ADVERTISEMENT

പല്ലുവേദന മൂലം റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് എത്തിയ യുവതിക്ക് ഒടുവില്‍ തലച്ചോറില്‍ മുഴ കണ്ടെത്തി. സ്കോട്‌ലന്‍ഡിലെ നോര്‍ത്ത് ലാനര്‍ക് ഷയറില്‍ നിന്നുള്ള 29കാരി എമ്മ വെബ്സ്റ്ററാണ് റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വിധേയയാകാനെത്തിയത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷവും പല്ലു  വേദനയും കാഴ്ച മങ്ങലും  തുടര്‍ന്നപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സംശയമായി. ഒടുവില്‍ നടത്തിയ എംആര്‍ഐ സ്കാനിലാണ് വലത് കണ്ണിന് പിറകില്‍ അര്‍ബുദ മുഴ കണ്ടെത്തിയത്. പല്ലുവേദനയും ഈ അര്‍ബുദ മുഴയും തമ്മിലുള്ള ബന്ധം വളരെ വിദൂരമാണെങ്കിലും അപൂര്‍വം കേസുകളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. ഇക്കാരണത്താല്‍ വായ്ക്കുള്ളില്‍ വരുന്ന വേദനകളെ നിസ്സാരമായി തള്ളരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

 

പല്ലിലെ പോട്, അണുബാധ, പല്ല് ഒടിഞ്ഞു പോകല്‍ തുടങ്ങിയ കാരണങ്ങളാണ് പലപ്പോഴും പല്ലുവേദനയ്ക്ക് കാരണമാകാറുള്ളത്. എന്നാല്‍ ഉമിനീര്‍ ഗ്രന്ഥിയിലെ അര്‍ബുദം, ജീവന്‍ തന്നെ അപകടത്തിലാക്കാവുന്ന തലച്ചോറിലെ അര്‍ബുദം  തുടങ്ങിയ മറ്റ് രോഗങ്ങള്‍ മൂലവും പല്ലുവേദന പ്രത്യക്ഷമാകാം.  ഏതു തരം വേദനയാണ് ഉണ്ടാകുന്നതെന്ന് തിരിച്ചറിയേണ്ടത് രോഗനിര്‍ണയത്തില്‍ മുഖ്യമാണ്. പ്രധാനമായും മൂന്ന് തരത്തിലുള്ള പല്ലുവേദനകളാണ് മനുഷ്യരില്‍ ഉണ്ടാകുന്നത്. 

 

1. മൂര്‍ച്ച കുറഞ്ഞതും നീണ്ട് നില്‍ക്കുന്നതുമായ വേദന. പല്ലുകള്‍ക്കിടയില്‍ കുടുങ്ങുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, മോണയ്ക്കുള്ളില്‍ തടയുന്ന വസ്തുക്കള്‍, ബാക്ടീരിയല്‍ അണുബാധ മൂലമുള്ള പഴുപ്പ്, പല്ല് പൊടിയല്‍ എന്നിവയാകാം ഈ വേദനയ്ക്ക് കാരണം

 

2. സെന്‍സിറ്റീവായ പല്ലുകളും വേദനയ്ക്ക് കാരണമാകാം. വേദന തീവ്രമല്ലെങ്കില്‍ ഇത് ഇനാമല്‍ ക്ഷയിച്ച് തുടങ്ങിയത് കൊണ്ടാകാം. പല്ലിന് കേട്, പൊട്ടല്‍, മോണ രോഗം എന്നിവയും ഈ വേദനയ്ക്ക് പിന്നിലുണ്ടാകാം. 

 

3. കടുത്ത വേദനകള്‍ പല്ലിന് കേടു മൂലമോ പല്ലിലെ ഫില്ലിങ് ലൂസായതിനാലോ ക്രൗണ്‍ ഇളകി വീണതിനാലോ ആകാം. 

 

അതിശക്തമായ വേദനയ്ക്കൊപ്പം മോണയില്‍ നിറം മാറ്റം, മോണയില്‍ നിന്ന് രക്തസ്രാവം, വായില്‍ വിചിത്രമായ രുചി എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ദന്തരോഗവിദഗ്ധന്‍റെ സഹായം തേടണം. 

 

പല്ലുവേദനയില്‍ നിന്ന് താത്ക്കാലികമായ ശമനത്തിന് വായില്‍ ഉപ്പ് വെള്ളമോ ഹൈഡ്രജന്‍ പെറോക്സൈഡോ കൊണ്ടോ  കുലുക്കുഴിയണം. ഐസ് വയ്ക്കുകയോ വേദനസംഹാരികള്‍ കഴിക്കുകയോ ചെയ്തും വേദന കുറയ്ക്കാം. പെപ്പര്‍മിന്‍റ് ചായ, വെളുത്തുള്ളി എന്നിവയും ആശ്വാസം നല്‍കും. എന്നാല്‍ വേദന നീണ്ടു നിന്നാല്‍ ഡോക്ടറുടെ സഹായം തേടിയേ മതിയാകൂ. വായിലെ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗസങ്കീര്‍ണതകള്‍ കണ്ടെത്താനുള്ള പരിശീലനം ലഭിച്ചവരാണ് ദന്തഡോക്ടര്‍മാര്‍. ജീവന്‍ രക്ഷിക്കാന്‍ കൃത്യ സമയത്തുള്ള ദന്തപരിശോധനകള്‍ ഇതിനാല്‍തന്നെ  സഹായിക്കുന്നതാണ്.

Content Summary: Mother With Toothache Gets A Brain Tumour Diagnosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com