ഇടയ്ക്കിടെയുള്ള രോഗബാധ വൈറ്റമിന്‍ ഡിയുടെ അഭാവമാകാം
Mail This Article
ശരീരത്തിലെ കാല്‍സ്യത്തിന്‍റെയും ഫോസ്ഫേറ്റിന്‍റെയും തോത് നിയന്ത്രിക്കുന്ന അവശ്യ പോഷണമാണ് സണ്‍ഷൈന്‍ വൈറ്റമിന്‍ എന്നറിയപ്പെടുന്ന വൈറ്റമിന്‍ ഡി. എല്ലുകള്‍, പല്ലുകള്‍, പേശികള്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വൈറ്റമിന്‍ ഡി സഹായിക്കുന്നു. ഇതിന്‍റെ അഭാവം കുട്ടികളില്‍ റിക്കറ്റ്സ് പോലുള്ള രോഗങ്ങള്‍ക്കും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസിയക്കും ഓസ്റ്റിയോപോറോസിസിനും കാരണമാകാം. കുറഞ്ഞ തോതിലുള്ള വൈറ്റമിന്‍ ഡി എല്ലുകളുടെ സാന്ദ്രത കുറച്ച് ഒടിവുകള്‍ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്കളീറോസിസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയും വൈറ്റമിന്‍ ഡി അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം ശക്തമാക്കാനും വൈറ്റമിന്‍ ഡി ആവശ്യമാണ്. പനിയും ജലദോഷവുമൊക്കെ തടയാന്‍ ഇതിനാല്‍ തന്നെ വൈറ്റമിന്‍ ഡി വേണം. ഇടയ്ക്കിടെ രോഗം ബാധിക്കുന്നത് ദുര്‍ബലമായ പ്രതിരോധ ശേഷിയുടെ മാത്രമല്ല വൈറ്റമിന്‍ ഡി അഭാവത്തിന്‍റെ കൂടി പ്രതിഫലനമാകാമെന്ന് പറയുന്നത് ഇതിനാലാണ്. ഇടയ്ക്കിടെയുള്ള രോഗങ്ങള്‍ക്ക് പുറമേ അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, എല്ലുവേദന, വിഷാദം, മുടികൊഴിച്ചില്‍, പേശിക്ക് ദുര്‍ബലത, വിശപ്പില്ലായ്മ എന്നിവയും വൈറ്റമിന്‍ ഡി അഭാവം മൂലമുണ്ടാകാം.
ആവശ്യത്തിന് വെയില്‍ കൊള്ളുന്നതിലൂടെയും പോഷക സമൃദ്ധമായ ഭക്ഷണത്തിലൂടെയും വൈറ്റമിന്‍ ഡി തോത് ശരീരത്തില്‍ വര്‍ധിപ്പിക്കാം. മഞ്ഞുകാലത്ത് ആവശ്യത്തിന് വെയില്‍കൊള്ളാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതിനാല്‍ ഭക്ഷണത്തിലൂടെ ഈ കുറവ് പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്. മത്തി, സാല്‍മണ്‍ പോലുള്ള എണ്ണമയമുള്ള മീനുകള്‍, റെഡ് മീറ്റ്, കരള്‍, മുട്ടയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണവിഭവങ്ങള്‍ എന്നിവ വൈറ്റമിന്‍ ഡിയുടെ സമ്പന്ന സ്രോതസ്സുകളാണ്.
ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്‍റുകളെയും ഇതിനായി ആശ്രയിക്കാം. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമൊക്കെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രതിദിനം 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് മുതിര്‍ന്നൊരാളുടെ ശരീരത്തിന് ആവശ്യം. എന്നാല്‍ അമിതമായി വൈറ്റമിന്‍ ഡി സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് കാല്‍സ്യം ശരീരത്തില്‍ ഉയരുന്ന ഹൈപ്പര്‍ കാല്‍സീമിയ എന്ന പ്രശ്നത്തിലേക്ക് നയിക്കും. ഇത് എല്ലുകളെ ദുര്‍ബലമാക്കുകയും വൃക്കകള്‍ക്കും ഹൃദയത്തിനും ക്ഷതം വരുത്തുകയും ചെയ്യും. ആവശ്യമായ പരിശോധനകൾക്ക് ശേഷം ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ ഇതിനാൽ സപ്ലിമെന്റുകൾ കഴിക്കാവുള്ളൂ.
Content Summary: The frequent sign that you need the vitamin D