മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിച്ചാല്‍ ?
Mail This Article
ഏത് പ്രായക്കാര്‍ക്കും അവരുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സമീകൃത പോഷകാഹാരമാണ് മുട്ട. പുഴുങ്ങിയോ, ഓംലൈറ്റ് അടിച്ചോ ബുള്‍സൈയായോ ദിവസവും ഓരോ മുട്ട കഴിച്ചാല്‍ 13 വ്യത്യസ്ത തരം വൈറ്റമിനുകളും പോഷണങ്ങളുമാണ് നമുക്ക് ലഭിക്കുക. എന്നാല്‍ അടുത്തിടെയായി മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നുണ്ട്. ഉയര്‍ന്ന കൊളസ്ട്രോളെന്നും അനാരോഗ്യകരമെന്നുമൊക്കെ മുദ്ര കുത്തിയാണ് പലരും മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിക്കുന്നത്. മസിലുകള്‍ പെരുപ്പിക്കാനാഗ്രഹിക്കുന്ന ഫിറ്റ്നസ് പ്രേമികളിലും ഈ ട്രെന്‍ഡ് വ്യാപകമാണ്.
എന്നാല്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നതിലൂടെ അവശ്യമായ പല പോഷണങ്ങളുമാണ് ശരീരത്തിന് നാം നഷ്ടപ്പെടുത്തുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതിന്‍റെ പാതി ഗുണഫലമേ ഇതിലൂടെ ലഭിക്കുകയുള്ളൂ.
മുട്ടയുടെ മഞ്ഞക്കരുവിലാണ് പോഷണങ്ങള്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളയില്‍ കുറഞ്ഞ തോതിലുള്ള പോഷണങ്ങള്‍ മാത്രമേയുള്ളൂ. വൈറ്റമിന്‍ എ, ഡി, ഇ, കെ, ആറ് വ്യത്യസ്ത തരം ബി വൈറ്റമിനുകള്‍, അയണ്‍, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ് എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇവയുടെ അംശം കൂടുതല്‍ അടങ്ങിയിരിക്കുന്നത് വെള്ളയെ അപേക്ഷിച്ച് മഞ്ഞക്കരുവിലാണ്. പ്രോട്ടീനാണ് മുട്ടയുടെ വെള്ളയില്‍ മുഖ്യമായും ഉള്ളത്.
ഉയര്‍ന്ന കൊളസ്ട്രോള്‍, കൊഴുപ്പ്, സോഡിയം എന്നിവയാണ് മഞ്ഞക്കരു ഉപേക്ഷിക്കാനുള്ള കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പരിമിതമായ തോതില്‍ മുട്ട ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമം ഉള്‍പ്പെടുന്ന സജീവ ജീവിതശൈലിയും പിന്തുടരുന്നവര്‍ക്ക് ഈ കൊളസ്ട്രോളും കൊഴുപ്പും പ്രശ്നമുണ്ടാക്കില്ല. ഭാരം കുറയ്ക്കാനും പേശികള്‍ വികസിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അല്‍പം കൊളസ്ട്രോളും കൊഴുപ്പും ആവശ്യമാണ് താനും.ഊര്‍ജ്ജത്തിന്‍റെ തോത് വര്‍ധിപ്പിക്കാനും പേശികള്‍ വളര്‍ത്താനും സഹായിക്കുന്ന ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണിനും കൊളസ്ട്രോള്‍ ആവശ്യമാണ്. എല്ലുകളുടെ കരുത്ത് വര്‍ധിപ്പിക്കാനാവശ്യമായ വൈറ്റമിന്‍ ഡിയ്ക്കും ഇത് ആവശ്യമാണ്. മുട്ടയിലെ കൊഴുപ്പും പൊതുവേ ആരോഗ്യകരമായിട്ടാണ് കരുതപ്പെടുന്നത്. ശരീരത്തെ ചൂടാക്കാനും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും ഈ കൊഴുപ്പ് സഹായകമാണ്.
എട്ട് മുട്ട വെള്ളയിലും നാല് മുഴുവന്‍ മുട്ടയിലുമുള്ള പോഷണ മൂല്യം പരിശോധിക്കാം
എട്ട് മുട്ടയുടെ വെള്ള
പ്രോട്ടീന്‍-28 ഗ്രാം
കാര്‍ബോഹൈഡ്രേറ്റ്-2 ഗ്രാം
കൊഴുപ്പ്-0
കാലറി-137
നാല് മുഴുവന്‍ മുട്ട
പ്രോട്ടീന്‍-28 ഗ്രാം
കാര്‍ബോഹൈഡ്രേറ്റ്-2 ഗ്രാം
കൊഴുപ്പ്-21 ഗ്രാം
കാലറി-312
നാല് മുട്ടയുടെ വെള്ള കഴിക്കുന്ന സ്ഥാനത്ത് രണ്ട് മുഴുവന്‍ മുട്ടയും കഴിച്ചാല്‍ കൂടുതല്‍ പോഷണങ്ങള്‍ ലഭിക്കും.ആരെങ്കിലും പറയുന്ന കേട്ടിട്ട് മുട്ടയുടെ മഞ്ഞക്കരു ഇനി ഉപേക്ഷിക്കേണ്ടതില്ലെന്ന് ചുരുക്കം.
English Summary : What happens when you eat only egg whites and discard the yolk