ദിവസം 1946 പുതിയ കേസുകള്‍, 10 മരണം; ഇന്ത്യയില്‍ കോവിഡ് നാലാം തരംഗത്തിന്റെ ആരംഭം ?
Mail This Article
ഒമിക്രോണിന്റെ കൂടുതല്‍ പുതിയ ഉപവകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യ നാലാമത് കോവിഡ് തരംഗത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക ശക്തം. കഴിഞ്ഞ 24 മണിക്കൂറില്‍ 1946 പുതിയ കോവിഡ് കേസുകളും 10 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ദീപാവലി ആഘോഷവും എത്തുന്നതോടെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുമോ എന്ന ഉത്കണ്ഠ ആരോഗ്യ വിദഗ്ധരും പങ്കുവയ്ക്കുന്നു.
നാളിതു വരെ 5,28,923 പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിലെ സജീവ കോവിഡ് കേസുകള്‍ ആകെ കോവിഡ് അണുബാധകളുടെ 0.06 ശതമാനമാണ്. ദേശീയ കോവിഡ് വിമുക്തി നിരക്ക് 98.76 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിന്റെ പല പുതിയ ഉപവകഭേദങ്ങളും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്നുണ്ട്. മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ XBB കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു. ബിജെ.1, ബിഎ.2.75 വകഭേദങ്ങള്‍ ചേര്‍ന്ന് സൃഷ്ടിക്കപ്പെട്ട XBB പ്രതിരോധശേഷിയെ വെട്ടിച്ച് അതിവേഗം പടരുമോ എന്ന ആശങ്കയുണ്ട്. അടുത്ത കാലത്ത് സിംഗപ്പൂരില്‍ കോവിഡിന്റെ വന്‍ വ്യാപനത്തിന് ഈ വകഭേദം ഇടയാക്കിയിരുന്നു. മഹാരാഷ്ട്രയിലെ പുണെയില്‍ നിന്ന് ബിഎ.2.3.20, ബിക്യു.1 വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഒമിക്രോണിന്റെ പുതു വകഭേദങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. മാസ്‌കുകളുടെ ഉപയോഗവും കോവിഡ് പ്രതിരോധ മുന്‍കരുതലുകളും രാജ്യത്ത് തുടരേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ വന്‍ തോതില്‍ കൂട്ടം ചേരാനുള്ള സാഹചര്യമുണ്ട്. ആള്‍ക്കുട്ടത്തിലേക്ക് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. കോവിഡ് നിരീക്ഷണവും ജനിതക സീക്വന്‍സിങ്ങും വര്‍ധിപ്പിക്കാനും ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്തു.
Content Summary: Fourth Wave of COVID-19 In India?