ടൈപ്പ് 1 പ്രമേഹ ബാധിതരുടെ എണ്ണം 2040 ഓടെ ഇരട്ടിക്കും
Mail This Article
ലോകത്ത് 8.4 ദശലക്ഷം പേരാണ് നിലവില്‍ ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്നത്. ഇത് 2040 ഓടെ 13.5 ദശലക്ഷം മുതല്‍ 17.4 ദശലക്ഷം വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദ ലാന്‍സറ്റ് ഡയബറ്റീസ് ആന്‍ഡ് എന്‍ഡോക്രിനോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ മോഡലിങ് പഠനത്തില്‍ കണ്ടെത്തി. ഓസ്ട്രേലിയ, കാനഡ, ലക്സംബര്‍ഗ്, അമേരിക്ക എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ ഇരിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന രോഗസാഹചര്യമാണ് ടൈപ്പ് 1 പ്രമേഹം. ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗാവസ്ഥയ്ക്ക് ജുവനൈല്‍ ഡയബറ്റീസ് എന്നും പറയുന്നു. ശരീരത്തിന്‍റെ പ്രതിരോധസംവിധാനം പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങളെ നശിപ്പിക്കുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകുന്നത്.
ടൈപ്പ് 1 പ്രമേഹം മൂലം അകാലത്തില്‍ മരണപ്പെട്ടില്ലായിരുന്നെങ്കില്‍ 2021ല്‍ 31 ലക്ഷം പേരെങ്കിലും ജീവനോടെ ഇരുന്നേനെ എന്നും ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. രോഗം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഏഴ് ലക്ഷം പേര്‍ക്കെങ്കിലും ജീവഹാനി നേരിട്ടിട്ടുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ടൈപ്പ് 1 പ്രമേഹ രോഗികളില്‍ 18 ശതമാനവും 20 വയസ്സിന് താഴെ പ്രായമുള്ളവരാണ്. 64 ശതമാനം പേര്‍ 20നും 59നും ഇടയില്‍ പ്രായമുള്ളവരും 19 ശതമാനം 60ന് മുകളില്‍ പ്രായമുള്ളവരുമാണ്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ചൈന, ജര്‍മനി, യുകെ, റഷ്യ, കാനഡ, സൗദി അറേബ്യ, സ്പെയ്ന്‍ എന്നിവിടങ്ങളിലാണ് ടൈപ്പ് 1 പ്രമേഹ ബാധിതരില്‍ ഏറെയുമുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ രാജ്യങ്ങളിലാണ് ടൈപ്പ് 1 പ്രമേഹ രോഗികളിലെ 60 ശതമാനവും(5.08 ദശലക്ഷം) വസിക്കുന്നത്. 20ന് താഴെയുള്ള ടൈപ്പ് 1 പ്രമേഹ ബാധിതരില്‍ 2,29,400 കേസുകളുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഇന്‍റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവും പുതുതായി 24,000 പേര്‍ക്ക് ഇന്ത്യയില്‍ ടൈപ്പ് 1 പ്രമേഹം കണ്ടെത്തുന്നു. ജനിതകമായ ഘടകങ്ങളാണ് ഇതില്‍ വലിയ സ്വാധീനം ചെലുത്തുന്നത്. ചിലതരം വൈറല്‍, ബാക്ടീരിയല്‍ അണുബാധകളും വയറിലെയും കുടലിലെയും ബാക്ടീരിയകളില്‍ ഉണ്ടാകുന്ന മാറ്റവും ടൈപ്പ് 1 പ്രമേഹത്തില്‍ പങ്ക് വഹിക്കാമെന്ന് ഗുരുഗ്രാം മാക്സ് ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി ആന്‍ഡ് ഡയബറ്റീസ് കണ്‍സൽറ്റന്‍റ് ഡോ. ഖാലിദ് ജെ ഫറൂഖി പറയുന്നു.
ടൈപ്പ് 1 പ്രമേഹം നിയന്ത്രിക്കാന്‍ മാര്‍ഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ സംഗതി. ടൈപ്പ് 1 രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ പലപ്പോഴും ഇന്‍സുലിന്‍ ചികിത്സ തന്നെ വേണ്ടി വരുമെന്നും മരുന്നുകള്‍ക്ക് ചെറിയ പങ്ക് മാത്രമേ ഇതില്‍ വഹിക്കാനുള്ളൂ എന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: Type 1 diabetes to double by 2040