പാന്‍ക്രിയാസിലെ അര്‍ബുദം: ഈ വേദനാജനകമായ ലക്ഷണം മുഴ പടരുന്നതിന്റെ സൂചന
Mail This Article
ശരീരത്തില്‍ വയറിന് പിന്നിലായി കാണപ്പെടുന്ന ചെറിയ ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കുന്ന ഈ ഗ്രന്ഥി രക്തപ്രവാഹത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെയും പുറത്തേക്ക് വിടുന്നു. ലോകത്തെ സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് പാന്‍ക്രിയാസ് അര്‍ബുദം. എന്നാല്‍ ഈ അര്‍ബുദം പാന്‍ക്രിയാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. വയറിലൂടെ ഇത് കരള്‍, ശ്വാസകോശം, എല്ലുകള്‍, തലച്ചോര്‍ എന്നിങ്ങനെ പല അവയവങ്ങളിലേക്കും പടരാറുണ്ടെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നു.
അര്‍ബുദം പടര്‍ന്നോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കി ലക്ഷണങ്ങളില്‍ വ്യത്യാസമുണ്ടാകാമെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പാന്‍ക്രിയാസിലെ അര്‍ബുദം മൂലം ഏറ്റവുമധികം ബാധിക്കപ്പെടുന്ന ഭാഗം പുറമാണ്. ഇവിടെ നിരന്തരമായ വേദന ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എളുപ്പം പൊട്ടിപോകാവുന്ന ദുര്‍ബലമായ എല്ലുകള്‍, രക്തത്തിലെ കാല്‍സ്യത്തിന്റെ ഉയര്‍ന്ന തോത്, രക്തകോശങ്ങളിലെ കുറവ് എന്നിവയെല്ലാം പാന്‍ക്രിയാസിലെ അര്‍ബുദം പടരുന്നതിന്റെ ലക്ഷണങ്ങളാണ്. രക്തത്തിലെ കാല്‍സ്യം തോത് ഉയരുന്നതിന്റെ ഫലമായി നിര്‍ജലീകരണം, ആശയക്കുഴപ്പം, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാം.
വയറിന് മുകളില്‍ തുടങ്ങി പുറം ഭാഗത്തേക്ക് പടരുന്ന വേദന, മഞ്ഞപിത്തം, ക്ഷീണം, വിശപ്പില്ലായ്മ, നിറം മങ്ങിയ മലം, ഭാരനഷ്ടം, രക്തത്തില്‍ ക്ലോട്ടുകള്‍, ചര്‍മത്തില്‍ ചൊറിച്ചില്‍, പുതുതായി പ്രമേഹം ബാധിക്കുകയോ പ്രമേഹമുള്ളവര്‍ക്ക് രോഗം മോശമാകുകയോ ചെയ്യല്‍, ഛര്‍ദ്ദി, മനംമറിച്ചില്‍ എന്നിവയെല്ലാം പാന്‍ക്രിയാസിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണെന്ന് ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിലെ വിദഗ്ധര്‍ പറയുന്നു.
പ്രായം, ലിംഗപദവി, പുകവലി, അമിതവണ്ണം എന്നിവ ഈ അര്‍ബുദത്തിന്റെ സാധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 45ന് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് സാധാരണ ഗതിയില്‍ പാന്‍ക്രിയാസ് അര്‍ബുദം വരാറുള്ളത്. ഈ അര്‍ബുദം ബാധിക്കുന്നവരില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണുള്ളത്. പുകവലിക്കുന്നവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും അപകടസാധ്യത അധികമാണ്. കൂടുതല്‍ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും എണ്ണയും പഞ്ചസാരയും കുറഞ്ഞതുമായ ഭക്ഷണങ്ങള്‍, നിത്യവുമുള്ള വ്യായാമം, മദ്യപാന നിയന്ത്രണം, പുകവലി ഉപേക്ഷിക്കല്‍ എന്നിവയെല്ലാം പാന്‍ക്രിയാസ് അര്‍ബുദ സാധ്യത കുറയ്ക്കുന്നതാണ്.
Content Summary: Pancreatic cancer: The painful symptom that could indicate a spreading tumour