വൃക്കദാനം അപകടകരമാണോ? ദാതാവിന് സാധാരണ ജീവിതം സാധിക്കുമോ; അറിയേണ്ടതെല്ലാം
Mail This Article
ബാംഗ്ലൂരിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന 29 വയസുള്ള രാജേഷ് ഡ്യൂട്ടിക്കിടെ രക്തസമ്മർദം കൂടി തല കറങ്ങി വീണു. വിദഗ്ധ പരിശോധനയിൽ അദ്ദേഹത്തിന്റെ വൃക്കകൾ രണ്ടും തകരാറിൽ ആണെന്നും വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരം എന്നും ഡോക്ടർമാർ നിർദേശിച്ചു. ഭാര്യയുടെ വൃക്ക അദ്ദേഹത്തിന് ചേരില്ലാത്തതിനാൽ ഇളയ സഹോദരൻ രാകേഷ് വൃക്ക കൊടുക്കാൻ തയ്യാറായി. തുടർന്ന് രാജേഷിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. 10 വർഷം പിന്നിടുമ്പോൾ രണ്ടു കുട്ടികൾ ഉള്ള രാജേഷ് ഭാര്യക്കൊപ്പം സൗദയിൽ ജോലി ചെയ്യുന്നു. വൃക്ക നൽകിയ രാകേഷ് കല്യാണം കഴിഞ്ഞ് കുടുംബത്തോടൊപ്പം നാട്ടിൽ ആരോഗ്യത്തോടെ ജീവിക്കുന്നു.
വൃക്ക ദാനം ചെയ്യുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന സംശയങ്ങൾക്ക് ഉള്ള മറുപടിയുമായി മാർ സ്ലീവാ മെഡിസിറ്റി പാലായിലെ നെഫ്രോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. മഞ്ജുള രാമചന്ദ്രൻ
ഇരു വൃക്കകളുടേയും സ്ഥിരമായ സ്തംഭനാവസ്ഥ (ക്രോണിക് കിഡ്നി ഡിസീസ് - സ്റ്റേജ് 5 ) മൂലം ഡയാലിസിസിന് വിധേയരാകുന്ന രോഗികളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽതന്നെ ലക്ഷകണക്കിന് ഡയാലിസിസ് രോഗികളുണ്ട് . ഈ രോഗത്തിന്റെ അവസാന ഘട്ടത്തിൽ ശാശ്വത പരിഹാരം വൃക്കമാറ്റിവയ്ക്കൽ അഥവാ ട്രാൻസ്പ്ലാന്റ് ആണ്. കേരളത്തിൽതന്നെ പതിനായിരക്കണക്കിന് രോഗികൾ വൃക്ക മാറ്റിവയ്ക്കലിന് വേണ്ടിയുള്ള വെയ്റ്റിംഗ് ലിസ്റ്റിലുണ്ട് .
വൃക്ക മാറ്റിവയ്ക്കലിനുള്ള പ്രധാന തടസ്സങ്ങൾ എന്തെല്ലാമാണ് ?
വൃക്കയുടെ ലഭ്യതക്കുറവ് തന്നെയാണ് പ്രധാന തടസ്സം. നിലവിലുള്ള നിയമം അനുസരിച്ചു വൃക്ക സ്വീകരിക്കാവുന്നത് മൂന്നു തരത്തിലാണ് :
1 ) രോഗിയുടെ ബന്ധത്തിലുള്ളവർ (ലൈവ് റിലേറ്റഡ് ഡോണർ)
2 ) പ്രതിഫലം ഇച്ഛിക്കാതെ സഹജീവിയോടുള്ള കാരുണ്യം കൊണ്ട് സ്വമേധയാ അവയവ ദാനത്തിനു മുന്നോട്ടു വരുന്നവർ (അൾട്രൂസ്റ്റിക് ഡോണർ)
3 ) മസ്തിഷ്ക മരണം സംഭവിച്ചവർ (കടാവറിക് ഡോണർ)
രക്തഗ്രൂപ്പിന്റെ ചേർച്ചയാണ് ദാതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഏറ്റവും പ്രധാനഘടകം. ജീവിതശൈലി രോഗങ്ങൾ സർവ സാധാരണമായതോടുകൂടി പൂർണാരോഗ്യമുള്ള ദാതാക്കളെ ലഭിക്കുന്നതും പ്രയാസമായിരിക്കുന്നു.
വൃക്കദാനം അപകടകരമാണോ ?
തീർച്ചയായും അല്ല. വൃക്കദാതാവിനെ അനേകം ടെസ്റ്റുകൾക്ക് വിധേയരാക്കാറുണ്ട്. അത് സ്വീകർത്താവിനു വൃക്ക അനുയോജ്യമാകും എന്ന് ഉറപ്പിക്കുക മാത്രമല്ല, ദാതാവിനു അവയവദാനം ചെയ്യുന്നത് കൊണ്ട് ഭാവിയിൽ ഒരു ഭവിഷ്യത്തുകളും ഉണ്ടാവുന്നില്ല എന്ന് ഉറപ്പിക്കാനും വേണ്ടി കൂടിയാണ്. ഓപ്പറേഷൻ സമയത്തു സങ്കീർണത ഉണ്ടാവില്ല എന്ന് ഉറപ്പിക്കാൻ ഡോക്ടർമാരുടെ ഒരു പാനൽ ദാതാവിനെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു.
വൃക്ക എടുക്കുന്നത് മേജർ സർജറി ആണോ ?
രണ്ടു രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയയിലൂടെ ആണ് വൃക്ക ദാതാവിൽ നിന്നും വേർപ്പെടുത്തി എടുക്കുന്നത്. മൂന്നു തരത്തിൽ വൃക്ക നീക്കം ചെയ്യാം .
1 ) വയറു കീറിയുള്ള സർജറി അഥവാ ഓപ്പൺ നെഫ്രക്ടമി
2 ) താക്കോൽ ദ്വാര ശസ്ത്രക്രിയ അഥവാ ലാപ്രോസ്‌കോപ്പിക് നെഫ്രക്ടമി
3 ) റോബോട്ടിക് അസ്സിസ്റ്റഡ് നെഫ്രക്ടമി
ലാപ്രോസ്‌കോപ്പിക്, റോബോട്ടിക് സർജറിക്കു വിധേയരാകുന്ന ദാതാക്കൾക്ക് ഓപ്പറേഷനു ശേഷമുള്ള വേദന വളരെ കുറവാണ്. മൂന്നാം ദിവസം കഴിയുമ്പോൾ ഡിസ്ചാർജ് ആവുകയും ഒരാഴ്ചയ്ക്ക് ശേഷം വിശ്രമം അവസാനിപ്പിക്കുകയും ചെയ്യാം.
വൃക്കദാതാവിന് സാധാരണ ജീവിതം സാധിക്കുമോ ?
തീർച്ചയായും. ഒരു വൃക്ക മാത്രമാവുമ്പോൾ അതിനു രണ്ടു വൃക്കകളുടെയും ജോലി ചെയ്യാനുള്ള കഴിവ് സ്വയവേ നേടുന്നത് (അഡാപ്റ്റീവ് ഹൈപ്പർ ഫിൽറ്ററേഷൻ) കൊണ്ട്, ദാതാക്കൾക്ക് സാധാരണ ജീവിതം പ്രാപ്യമാണ്. വൃക്ക ദാനത്തിനു ശേഷം സ്ത്രീകൾക്ക് ഗർഭധാരണവും പ്രസവവുമെല്ലാം മറ്റേതൊരാളെ പോലെതന്നെ സാധ്യമാണ് .
ദാതാവ് സ്ഥിരമായി മരുന്നുകൾ കഴിക്കേണ്ടി വരാറുണ്ടോ ?
ഇല്ല . ഡിസ്ചാർജിനു ശേഷം മരുന്നുകളുടെ ആവശ്യമില്ല .
വൃക്കദാനം ഏറ്റവും മഹത്തരമായ ഒരു ദാനമാണ്. ജീവിതയാത്രയിൽ പെട്ടെന്ന് നിരാലംബരായി പോകുന്ന നമ്മുടെ സഹജീവികളോട് ചെയ്യാവുന്ന ഏറ്റവും വലിയ ഒരു പുണ്യപ്രവൃത്തി .
ഫാ. ജേക്കബ് മുരിക്കൽ, ഫാ. ഡേവിസ് ചിറമേൽ , കൊച്ചൗസേഫ് ചിറ്റില്ലപ്പള്ളി എന്നിവരുടെ പാതയിലേക്ക് കൂടുതൽ പേർ കടന്നു വരട്ടെ. രണ്ടുള്ളവൻ ഒന്നുമില്ലാത്തവന് ഒരെണ്ണം കൊടുക്കട്ടെ …
ഡോ. മഞ്ജുള രാമചന്ദ്രൻ
സീനിയർ കൺസൽറ്റന്റ് നെഫ്രോളജിസ്റ്റ് & റീനൽ ട്രാൻസ്‌പ്ലാന്റ്
മാർ സ്ലീവാ മെഡിസിറ്റി പാലാ.
Like our page: https://www.facebook.com/MarSleevaMedicityPalai/
Follow us on Instagram: https://www.instagram.com/mar_sleevamedicitypalai/
Website : https://marsleevamedicity.com/
YouTube : https://youtube.com/c/MarSleevaMedicityPalai
Ph: 04822-269 500 /700 & 359 900
Content Summary: Kidney Transplantation