‘ഒച്ച’ അത്ര വലിയ പ്രശ്നമാണോ? അല്ലെന്നു തോന്നാം; എന്നാൽ, ഈ അനുഭവ കഥ കേൾക്കുക
Mail This Article
പെട്ടെന്നു കേൾവി ശക്തി കുറഞ്ഞതിനെ തുടർന്ന് 21 വയസ്സുള്ള യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ ഒരു ചെവിയുടെ കേൾവി ശക്തി കുറഞ്ഞതായി കണ്ടെത്തി. ഡിജെ പാർട്ടികളിൽ പങ്കെടുക്കാറുള്ള യുവാവിന്റെ കേൾവി ശക്തിയെ ബാധിച്ചത് അവിടുത്തെ ഉയർന്ന ശബ്ദമാണ്. 80 ഡെസിബെല്ലിനു മുകളിലുള്ള ശബ്ദം അര മണിക്കൂർ തുടർച്ചയായി കേട്ടാൽ ചെവിക്കു പ്രശ്നം വരാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. നമ്മുടെ റോഡുകളിലെ ശബ്ദം പോലും 80 ഡെസിബെല്ലിനു മുകളിലാണ്. അപ്പോൾ ഡിജെ പാർട്ടികളിലെ കാര്യം പറയേണ്ടതുണ്ടോ?
നൂറു കടക്കുന്ന ശബ്ദം
നാഷനൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ട് (നിസ്) അടുത്തിടെ നടത്തിയ പരിശോധനയിൽ കൊച്ചി ഇടപ്പള്ളി ജംക്‌ഷനിലെ ശബ്ദം 105.9 ഡെസിബെൽ വരെ ഉയരുന്നുണ്ടെന്നു കണ്ടെത്തി. എംജി റോഡ് (94.6 ഡെസിബെൽ), കെഎസ്ആർടിസി ബസ് സ്റ്റാൻഡ് (98.6 ഡെസിബെൽ), സ്റ്റേഡിയം മെട്രോ സ്റ്റേഷൻ (93.5 ഡെസിബെൽ) എന്നിങ്ങനെയാണു മറ്റു പോയിന്റുകളിലെ ശബ്ദത്തിന്റെ അളവ്.
ശബ്ദ മലിനീകരണം കുറയ്ക്കാനായി നിസ്സിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം പ്രചാരണ പരിപാടികൾ നടന്നിരുന്നു. വൻ ശബ്ദമുണ്ടാക്കുന്ന എയർ ഹോണുകൾ മോട്ടർ വാഹന വകുപ്പ് പിടികൂടാനും തുടങ്ങി. കോവിഡ് കാലത്തു മറ്റു മലിനീകരണങ്ങൾക്കൊപ്പം ശബ്ദ മലിനീകരണവും കുറഞ്ഞിരുന്നു. എന്നാൽ, വീണ്ടും ശബ്ദമുയരാൻ തുടങ്ങിയെന്നാണു പരിശോധനകൾ നൽകുന്ന സൂചന.
ഒച്ച കൂടിയാൽ ഹാനികരം
ശബ്ദ മലിനീകരണം മൂലം ഒറ്റയടിക്കു ബാധിക്കാത്തതു കാരണം അതു സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. എന്നാൽ ശബ്ദ മലിനീകരണം മൂലം ശാരീരികവും മാനസികവുമായി ഒട്ടേറെ പ്രശ്നങ്ങളുണ്ടാകും. കേൾവിക്കുറവ് അതിൽ ഒന്നു മാത്രം. തുടർച്ചയായി ഉയർന്ന ശബ്ദം കേൾക്കുന്നതു മൂലം തലവേദന, ഹൃദയമിടിപ്പിലെ വർധന, രക്ത സമ്മർദത്തിലെ ഏറ്റക്കുറച്ചിലുകൾ, ഹൃദയവേദന, ശ്രദ്ധക്കുറവ്, ഓർമശക്തി കുറയൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. വിഷാദരോഗം, ഉറക്കമില്ലായ്മ, വൈകാരികമായ ബുദ്ധിമുട്ടുകൾ തുടങ്ങി മാനസിക പ്രശ്നങ്ങൾക്കും ശബ്ദ മലിനീകരണം കാരണമാകും.
Content Summary: Is 'noise' such a big problem?