ADVERTISEMENT

ശരീരത്തിലെ വന്‍കുടലുമായി ബന്ധിപ്പിച്ചിരിക്കുന്ന മണ്ണിരയുടെ ആകൃതിയിലുള്ള ചെറിയ അവയവമാണ് അപ്പെന്‍ഡിക്സ്. ഇതിനുണ്ടാകുന്ന അണുബാധയും വീക്കവുമാണ് അപ്പെന്‍ഡിസൈറ്റിസ്. കടുത്ത വേദന സമ്മാനിക്കുന്ന ഈ രോഗം മുതിര്‍ന്നവരില്‍ മാത്രമല്ല ഇപ്പോള്‍ കുട്ടികളിലും വ്യാപകമായി കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകള്‍. 14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അപ്പെന്‍ഡിസൈറ്റിസ് ബാധയുടെ തോത് വര്‍ധിച്ചിട്ടുണ്ടെന്ന് യുകെയില്‍ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു. അപൂര്‍വമായി നവജാത ശിശുക്കളില്‍ പോലും ഇപ്പോൾ  അപ്പെന്‍ഡിസൈറ്റിസ് കണ്ടു വരുന്നു.  

 

വയറില്‍ വലത് വശത്ത് താഴെയായി വരുന്ന അതിശക്തമായ വേദനയാണ് ഇതിന്‍റെ പ്രധാന ലക്ഷണം. വേദനയ്ക്കൊപ്പം ഛര്‍ദ്ദിലും പനിയും പ്രത്യക്ഷപ്പെടാം. എന്നാല്‍ ന്യുമോണിയ, കുടലില്‍ അണുബാധ, പെണ്‍കുട്ടികളില്‍ അണ്ഡാശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയും സമാന ലക്ഷണങ്ങള്‍ക്ക് കാരണമാകാമെന്നതിനാല്‍ രോഗനിര്‍ണയം പലപ്പോഴും വൈകാറുണ്ട്. ഇത് അപ്പെന്‍ഡിക്സ് വീര്‍ത്ത് പൊട്ടി മറ്റ് സങ്കീര്‍ണതകളിലേക്ക് നയിക്കുന്നു. 

 

ശസ്ത്രക്രിയക്ക് മുന്‍പ് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അതിപ്രധാനമാണ്. ചിലപ്പോള്‍ അള്‍ട്രാസൗണ്ട് സ്കാനും അപൂര്‍വമായി സിടി സ്കാനും ഇതിന് വേണ്ടി വന്നേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുതിര്‍ന്നവരിലെന്ന പോലെ ശസ്ത്രക്രിയ തന്നെയാണ് കുട്ടികളിലും അപ്പെന്‍ഡിസൈറ്റിസിന് പരിഹാരം. ലാപ്രോസ്കോപ്പിക് അഥവാ കീഹോള്‍ ശസ്ത്രക്രിയ വഴി ഇപ്പോള്‍ അപ്പെന്‍ഡിക്സ് നീക്കം ചെയ്യാന്‍ സാധിക്കും.  ചെറിയൊരു ശതമാനം കുട്ടികള്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ ആന്‍റിബയോട്ടിക് ചികിത്സയിലൂടെ രോഗം ഭേദമാക്കാനായേക്കും. എന്നാല്‍ ശസ്ത്രക്രിയ ഇല്ലാതെ കുട്ടിയുടെ നില മെച്ചപ്പെട്ടാലും വീണ്ടും രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

 

കീഹോള്‍ ശസ്ത്രക്രിയയില്‍ മുറിവിലെ അണുബാധയ്ക്കും ഹെര്‍ണിയയ്ക്കും കുടലിലെ ബ്ലോക്കിനുമൊക്കെ സാധ്യത വളരെ കുറവാണെന്ന് പീഡിയാട്രിക് യൂറോളജിസ്റ്റായ ഡോ. ഹരീഷ് ജയറാം ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കുട്ടികളില്‍ ഭക്ഷണ ക്രമത്തിൽ നാരുകള്‍ ചേര്‍ന്ന ഭക്ഷണം കുറയുന്നത് അപ്പെന്‍ഡിസൈറ്റിസ് രോഗബാധ കൂടുതലാകാനുള്ള കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Content Summary: Appendicitis in Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com