പ്രമേഹ ബാധിതരിലെ ‘ഷാർക്കോട്ട് ഫൂട്ട്’ രോഗ സാധ്യത : എങ്ങനെ പ്രതിരോധിക്കാം?
Mail This Article
പ്രമേഹ രോഗികൾക്കിടയിൽ വർധിച്ചു വരുന്ന പാദരോഗമാണു ‘ഷാർക്കോട്ട് ഫൂട്ട്’ (Charcot Foot). പ്രമേഹം നാഡികളെ തകരാറിലാക്കുകയും സംവേദനക്ഷമത നഷ്ടപ്പെടുത്തുകയും ചെയ്യും. ഇതോടെ പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടും. മുറിവുകളുണ്ടാകും. എന്നാൽ, രോഗി ഒരിക്കലും വേദന അറിയുകയില്ല. ഈ ഫൂട്ട് അൾസറുകൾ പെട്ടെന്ന് ഉണങ്ങുകയില്ല. ഇതു മൂലം അസ്ഥികൾ ദുർബലപ്പെടുകയും പാദങ്ങൾക്കു രൂപവ്യത്യാസമുണ്ടാകുകയും ചെയ്യും. ഈ രോഗാവസ്ഥയാണ് ‘ഷാർക്കോട്ട് ഫൂട്ട്’.
പാദം നമ്മുടെ ശരീരത്തിന്റെ അടിത്തറയാണ്. അതിനെ ബാധിക്കുന്ന രോഗങ്ങൾ ശരീരത്തിന്റെ സന്തുലനാവസ്ഥയെ ബാധിക്കും. കേരളത്തിലെ പ്രമേഹ രോഗികളിൽ 7.5% പേർക്കു വരെ ഷാർക്കോട്ട് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. നാഡി പ്രശ്നങ്ങളുള്ള പ്രമേഹ രോഗികളിൽ (ഡയബറ്റിക് റെറ്റിനോപ്പതി) ഷാർക്കോട്ട് രോഗമുണ്ടാകാനുള്ള സാധ്യതയേറെയാണ്. തുടക്കത്തിൽ കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമില്ല. പ്രമേഹം നിയന്ത്രിക്കുകയെന്നതാണ് ഇത്തരം പാദരോഗങ്ങളെ പ്രതിരോധിക്കാനുള്ള വഴി.
ആരോഗ്യമുള്ള കാലുകൾ
∙ പ്രമേഹ രോഗികൾ ദിവസവും കാലുകൾ പരിശോധിച്ച് മുറിവുകളില്ലെന്ന് ഉറപ്പാക്കണം.
∙ കാലിന്റെ അടിഭാഗവും പരിശോധിക്കണം.
∙ ദിവസവും ചെറു ചൂടുവെള്ളത്തിൽ കാൽ കഴുകി, തുടച്ച്, ഉണക്കിയെടുക്കണം. കാൽ വെള്ളത്തിൽ മുക്കിവയ്ക്കരുത്.
∙ കാലിന് അനുയോജ്യമായ ചെരിപ്പുകൾ ഉപയോഗിക്കണം.
∙ ഷൂവാണ് ഉപയോഗിക്കുന്നതെങ്കിൽ നിർബന്ധമായി സോക്സ് ധരിക്കണം.
∙ ഇടയ്ക്ക് ഇരിക്കുമ്പോൾ കാൽ ഉയർത്തിവച്ചോ കാൽ വിരലുകൾ സ്വയം ഇളക്കിയോ കാലിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുക.
∙ കാലുകളിലെ നഖങ്ങൾ വെട്ടുമ്പോൾ മുറിവുകളുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
∙ കാലുകളിൽ ഉണങ്ങാത്ത മുറിവ്, വീക്കം, നിറംമാറ്റം എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുടെ സഹായം തേടുക.
(വിവരങ്ങൾ: ഡോ. രാജേഷ് സൈമൺ, ഫൂട്ട് ആൻഡ് ആംഗിൾ ശസ്ത്രക്രിയ വിദഗ്ധൻ, ദേശീയ പ്രസിഡന്റ്, ഇന്ത്യൻ ഫൂട്ട് ആൻഡ് ആംഗിൾ സൊസൈറ്റി)
Content Summary : Charcot Foot - Causes, Symptoms and Treatment