ഗർഭിണി ആയിരിക്കെ നായ കടിച്ചാൽ?
Mail This Article
ഞാൻ നാലുമാസം ഗർഭിണിയാണ്. തെരുവുനായ്ക്കളെക്കുറിച്ചുള്ള വാർത്തകൾ വല്ലാതെ ആശങ്കപ്പെടുത്തുന്നു. ഗർഭിണി ആയിരിക്കെ നായ കടിച്ചാൽ എന്തു ചെയ്യും? കുഞ്ഞിനെ ബാധിക്കുമോ?
ഉത്തരം : നിലവിൽ പുറത്തുവരുന്ന വാർത്തകൾ ആശങ്കാജനകമാണ്. പേവിഷബാധ പ്രതിരോധിക്കാവുന്ന ഒന്നാണെങ്കിലും ഇത് പിടിപെട്ടാൽ കൃത്യമായ ചികിത്സയോ രോഗമുക്തിയോ ഇല്ല. പേ ബാധിച്ച മൃഗത്തിന്റെ ഉമിനീരിലൂടെയാണ് ഇതു പടരുന്നത്. നമ്മുടെ ശരീരത്തിൽ മുറിവ് ഇല്ലാത്ത സഥലങ്ങളിൽ മൃഗങ്ങൾ നക്കുകയോ തൊടുകയോ ചെയ്താൽ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ട ആവശ്യമില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് പതിനഞ്ചു മിനിറ്റോളം ആ ഭാഗം വൃത്തിയായി കഴുകിയാൽ മതിയാകും.
രണ്ടാമത്തെ കാറ്റഗറി മുറിപ്പാടുകളാണ്. അവിെടയും സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക. കഴുകിയതിനു ശേഷം മുറിവിൽ ബീറ്റാഡിൻ പോലെയുള്ള മരുന്നുകൾ ഇടാവുന്നതാണ്. പിന്നീട് പ്രതിരോധ വാക്സീൻ സ്വീകരിക്കണം.
മൂന്നാമത്തെ കാറ്റഗറി രക്തം പൊടിയുന്ന മുറിവുകളാണ്. ആദ്യം മുറിവ് നേരത്തേ പറഞ്ഞതു പോലെ വൃത്തിയാക്കുക. പിന്നീട് ആന്റി റാബീസ് ഇമ്യൂണോഗ്ലോബുലിനും പ്രതിരോധ കുത്തിവയ്പും സ്വീകരിക്കുക. മുറിവിൽ മഞ്ഞൾപൊടി, എണ്ണ, കാപ്പിപ്പൊടി തുടങ്ങിയ സാധനങ്ങൾ പുരട്ടുന്ന ശീലം നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ട്. ഇങ്ങനെ ചെയ്യുന്നത് മുറിവു പഴുക്കുന്നതിനു കാരണമാകും.
നാലു ഡോസ് വാക്സീനുകളാണുള്ളത്. 0–3–7–28 എന്നീ ദിവസങ്ങളിലായാണ് ഇവ സ്വീകരിക്കേണ്ടത് ഗർഭാവസ്ഥയാണെങ്കിലും പ്രതിരോധ വാക്സീനും ഇമ്യൂണോഗ്ലോബിനും സ്വീകരിക്കുന്നതു സുരക്ഷിതമാണ്. ഈ അവസ്ഥയിൽ പരമാവധി പട്ടിയുടെയും പൂച്ചയുടെയും അടുത്തു നിന്ന് അകലം പാലിക്കുന്നതാണു നല്ലത്. കടി കിട്ടിയാൽ നിര്‍ബന്ധമായും വാക്സീൻ സ്വീകരിക്കണം. മുൻപു വാക്സീൻ എടുത്തവർക്കാണ് കടി കിട്ടിയതെങ്കിൽ സോപ്പു വെള്ളം ഉപയോഗിച്ചു കഴുകുകയും ആദ്യ ദിവസവും മൂന്നാം ദിവസവുമായി ഇൻജക്‌ഷൻ എടുക്കുകയും ചെയ്താൽ മതി.
Content Summary: Dogs bite and Rabies vaccine