മരുന്ന് കൃത്യമായി കഴിച്ചിട്ടും പ്രമേഹം അനിയന്ത്രിതമാണോ? കാരണം ഇതാണ്
Mail This Article
പ്രമേഹം ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ സ്ഥിരമായി മരുന്ന് കഴിക്കുകയും അത്യാവശ്യം വ്യായാമം ചെയ്യുകയും ഡയറ്റ് ക്രമീകരിക്കുകയുമൊക്കെ ചെയ്യുന്നവരുണ്ട്. എന്നാൽ ഒരു മാസമോ ഒരു വർഷമോ കഴിഞ്ഞു പരിശോധിക്കുമ്പോൾ ഇവരുടെ ബ്ലഡ് ഷുഗർ നില അനിയന്ത്രിതമായി തുടരുകയായിരിക്കും. എന്തായിരിക്കും ഇതിനു കാരണം? പലപ്പോഴും ഇത് കിഡ്നിയെയും ഹൃദയത്തെയും കണ്ണുകളെയുമൊക്കെ ബാധിച്ചു തുടങ്ങിയിട്ടുമുണ്ടാകും. രോഗികളോടു ചോദിച്ചാൽ പറയുന്നത് ഡോക്ടർ നൽകിയ മരുന്ന് ഞാൻ കൃത്യമായി കഴിച്ചിരുന്നു, പിന്നെ എന്തുകൊണ്ടെന്ന് അറിയില്ല എന്നായിരിക്കും.
ഇവിടെയാണ് ശരിയായ പ്രമേഹ വിദ്യാഭ്യാസത്തിന്റെ ആവശ്യകത വരുന്നത്. മരുന്നുകൾ എപ്പോൾ കഴിക്കണം, ആഹാരത്തിനും മുൻപും ശേഷവും കഴിക്കേണ്ട മരുന്നുകൾ, ഇൻസുലിൻ എടുക്കുന്നുണ്ടെങ്കിൽ അത് ആഹാരത്തിന് എത്ര മണിക്കൂർ മുൻപ് എടുക്കണം, ആഹാരക്രമം തുടങ്ങിയ കാര്യങ്ങൾ രോഗി കൃത്യമായി അറിഞ്ഞിരിക്കണം. ശരിയായ രീതിയിൽ കൃത്യമായി കാര്യങ്ങൾ പിന്തുടരാത്തതാണ് പ്രമേഹ ചികിത്സ സ്വീകരിക്കുന്ന 100 പേരെ എടുത്താൽ 95 ശതമാനം പേരുടെയും പ്രമേഹം അനിയന്ത്രിതമായി തുടരുന്നതിനു കാരണം.
ഡോക്ടർക്കു മുന്നിലെത്തുന്ന ഓരോ രോഗിക്കും ശരിയായ അറിവ് നൽകേണ്ടതുണ്ട്. പെട്ടെന്ന് ഡോക്ടറെ കണ്ട് ഒരു കുറിപ്പടി വാങ്ങി തിരിച്ചു പോകണം എന്ന ചിന്തയോടെയാണ് ഭൂരിഭാഗം രോഗികളും എത്തുന്നത്. പ്രമേഹചികിത്സയിൽ കുറിപ്പടിക്കുള്ള പ്രാധാന്യം വെറും 10 ശതമാനം മാത്രമാണ്. 90 ശതമാനം പ്രമേഹത്തെക്കുറിച്ച് പഠിക്കുക എന്നുള്ളതിനാണ്. രോഗി സംശയങ്ങൾ തോന്നുന്ന മാത്രയിൽ ഫോണിലൂടെ ബന്ധപ്പെട്ട് ദൂരീകരണം നടത്തിവേണം പ്രമേഹചികിത്സ ചെയ്യാൻ.
ഒരു പ്രമേഹരോഗിയുടെ ചികിത്സ ശരിയായി മുന്നോട്ടു പോകണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു 15 മിനിറ്റെങ്കിലും രോഗിയുമായി സംവദിച്ചെങ്കിൽ മാത്രമേ സാധിക്കൂ. ഡോക്ടർക്കു പുറമേ ഡയബറ്റിസ് എജ്യുക്കേറ്റർ, ഡയറ്റീഷൻ, ഡയബറ്റിസ് നഴ്സ് തുടങ്ങിയവരും പ്രമേഹചികിത്സയിൽ പ്രാധാന്യമർഹിക്കുന്നവരാണ്.
Content Summary: Uncontrolled blood sugar and Proper medication