മൂത്രനിയന്ത്രണമില്ലായ്മ: പരിഹാരമുണ്ട്, ചികിത്സാമാർഗങ്ങൾ അറിയാം
Mail This Article
ഡോക്ടറെ കാണാനെത്തിയ വയോധികന് എന്താണു തന്റെ പ്രശ്നമെന്നു പറയാൻ തന്നെ മടി. ഒടുവിൽ കാര്യം പറഞ്ഞു– ‘‘ചുമയ്ക്കുമ്പോൾ മൂത്രം പോകുകയാണു ഡോക്ടർ. ഇതു മൂലം വല്ലാത്ത മാനസികസമ്മർദത്തിലാണ്.’’
ഒട്ടേറെ വയോധികരെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥയാണിത്. മൂത്രം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ഇവരെ കടുത്ത മനോവിഷമത്തിലേക്കു തള്ളിവിടുന്നു.
മൂത്രനിയന്ത്രണമില്ലായ്മ നാലു വിഭാഗത്തിലാണുള്ളത്–ചുമയ്ക്കുമ്പോൾ മൂത്രം പോകുന്നത്, മൂത്രമൊഴിക്കാൻ തോന്നിയാൽ നിയന്ത്രിക്കാൻ കഴിയാത്തത്, മൂത്രനിയന്ത്രണ മാംസപേശിയുടെ തകരാർ കൊണ്ട് മൂത്രം എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നത്, മൂത്രതടസ്സം മൂലം മൂത്രം കവിഞ്ഞൊഴുകുന്നത് എന്നിങ്ങനെ.
ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടെന്നത് ആശ്വാസകരമാണ്. ചുമയ്ക്കുമ്പോൾ മൂത്രം പോകുന്നതിന് പെൽവിക് മാംസപേശികളുടെ വ്യായാമം, മരുന്നുകൾ, സ്ലിങ് ശസ്ത്രക്രിയകൾ, ടിവിടി, ടിഒടി മുതലായ ശസ്ത്രക്രിയാ മാർഗങ്ങൾ എന്നിവ ഫലപ്രദമാണ്. നിയന്ത്രിക്കാൻ കഴിയാതെ മൂത്രം പോകുന്നതിന് വിവിധ മരുന്നുകൾ ഫലപ്രദമാണ്. മൂത്രസഞ്ചിക്കകത്തു കുത്തിവയ്ക്കുന്ന ബോട്ടോക്സ് മരുന്നുകൾ, ന്യൂറോമോഡ്യുലേഷൻ മുതലായവ രോഗശാന്തി നൽകും.
മൂത്രനിയന്ത്രണ മാംസപേശിക്കുള്ള തകരാർ (ഉദാഹരണം– പ്രോസ്റ്റേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം ഉണ്ടാകുന്നത്) മൂലം ഉണ്ടാകുന്ന മൂത്രനിയന്ത്രണമില്ലായ്മയ്ക്ക് ആന്റികൊളിനേർജിക് മരുന്നുകൾ, ബീറ്റാ 3 അഗണിസ്റ്റ് മരുന്നുകൾ മുതലായവ ഫലപ്രദമാണ്.
ഒരു വർഷത്തോളം ചികിത്സിച്ചിട്ടും ഇത്തരം മൂത്രനിയന്ത്രണമില്ലായ്മ മാറിയില്ലെങ്കിൽ ആർട്ടിഫിഷ്യൽ യൂറിനറി സ്ഫിങ്ടർ ശസ്ത്രക്രിയ വഴി ഇതു പൂർണമായി സുഖപ്പെടുത്താം.
പ്രോസ്റ്റേറ്റ് വീക്കം മുതലായ കാരണത്താൽ മൂത്രതടസ്സം മൂലം മൂത്രം കവിഞ്ഞൊഴുകുന്നത് വിവിധ എൻഡോസ്കോപ്പിക് ശസ്ത്രക്രിയകൾ, ടിയുആർപി ശസ്ത്രക്രിയ, എൻഡോസ്കോപ്പിക് ലേസർ ശസ്ത്രക്രിയകൾ (ഹോൾമിയം, തൂളിയം ലേസറുകൾ ഉപയോഗിച്ച്) എന്നിവ വഴി പരിഹരിക്കാം.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൻ. ഗോപകുമാർ, സീനിയർ കൺസൽറ്റന്റ് യൂറോളജിസ്റ്റ്, അനന്തപുരി ഹോസ്പിറ്റൽ, തിരുവനന്തപുരം.
Content Summary: Uncontrolled Urination treatment