന്നീ ലക്ഷണങ്ങൾ ആയിരുന്നു. ഈ പഠനം കണ്ടെത്തിയ 62 ലക്ഷണങ്ങളിൽ 20 എണ്ണം മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ ‘ദീർഘകാല കോവിഡി’ന്റെ രോഗനിർണയ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. വയോജനങ്ങളിൽ ഈ ലക്ഷണങ്ങൾ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും പഠനം കണ്ടെത്തി.
∙എന്താണ് പരിഹാരം?
മാനസികവും ചിന്താപരവുമായ പ്രയാസങ്ങൾ ഉള്ളവർക്ക് അവ ഭേദപ്പെടുത്താനുള്ള ചികിത്സകൾ നൽകേണ്ടത് അത്യാവശ്യമാണ്. ഉറക്കക്കുറവും ഓർമക്കുറവും വിഷാദവും ഒക്കെ ചികിത്സിച്ചു ഭേദപ്പെടുത്തുക വഴി അവരെ എത്രയും പെട്ടെന്ന് സ്വാഭാവിക ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ സാധിക്കും. ഇതോടൊപ്പം തന്നെ കോവിഡനന്തര ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കൗൺസലിങ്, ജീവിതശൈലി ക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയും ആവശ്യമാണ്.
(ലേഖകൻ തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രിസ്റ്റാണ്)
Content Summary : Symptoms and risk factors for long COVID in non-hospitalized adults