ADVERTISEMENT

കൊബാലമിന്‍ എന്ന് വിളിക്കപ്പെടുന്നതും വെള്ളത്തില്‍ അലിയുന്നതുമായ വൈറ്റമിന്‍ ബി12 ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷണമാണ്. ചുവന്ന രക്തകോശങ്ങളുടെയും ഡിഎന്‍എയുടെയും നിര്‍മാണത്തിന് വൈറ്റമിന്‍ ബി12 ആവശ്യമാണ്. ഇതിന്‍റെ അഭാവം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കാറുണ്ട്. 

 

ചര്‍മത്തില്‍ മഞ്ഞ നിറം, ചുവന്ന നാക്ക്, വായില്‍ അള്‍സറുകള്‍, സൂചി കുത്തുന്നതു പോലുള്ള തോന്നല്‍, നടത്തത്തിലെ പ്രശ്നം, അമിതമായ ക്ഷീണം, അസ്വസ്ഥത, മനംമറിച്ചില്‍, അതിസാരം, കാഴ്ച പ്രശ്നം, ദേഷ്യം, വിഷാദരോഗം എന്നിവയെല്ലാം വൈറ്റമിന്‍ ബി 2 അഭാവത്തിന്‍റെ ലക്ഷണങ്ങളാണ്. ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിര്‍ന്നവര്‍ക്ക് വൈറ്റമിന്‍ ബി12 അഭാവമുണ്ടാകാനുള്ള സാധ്യത അധികമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൈറ്റമിന്‍ ബി12ന്‍റെ ആവശ്യകത ഓരോ ആളുകളുടെയും പ്രായത്തിനും ലിംഗപദവിക്കും അനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. 

 

നാഡീവ്യൂഹ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് വൈറ്റമിന്‍ ബി12 ആവശ്യമായതിനാല്‍ ഇതിന്‍റെ അഭാവം ധാരണാശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും നയിക്കാം. മാനസിക പ്രശ്നങ്ങള്‍, മേധാക്ഷയം, കടുത്ത വിളര്‍ച്ച, ഹൃദയത്തിലെ രക്തക്കുഴലുകള്‍ക്ക് ക്ഷതം, അകാലനര തുടങ്ങിയ പ്രശ്നങ്ങള്‍ വൈറ്റമിന്‍ ബി12 അഭാവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തതായി 2018ല്‍ നടന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ഓര്‍മക്കുറവ്, പലതരത്തിലുള്ള വ്യക്തിത്വ പ്രശ്നങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍, ഒറ്റപ്പെടുന്ന തോന്നല്‍, കടുത്ത വിഷാദരോഗം എന്നിവയിലേക്കും വൈറ്റമിന്‍ ബി12 അഭാവം നയിക്കാം. വൈറ്റമിന്‍ ബി12ന്‍റെ അഭാവം മൂലം മിഥെയ്ല്‍മലോണൈല്‍-സിഒഎയും ഹോമോസിസ്റ്റൈനും ശരീരത്തില്‍ അടിയുന്നതാണ്  ഹൃദ്രോഗപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. 

 

നാം ഭക്ഷണം കഴിക്കുമ്പോൾ  പലപ്പോഴും വൈറ്റമിന്‍ ബി12 പ്രോട്ടീനുമായി ബന്ധിച്ചാണ് വയറില്‍ പ്രവേശിക്കുക. വയറിലെത്തിയ ശേഷം ഹൈഡ്രോക്ലോറിക് ആസിഡും മറ്റ് എന്‍സൈമുകളും ചേർന്ന്  വൈറ്റമിന്‍ ബി12നെ പ്രോട്ടീനില്‍ നിന്നു പിരിക്കുകയും ശേഷം കുടല്‍ ഇവയെ വലിച്ചെടുക്കുകയും ചെയ്യുന്നു. വയറിലെ ഈ ആസിഡ് തോതിനെ മാറ്റി മറിക്കുന്ന മരുന്നുകളും വൈറ്റമിന്‍ ബി12 ആഗീരണത്തെ ബാധിക്കാം. പ്രായമായവരിലും വയറില്‍ ആവശ്യത്തിന് ആസിഡ് ഇല്ലാത്തത് ഭക്ഷണത്തില്‍ നിന്ന് വൈറ്റമിന്‍ ബി12 ലഭിക്കാത്ത സാഹചര്യം ഒരുക്കാം. 50 വയസ്സിന് മുകളിലുള്ളവരില്‍ 10-30 ശതമാനം പേര്‍ക്ക് ഇത്തരത്തില്‍ ഭക്ഷണത്തില്‍ നിന്ന് വൈറ്റമിന്‍ ബി12 വലിച്ചെടുക്കാനാകാത്ത അവസ്ഥയുണ്ടെന്ന് ഹാര്‍വഡ് സര്‍വകലാശാലയുടെ ഗവേഷണ  റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുടലിന് ചെയ്യുന്ന ശസ്ത്രക്രിയയും ഈ സാഹചര്യം സൃഷ്ടിക്കാം. 

 

ഇറച്ചി, മുട്ട, മീന്‍, പാലുത്പന്നങ്ങള്‍ എന്നിങ്ങനെ മൃഗോത്പന്നങ്ങളാണ് വൈറ്റമിന്‍ ബി12ന്‍റെ സമ്പന്ന സ്രോതസ്സുകള്‍. ഇതിനാല്‍ മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ബി 12 അഭാവമുണ്ടാകാനുള്ള സാധ്യത അധികമാണ്. 

Content Summary: Vitamin B12 deficiency: Study finds personality disorder, other uncommon symptoms associated with this

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com