രക്ത സമ്മർദം ഉയർന്നാൽ െപട്ടെന്ന് കുറയ്ക്കാൻ എന്തു ചെയ്യണം?
Mail This Article
ഹൃദയത്തിൽ നിന്ന് ഓക്സിജൻ നിറച്ച രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന കുഴലുകളാണ് രക്തധമനികൾ. രക്തം ഈ ധമനികളിൽ ചെലുത്തുന്ന മർദമായ രക്തസമ്മർദം ഉയരുമ്പോൾ പല വിധത്തിലുള്ള സങ്കീർണതകളിലേക്ക് നയിക്കുന്നു. അതിനാൽ പെട്ടെന്ന് ഉയരുന്ന രക്തസമ്മർദത്തെ നിയന്ത്രിക്കാൻ എന്ത് ചെയ്യണമെന്ന് അറിഞ്ഞിരിക്കേണ്ടത് ജീവൻ രക്ഷിക്കാൻ അത്യാവശ്യമാണ്.
120/80 mm.Hg ആണ് രക്ത സമ്മർദത്തിന്റെ സാധാരണ തോത്. ഇതിന്റെ മുകളിലേക്ക് രക്ത സമ്മർദം ഉയരുമ്പോൾ ഇനി പറയുന്ന ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കും.
1. തലകറക്കം
2. കടുത്ത തലവേദന
3. നെഞ്ചു വേദന
4. ഹൃദയമിടിപ്പ് ഉയരൽ
5. കാഴ്ച പ്രശ്നം
6. മൂക്കിൽ നിന്ന് രക്തമൊഴുക്ക്
7. ശ്വസിക്കാൻ ബുദ്ധിമുട്ട്
8. ചെവിയിൽ മുഴക്കം
9. ഉറങ്ങാൻ ബുദ്ധിമുട്ട്
10. ആശയക്കുഴപ്പം
11. ക്ഷീണം
12. അമിതമായി വിയർക്കൽ
പല ഘടകങ്ങൾ രക്തസമ്മർദം ഉയരാൻ കാരണമാകാറുണ്ട്. മാനസിക സമ്മർദം, ചിലതരം മരുന്നുകൾ, അത്യധ്വാനം, ചില ഭക്ഷണ പാനീയങ്ങൾ, അഡ്രിനാൽ ഗ്രന്ഥിയുടെ പ്രശ്നങ്ങൾ, പുകവലി, അമിതമദ്യപാനം എന്നിവയെല്ലാം രക്തസമ്മർദം പരിധി വിട്ടുയരുന്നതിലേക്ക് നയിക്കാം. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഉടനെ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകളും പരിചരണവും തേടേണ്ടതാണ്. ഡോക്ടറെ ഉടനെ കാണാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഇനി പറയുന്ന ചില പ്രാഥമിക നടപടികൾ സഹായകമാണ്.
1. സമ്മർദമകറ്റി റിലാക്സ് ചെയ്യാൻ ശ്രമിക്കുക.
2. ആൾക്കൂട്ടത്തിൽ നിന്നകന്ന് ശാന്തമായ ഒരിടത്തിലേക്ക് മാറുക.
3. കസേരയെടുത്ത് എവിടെയെങ്കിലും ഇരിക്കുക.
4. ശുദ്ധവായു കിട്ടുന്ന ഒരിടത്തേക്ക് മാറിയിരിക്കുക.
5. ഹൃദയതാളം സാധാരണഗതിയിലാകും വരെ ദീർഘശ്വാസം നന്നായി എടുത്ത് പുറത്തേക്കു വിടുക.
6. വെള്ളം കുടിക്കുക.
7. കണ്ണടച്ച് ശരീരത്തിന് അൽപം വിശ്രമം കൊടുക്കുക.
Content Summary: How To Lower Blood Pressure Immediately?