ഹൃദയം നിലച്ചാല്‍ അതിജീവന സാധ്യത കൂടുതല്‍ പുരുഷന്മാര്ക്ക്
Mail This Article
പെട്ടെന്ന് ഹൃദയം നിലച്ച് പോകുന്ന അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്ന് ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഹൃദയം നിലച്ചാല്‍ രക്തചംക്രമണം പുനഃസ്ഥാപിക്കാന്‍ ചെയ്യേണ്ട സിപിആര്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ വൈകുന്നതാണ് ഇതിന്‍റെ കാരണങ്ങളില്‍ ഒന്നെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയിലെ ഡേറ്റ ഗവേഷണത്തിനായി ഉപയോഗപ്പെടുത്തി. പെട്ടെന്ന് ഹൃദയം നിലച്ച് പോയ ഒരു ലക്ഷത്തിലധികം പേരുടെ വിവരങ്ങളും പതിനായിരത്തിലധികം ഡിഎന്‍എ സാംപിളുകളും ഈ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുന്നു. ഹൃദയം നിലച്ച് 10 മുതല്‍ 20 മിനിറ്റുകള്‍ക്കകം രക്തചംക്രമണം പുനഃസ്ഥാപിക്കാതിരിക്കുന്നത് മരണത്തിലേക്ക് നയിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനാല്‍ തന്നെ ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ രോഗിക്ക് സിപിആര്‍ നല്‍കി തുടങ്ങുന്നത് അതിജീവന സാധ്യത മൂന്ന് മടങ്ങ് വര്‍ധിപ്പിക്കും.
സ്ത്രീകള്‍ക്ക് സിപിആര്‍ ലഭിക്കാന്‍ വൈകുന്നത് ഹൃദയാഘാത ലക്ഷണങ്ങള്‍ ഇവരില്‍ പ്രകടമല്ലാത്തത് മൂലമാകാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. നെഞ്ചു വേദന, നെഞ്ചിന് കനം തുടങ്ങിയ പ്രകടമായ ലക്ഷണങ്ങളാണ് പുരുഷന്മാരില്‍ ഹൃദയം നിലയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. അതേ സമയം മനംമറിച്ചില്‍, ക്ഷീണം, ശ്വാസംമുട്ടല്‍ പോലുള്ള ലക്ഷണങ്ങളാണ് സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനത്തിന് മുന്നോടിയായി വരാറുള്ളത്. ഇത് രോഗനിര്‍ണയവും സിപിആര്‍ ലഭ്യതയും വൈകാന്‍ കാരണമാകുന്നതായി ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കൊറോണറി ഹൃദ്രോഗം, വിഷാദം, ഹൃദയാഘാതത്തിന്‍റെ കുടുംബചരിത്രം എന്നിങ്ങനെ സ്ത്രീകളില്‍ ഹൃദയസ്തംഭന സാധ്യ വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. പുകവലി ഒഴിവാക്കിയും ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്തും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടര്‍ന്നും ഇടയ്ക്കിടെ പരിശോധനകള്‍ നടത്തിയും ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ്.
Content Summary: Why Women Are Less Likely to Survive Sudden Cardiac Arrest Than Men