2023 കൂടുതൽ സമ്മർദം നിറഞ്ഞ വർഷമാകുമോ? സർവേ ഫലങ്ങൾ പറയുന്നത്
Mail This Article
പുതുവർഷം പോയ വർഷത്തിന്റെ കണക്കെടുപ്പിനൊപ്പം വരും വർഷത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടി പങ്കുവയ്ക്കാനുള്ള സമയമാണ്. എന്നാൽ പോയ വർഷത്തേക്കാൾ സമ്മർദം നിറഞ്ഞതാകും 2023 എന്നാണ് അമേരിക്കയിൽ അടുത്തിടെ നടന്ന ഒരു സർേവയില്‍ പങ്കെടുത്തവരിൽ നല്ലൊരു പങ്കും അഭിപ്രായപ്പെടുന്നത്. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ ഹെൽത്തി മൈൻഡഡ് പോൾ സർവേയാണ് വരും വർഷത്തെക്കുറിച്ച് അത്ര ശുഭാപ്തി വിശ്വാസമില്ലാത്ത പ്രതീക്ഷകൾ പങ്കുവയ്ക്കുന്നത്.
പ്രായപൂർത്തിയായ 2,200 അമേരിക്കക്കാരെ പങ്കെടുപ്പിച്ച് നടത്തിയ സർവേയില്‍ 26 ശതമാനവും പുതുവർഷം കൂടുതൽ സമ്മർദം നിറഞ്ഞതാകുമെന്ന് കരുതുന്നു. മുൻവർഷം നടത്തിയ ഇതേ സർവേയിൽ 20 ശതമാനം പേർ മാത്രമായിരുന്നു അഭിപ്രായപ്രകടനം നടത്തിയത്.
വ്യക്തിപരമായ സമ്പത്താണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം, ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, കുടുംബവും കൂട്ടുകാരുമായുള്ള ബന്ധങ്ങൾ, തൊഴിൽ സുരക്ഷ എന്നിവയും ഉത്കണ്ഠയ്ക്ക് കാരണമാകുന്നതായി സർവേ റിപ്പോർട്ട് പറയുന്നു. രണ്ട് വർഷത്തിലധികമായി നീളുന്ന കോവിഡ് മഹാമാരി, യുദ്ധവും അതിർത്തി തർക്കങ്ങളും മറ്റും മൂലമുണ്ടാകുന്ന അനിശ്ചിതാവസ്ഥ, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക എന്നിവയും ജനങ്ങളെ സമ്മർദത്തിലാഴ്ത്തുന്നതായി വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ അസോസിയേറ്റ് പ്രഫസർ ഓഫ് സൈക്യാട്രി ആൻഡ് ബിഹേവിയറൽ സയൻസസ് ലിൻഡ്സേ മക്‌കെർനാൻ പറയുന്നു.
ഉറക്കക്കുറവ്, വിശപ്പിലുണ്ടാകുന്ന വ്യത്യാസം, മൂഡ് മാറ്റങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവയെല്ലാം മാനസിക സമ്മർദത്തിന്റെ സൂചനകളാണെന്ന് നാഷനൽ അലയൻസ് ഓൺ മെന്റൽ ഇൽനെസ്സും അഭിപ്രായപ്പെടുന്നു. മുൻപത്തേതിനെ അപേക്ഷിച്ച് കൂടുതൽ പേർ മാനസിക സമ്മർദത്തെ കുറിച്ച് ബോധവാന്മാരാണെന്നും സർവേ പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ 29 ശതമാനം പേരും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പുതുവർഷ പ്രതിജ്ഞകൾ എടുക്കുമെന്ന് അഭിപ്രായപ്പെടുന്നു. മെഡിറ്റേഷൻ, വ്യായാമം, ആത്മീയത, സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഇടവേള, ഡയറി എഴുത്ത് എന്നിവയെല്ലാം പുതുവർഷ പ്രതിജ്ഞകളിൽ പലരും ഉൾപ്പെടുത്തുന്നു. മാനസിക ബുദ്ധിമുട്ടുകൾക്ക് തെറാപ്പി േതടുമെന്ന പ്രതിജ്ഞ പുതുവർഷ തീരുമാനങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി എന്നതും ശുഭകരമായ മാറ്റമായി മന:ശാസ്ത്ര വിദഗ്ധർ കണക്കാക്കുന്നു.
Content Summary: Adults say they're expecting more stress in 2023