ADVERTISEMENT

ചൈനയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഒമിക്രോൺ ഉപവകഭേദത്തെ നേരിടാൻ ചെയ്യേണ്ട മൂന്ന് കാര്യങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധൻ ഡോ. ബി.ക്ബാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്

 

ചൈനയിൽ വ്യാപിച്ച് വരുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബി എ എഫ് 7 (ബി.എ.5.2.17) ഇന്ത്യയിലും എത്തിക്കഴിഞ്ഞു എന്ന വാർത്ത സ്വാഭാവികമായും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഗുജറാത്തിലും ഒഡീഷയിലുമാണ് ബിഎഎഫ് 7 കണ്ടെത്തിയത്. ബിഎഎഫ് 7 ഉപവകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. എന്നാൽ അതുണ്ടാക്കാനിടയുള്ള കോവിഡ് രോഗത്തിന്റെ തീവ്രത കുറവായിരിക്കും. എങ്കിലും വ്യാപനനിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ രോഗം കൂടുതൽ പേരെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട് മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാവാം.

ഈ സാഹചര്യത്തിൽ മൂന്ന് നടപടികളാണ് സ്വീകരിക്കാനുള്ളത്

1. കോവിഡ് വാക്സീൻ രണ്ട് ഡോസും ബൂസ്റ്റർ ഡോസും എല്ലാവരും സ്വീകരിച്ചു എന്നുറപ്പുവരുത്തുക. പുതിയ വകഭേദങ്ങൾക്ക് ഭാഗികമായ വാക്സീൻ അതിജീവനശേഷിയുള്ളതിനാൽ വാക്സീൻ എടുത്താലും ചിലരെ കോവിഡ് ബാധിച്ചു എന്നു വരാം. എന്നാൽ രോഗം ഗുരുതരമാവുകയോ മൂർച്ഛിക്കുകയോ ചെയ്യില്ല, ലോകമെമ്പാടും വാക്സിനേഷൻ ആരംഭിച്ച ശേഷം മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ലഭ്യമായ വാക്സീൻ ആദ്യമായി പ്രത്യക്ഷപ്പെട്ട വൈറസ് വകഭേദത്തിന്റെ അടിസ്ഥാനത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇതിനകം പ്രത്യക്ഷപ്പെട്ട എല്ലാ വകഭേദങ്ങളെയും ഉപവകഭേദങ്ങളെയും പ്രതിരോധിക്കുന്ന വാക്സീൻ വൈകാതെ ഉല്പാദിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് 

2. മാസ്ക് ധാരണം തുടരുക. കോവിഡ് തടയാൻ മാത്രമല്ല വായുവിലൂടെ പകരുന്ന ഫ്ലൂ, ആർഎസ്വി (റെസ്പിരറ്ററി സിൻസിഷ്യൽ വൈറസ്) വിഭാഗത്തിൽ പെട്ട വൈറസുകൾ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധകളിൽനിന്നു രക്ഷപ്പെടാനും മാസ്ക് സഹായിക്കും. ഈ മൂന്ന് വിഭാഗത്തിൽ പെട്ട ശ്വാസകോശ രോഗാണുബാധയെ ട്രിപ്പിളെഡെമിക് (Tripledemic) എന്നാണു വിശേഷിപ്പിക്കുന്നത്. മാത്രമല്ല പൊതുനിരത്തിലും മറ്റുമുള്ള വായുമലിനീകരണം, പൊടിശല്യം എന്നിവയിൽനിന്നും മാസ്ക് സുരക്ഷ നൽകും. ആസ്മ പോലുള്ള ശ്വാസകോശരോഗമുള്ളവർക്ക് ഇത് വളരെ സഹായകരമായിരിക്കും.

എല്ലാവരും ഇനിമുതൽ എപ്പോഴും വീട്ടിൽനിന്നു പുറത്തേക്ക് പോകുമ്പോൾ മാസ്ക് കരുതണം. ആൾക്കൂട്ട സന്ദർഭങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും (ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്) അടഞ്ഞ എസി മുറികളിലും നിർബന്ധമായും മാസ്ക് ധരിക്കണം. മാസ്ക് ഉപയോഗം ജീവിതരീതിയുടെ ഭാഗമാവണം. 

health-expert-dr-b-ekbal
ഡോ. ബി. ഇക്ബാൽ

3. കോവിഡ് വൈറസിന്റെ ജനിതകശ്രേണീകരണം (ജനറ്റിക് സ്വീക്വൻസിങ്ങ്) തുടരേണ്ടതാണ്. പുതിയ വകഭേദങ്ങൾ, ഉപവകഭേദങ്ങൾ ഇവ കാലേകൂട്ടി കണ്ടെത്തി കരുതൽനടപടികൾ സ്വീകരിക്കാനും മറ്റു പ്രദേശങ്ങളെയും രാജ്യങ്ങളെയും ജാഗ്രതപ്പെടുത്താനും ഇതാവശ്യമാണ്. അതോടൊപ്പം, ഏതെങ്കിലും പ്രദേശത്തോ സ്ഥാപനങ്ങളിലോ കോവിഡ് കേന്ദീകരിച്ച് കൂടുതലായി (ക്ളസ്റ്ററിങ്) കണ്ടാൽ ഇവിടങ്ങളിലെ രോഗികളിൽനിന്നും, പതിവു രോഗലക്ഷണങ്ങളിൽനിന്നു വ്യത്യസ്തമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളിൽനിന്നും സാംപിളുകളെടുത്ത് ജനിതക ശ്രേണീകരണം നടത്താൻ ശ്രമിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com