ADVERTISEMENT

തലച്ചോറിനെയും നട്ടെല്ലിനെയും സംരക്ഷിക്കുന്ന മൂന്ന് പാളികളുള്ള ആവരണമാണ് മെനിഞ്ചസ്. ഈ ആവരണത്തിന് വരുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. ബാക്ടീരിയ, വൈറസ്, ഫംഗസ്, അര്‍ബുദം, തലയ്ക്ക് പരുക്ക് എന്നിങ്ങനെ പല കാരണങ്ങള്‍ മെനിഞ്ചൈറ്റിസിലേക്ക് നയിക്കാം. ഓരോ വര്‍ഷവും 25 ലക്ഷം പേര്‍ക്ക് മെനിഞ്ചൈറ്റിസ് ബാധിക്കപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മെനിഞ്ചൈറ്റിസ് ഉണ്ടാകാം. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളില്‍ അണുബാധ മൂലമുള്ള മരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് മെനിഞ്ചൈറ്റിസ് മരണങ്ങള്‍ക്കുള്ളത്. 

 

ബാക്ടീരിയ ബാധ മൂലമുള്ള മെനിഞ്ചൈറ്റിസ് ആണ് ഏറ്റവും മാരകമായതും സര്‍വസാധാരണമായിട്ടുള്ളതും. ഇത് ബാധിക്കപ്പെടുന്ന 10ല്‍ ഒരാളെന്ന കണക്കില്‍ മരണപ്പെടുന്നു. ബാധിക്കപ്പെടുന്ന അഞ്ചിലൊരാള്‍ക്ക് ജീവിതകാലം മുഴുവന്‍ നീളുന്ന വൈകല്യം സംഭവിക്കാനും സാധ്യതയുണ്ട്. വൈറസ് മൂലമുള്ള മെനിഞ്ചൈറ്റിസും ഗൗരവമാര്‍ന്നതാണെങ്കിലും ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസിന്‍റെ അത്ര കടുത്തതല്ല ഇവ. ആരോഗ്യകരമായ പ്രതിരോധ സംവിധാനമുള്ളവര്‍ക്ക് ഇതിനെ മറികടക്കാന്‍ സാധിക്കും. അന്തരീക്ഷത്തിലെ ഫംഗസ് പൊടികള്‍ ഉള്ളിലെത്തുന്നത് മൂലമുണ്ടാകുന്ന ഫംഗല്‍ മെനിഞ്ചൈറ്റിസും അപൂര്‍വമാണ്. എന്നാല്‍ അര്‍ബുദം, എച്ച്ഐവി, പ്രമേഹം എന്നിവയുള്ളവര്‍ക്ക് ഫംഗല്‍ മെനിഞ്ചൈറ്റിസിന് സാധ്യതയുണ്ട്. 

 

പനി, കഴുത്തു വേദന, തീവ്രമായ പ്രകാശം നേരിടാന്‍ കഴിയാത്ത അവസ്ഥ, ഛര്‍ദ്ദി, സന്ധികള്‍ക്കും കാലുകള്‍ക്കും വേദന, ചുഴലിരോഗം, ചര്‍മത്തില്‍ തിണര്‍പ്പുകള്‍, ആശയക്കുഴപ്പം, തണുത്ത കൈകാലുകള്‍, കടുത്ത തലവേദന, ശിശുക്കള്‍ക്ക് നെറ്റിയില്‍ ഉണ്ടാകുന്ന തടിപ്പ്, ഉറക്കം തൂങ്ങിയിരിപ്പ് എന്നിവയെല്ലാം മെനിഞ്ചൈറ്റിസിന്‍റെ ലക്ഷണങ്ങളാണ്.  ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമുള്ള മെനിഞ്ചൈറ്റിസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. 

 

മെനിഞ്ചൈറ്റിസ്  ചികിത്സ ഇതിന്‍റെ കാരണത്തെ അടിസ്ഥാനമാക്കിയിരിക്കും. ഈ രോഗത്തിന്‍റെ മുഖ കാരണങ്ങളാകാറുള്ള മെനിഞ്ചോകോക്കസ്, ന്യൂമോകോക്കസ് ബാക്ടീരിയകള്‍ക്കും ഹീമോഫിലസ് ഇന്‍ഫ്ളുവന്‍സയ്ക്കും എതിരെ വാക്സീനുകള്‍ ഇന്ന് ലഭ്യമാണ്. വാക്സീനുകള്‍ മൂലം പ്രതിരോധിക്കാന്‍ കഴിയുന്ന ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ് ബാധ 50 ശതമാനവും ഇത് മൂലമുള്ള മരണങ്ങള്‍ 70 ശതമാനവും 2030 ഓടെ കുറയ്ക്കണമെന്നാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്.

Content Summary: Symptoms of Meningitis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com