വേണ്ടത് ഒരു നിമിഷത്തെ ലഹരി; കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ
Mail This Article
ഒരു നിമിഷത്തെ ലഹരിക്കു വേണ്ടി വിവിധ വസ്തുക്കൾ ഉപയോഗിക്കുന്നവർ നേരിടേണ്ടി വരുന്നതു വലിയ ആരോഗ്യ പ്രശ്നങ്ങൾ. രാസലഹരി വസ്തുക്കളുടെ ഉപയോഗം ശാരീരിക പ്രശ്നങ്ങൾക്കു പുറമേ മാനസികാരോഗ്യത്തെയും ബാധിക്കും. ആരോഗ്യം ക്ഷയിച്ചു തുടങ്ങുമ്പോഴാണു പലപ്പോഴും തിരിച്ചറിയുന്നതെന്നു മാത്രം.
തുടർച്ചയായി എംഡിഎംഎ ഉപയോഗിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണു റിപ്പോർട്ട് ചെയ്യുന്നത്. 7 വർഷത്തോളം തുടർച്ചയായി എംഡിഎംഎ ഉപയോഗിച്ച 2 പേർക്ക് ശരീരത്തിൽ ഗുരുതരമായ ത്വക് രോഗം പിടിപെട്ടു. ഹൈറേഞ്ചിൽ ലഹരിക്ക് അടിമയായ യുവാവ് മെലിഞ്ഞ് എല്ലുകളടക്കം പുറത്തു കാണാവുന്ന വിധത്തിൽ ആരോഗ്യ പ്രശ്നം നേരിട്ടപ്പോഴാണു വീട്ടുകാർ അറിയുന്നത്. ആദ്യത്തെ ഉപയോഗത്തിൽ വായിലെ തൊലി അടർന്നുപോകുന്നുവെന്ന് ഉപയോഗിച്ചവർ പറയുന്നു. എംഡിഎംഎ ഉപയോഗിച്ച് അതിന്റെ ഫലം പോവുന്നതോടെ ഉറക്കം കുറയുകയും കൂടുതലായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. സ്ഥിരമായി ഉപയോഗിക്കുന്നവരിൽ പല്ലുകൊഴിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സിന്തറ്റിക് ലഹരി തലച്ചോറിനെ ബാധിക്കും
എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം പ്രധാനമായും തലച്ചോറിനെയാണു ബാധിക്കുക. തലച്ചോറിന്റെ പ്രധാന പ്രവർത്തനങ്ങളായ ഓർമ രൂപീകരണം, വികാര നിയന്ത്രണം, സ്വഭാവ രൂപീകരണം തുടങ്ങി പല പ്രവർത്തനങ്ങളെയും ഇവ താറുമാറാക്കും. ചിന്താശേഷിയെ ബാധിക്കും. ഇത്തരം ലഹരി ഉപയോഗിക്കുന്നവർ പേടി പോലുള്ള വിഭ്രാന്തി ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. കഞ്ചാവ് വലിക്കുന്നതു മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വരാനും സാധ്യത കൂടുതലാണ്. ലഹരിമരുന്നുകൾ കുത്തിവയ്ക്കുന്നതിന് ഒരു സിറിഞ്ച് തന്നെ പലരും മാറിമാറി ഉപയോഗിക്കുന്നതുമൂലം എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ വരാനും സാധ്യത കൂടുതലാണ്.
എംഡിഎംഎ
സിന്തറ്റിക് ലഹരി മരുന്നായ എംഡിഎംഎ തുടർച്ചയായി ഉപയോഗിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതു കഴിച്ചാൽ പിന്നീട് മൂന്നു ദിവസത്തേക്കു ഉറക്കമില്ല. പിന്നെ ഭക്ഷണം വേണ്ടാതാകും. തൊണ്ട വരളും. ഒന്നും കഴിക്കാൻ തോന്നില്ല. ഭക്ഷണം കഴിക്കാൻ കഴിയാതെ ആകുമ്പോൾ അസ്വസ്ഥതകൾ ഗുരുതരമാകും. മദ്യമോ പുകവലിയോ പോലെയല്ല, എംഡിഎംഎയുടെ പ്രത്യാഘാതങ്ങൾ. സ്ഥിരമായി ഉപയോഗിച്ചാൽ മൂന്നു വർഷത്തിനകം മരണം വരെ സംഭവിക്കാം.
എൽഎസ്ഡി
ലൈസർജിക് ആസിഡ് ഡൈതൈലാമൈഡ് എന്ന എൽഎസ്ഡി കണ്ടാൽ വെറും സ്റ്റാംപ് പോലെ ഇരിക്കും. എന്നാൽ മറു വശത്തു ലൈസർജിക് ആസിഡ് ഡൈതൈലാമൈഡ് സ്പ്രേ ചെയ്യും. സ്റ്റാംപ് പൂർണമായി നാക്കിൽ ഒട്ടിച്ചാൽ അബോധവസ്ഥയിലാകും. എൽഎസ്ഡിയുടേയും ലഹരി ഗുളികയുടെയും നിരന്തര ഉപയോഗം ബുദ്ധിശേഷിയിൽ കുറവു വരുത്തും.
കരളടിച്ചു കളയുന്ന മദ്യം
മദ്യപാനം ഏറ്റവുമധികം ബാധിക്കുന്നത് കരളിനെയാണ്. തുടർച്ചയായ മദ്യപാനം ഫാറ്റിലിവറിനും ലീവർ സീറോസിസിനും വരെ കാരണമാകാം. അൾസർ, ആമാശയത്തിലെയും കുടലിലെയും അർബുദം തുടങ്ങി ഉദര സംബന്ധമായ പല ഗുരുതര രോഗങ്ങൾക്കും മദ്യപാനം പ്രധാന കാരണമാണ്. അമിത മദ്യപാനം ആഗ്നേയ ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലാക്കും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയാൻ ഇടയാക്കും. വിശപ്പ് കുറയാനും അതുവഴി ശരീരഭാരം കുറയാനും മദ്യപാനം കാരണമാണ്. ലൈംഗികമായ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയാണ് മദ്യപാനത്തിന്റെ മറ്റ് ദൂഷ്യഫലങ്ങൾ. മദ്യപാനികളിൽ ആത്മഹത്യാ നിരക്കും കൂടുതലാണ്.
ശ്വാസകോശം സ്പോഞ്ച് പോലെ തന്നെയാണ്
പുകവലി ഏറ്റവുമധികം ബാധിക്കുന്നതു ശ്വാസകോശത്തെയാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങളും ശ്വാസകോശ അർബുദവും ഹൃദ്രോഗവും വരെയുണ്ടാകാൻ പുകവലി കാരണമാകുന്നുണ്ട്. ജീവിതശൈലി രോഗങ്ങൾക്കും വായിലെയും തൊണ്ടയിലെയും അർബുദത്തിനും പുകവലി കാരണമാകാം. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന ടാർ പോലുള്ള വിഷാംശങ്ങൾ വന്നടിയുന്നതുമൂലം ശ്വാസകോശത്തിന്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുകയും ഇത് വർഷങ്ങൾ കഴിയുമ്പോൾ സിഒപിഡി എന്ന ശ്വാസകോശ രോഗത്തിലേക്കു നയിക്കുകയും ചെയ്യാം. ശ്വാസംമുട്ടലും വിട്ടുമാറാത്ത ചുമയുമാണു സിഒപിഡിയുടെ ലക്ഷണങ്ങൾ. പുകവലിക്കുന്നവരിൽ ക്ഷയരോഗ സാധ്യതയും കൂടുതലാണ്.
പാൻ മസാല ഉപയോഗം വായിലെയും തൊണ്ടയിലെയും അർബുദത്തിനു പ്രധാന കാരണമാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അമൽ ഏബ്രഹാം
( കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ജില്ലാ ആശുപത്രി, ഇടുക്കി)
Content summary: Drug related health issues