പല്ല് എടുത്തുകളഞ്ഞാൽ കൃത്രിമപ്പല്ലുകൾ വയ്ക്കണോ?
Mail This Article
പല്ലുവേദന വന്ന് വിഷമിച്ചിരിക്കുന്ന മുതിർന്ന പൗരന്മാർ പലപ്പോഴും കേട്ടിട്ടുണ്ടാകും ഈ ചോദ്യം– ‘‘ഈ പ്രായത്തിൽ എന്തിനാ പല്ല്, അതങ്ങ് എടുത്തുകളഞ്ഞാൽ പോരേ?...’’
പ്രായമായെന്നുവച്ച് പല്ല് വേണ്ടെന്നു വയ്ക്കാൻ പറ്റുമോ? പല്ല് നിലനിർത്തി പല്ലുവേദന ഇല്ലാതാക്കാൻ ഒട്ടേറെ ചികിത്സാരീതികൾ ലഭ്യമാണ്. പല്ല് എടുത്തുകളഞ്ഞാലും കൃത്രിമപ്പല്ല് വയ്ക്കണം.
പല്ല് എടുത്തുകളഞ്ഞാൽ
പല്ലുകൾ താടിയെല്ലിൽ നാരുകൾ പോലുള്ള ലിഗ്‌മെന്റ് കൊണ്ടാണ് ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. അതിനാൽ ഭക്ഷണം ചവച്ചരയ്ക്കുന്ന ബലം എല്ലുകളിലേക്കും എത്തുന്നുണ്ട്. പല്ലുകൾ വായ്ക്കുള്ളിൽ ചേർന്നു മുട്ടിയാണ് ഇരിക്കുന്നത്. അതിനാൽ, കൃത്രിമമായി പല്ല് വയ്ക്കാതെ ഒരു പല്ല് എടുത്തുകളഞ്ഞാൽ ഭക്ഷണം ചവച്ചരയ്ക്കുമ്പോൾ ആ ഭാഗത്തെ എല്ലിൽ ബലം എത്താതിരിക്കുകയും ക്രമേണ ആ എല്ല് ദ്രവിച്ചു തുടങ്ങുകയും ചെയ്യും. ഇതോടൊപ്പം പല്ലുകൾക്കിടയിൽ ഉണ്ടാവുന്ന വിടവു മൂലം, എടുത്തുകളഞ്ഞ പല്ലിന്റെ പിറകിലത്തെ പല്ല് മുന്നോട്ടു ചെരിയാൻ കാരണമാകുകയും ആ പല്ല് ഉപയോഗിച്ച് ഭക്ഷണപദാർഥങ്ങൾ ചവയ്ക്കുന്നതിനു ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. കളഞ്ഞ പല്ലിന്റെ എതിർദിശയിലെ പല്ലുകൾ മോണയിൽ നിന്ന് ഇറങ്ങിവരികയും ആ പല്ലിന് പുളിപ്പും ക്രമേണ ബലക്ഷയവും ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. ഇതു പോലെ അധികം പല്ലുകൾ നഷ്ടപ്പെട്ടാൽ താടിയെല്ലിന്റെ പ്രവർത്തനത്തെ ബാധിക്കും. വായ തുറക്കുമ്പോൾ ശബ്ദമുണ്ടാവുകയും ചെയ്യും. ഇത് ക്രമേണ വേദനയ്ക്കും കാരണമാകും. അതിനാൽ, പല്ല് എടുക്കേണ്ടി വന്നാലും കൃത്രിമമായി പല്ല് വയ്ക്കേണ്ടതാണ്.
കൃത്രിമപ്പല്ലുകൾ പലതരം
ഡെൻചർ എന്നാണ് കൃത്രിമപ്പല്ലുകൾക്കു പറയുന്നത്. ഊരിയെടുക്കാവുന്നതും സ്ഥിരമായി ഉറപ്പിച്ചു വയ്ക്കാവുന്നതുമായ ഡെൻചറുകൾ ഉപയോഗിക്കാവുന്നതാണ്. മെറ്റൽ അല്ലെങ്കിൽ അക്രിലിക് പോലുള്ള വസ്തുക്കൾ കൊണ്ടു നിർമിച്ച പ്ലേറ്റുകളിൽ ആവശ്യമുള്ള പല്ലുകൾ ഘടിപ്പിച്ചാണ് ഊരിയെടുക്കാവുന്ന ഡെൻചറുകൾ നിർമിക്കുന്നത്. മറ്റു പല്ലുകളിൽ െമറ്റൽ അല്ലെങ്കിൽ അക്രിലിക് ക്ലിപ്പുകൾ ഉപയോഗിച്ച് ഇവ ഘടിപ്പിച്ചു നിർത്തുന്നു. ഇത്തരം പല്ലുകൾ മുഴുവൻ സമയം വായിൽ വച്ചിരിക്കുന്നതു മൂലം മോണവീക്കം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ പല്ലുകൾ വൃത്തിയായി സൂക്ഷിക്കുകയും ഉറങ്ങുന്ന സമയങ്ങളിൽ ഊരിയെടുത്ത് വെള്ളത്തിൽ ഇട്ടുവയ്ക്കുകയും വേണം.
ഉറപ്പിച്ചു വയ്ക്കാവുന്ന കൃത്രിമപ്പല്ലുകൾ
എടുത്തുകളഞ്ഞ പല്ലിന് ഇരുവശങ്ങളിലുള്ള രണ്ടു പല്ലുകളുടെ സഹായത്തോടെ സ്ഥിരമായി കൃത്രിമപ്പല്ല് ഉറപ്പിച്ചു നിർത്തുന്ന രീതിയാണ് ബ്രിജ്. താടിയെല്ലിൽ പല്ലിന്റെ വേരിനു സമാനമായ മെറ്റൽ മാതൃക നിർമിച്ച് അതിലേക്ക് സ്ഥിരമായി കൃത്രിമപ്പല്ലുകൾ ഉറപ്പിച്ചു നിർത്തുന്ന രീതിയാണ് ഇംപ്ലാന്റ്. വൃത്തിയായി സംരക്ഷിച്ചാൽ ദീർഘകാലം നിലനിൽക്കുന്നതാണ് ഇത്തരം കൃത്രിമപ്പല്ലുകൾ.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ.നന്ദകിഷോർ ജെ. വർമ
(കൺസൽറ്റന്റ് ഡെന്റൽ സർജൻ,
ഭാരത് ഹോസ്പിറ്റൽ, കോട്ടയം)
Content Summary: Tooth extraction and dentures