എന്താണ് നോൺ ഇൻവേസീവ് പ്രിനേറ്റൽ ടെസ്റ്റ്? ഗർഭസ്ഥ ശിശുക്കളിലെ ക്രോമസോം തകരാർ നേരത്തേ കണ്ടെത്താനാകുമോ?
Mail This Article
ചോദ്യം: ഞാൻ ഇപ്പോൾ ഒൻപതു ആഴ്ച ഗർഭിണിയാണ്. എന്റെ മൂത്ത കുഞ്ഞിന് ഇപ്പോൾ രണ്ടു വയസ്സു കഴിഞ്ഞു. അവളെ ഗർഭിണിയായിരുന്നപ്പോൾ കുഞ്ഞിന് ക്രോമസോം തകരാറുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ ട്രിപ്പിൾ മാർക്കർ ടെസ്റ്റ് എന്ന രക്തപരിശോധന ആണ് നടത്തിയത്. ഈ പ്രാവശ്യം ഡോക്ടര്‍ ഒരു പുതിയ പരിശോധനയെക്കുറിച്ചു പറഞ്ഞു. നോൺ ഇൻവേസീവ് പ്രിനേറ്റൽ ടെസ്റ്റ് എന്നാണ് േപര് പറഞ്ഞത്. ഈ പരിശോധനയെക്കുറിച്ചു ഒന്ന് വ്യക്തമാക്കാമോ?
ഉത്തരം: ഗർഭസ്ഥ ശിശുവിന് ക്രോമസോം തകരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് അമ്മയുടെ രക്ത പരിശോധനയിൽ നിന്നും മനസ്സിലാക്കാം. ഈ പരിശോധനകൾ പലവിധമുണ്ട്. ഇതിൽ ഏറ്റവും നൂതനമായ പരിശോധനയാണ് നോൺ ഇൻവേസീവ് പ്രിനേറ്റൽ ടെസ്റ്റ് (Noninvasive prenatal testing / NIPS). ഈ പരിശോധന ഏകദേശം പത്താമത്തെ ആഴ്ചയിൽ തന്നെ നടത്താം. അമ്മയുടെ രക്ത സാമ്പിൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. അതിൽ നിന്നും സാധാരണയായി കണ്ടു വരുന്ന മൂന്ന് ക്രോമസോം തകരാറുകൾ (13, 18, 21 ക്രോമസോമുകള്‍) കുഞ്ഞിന് ഉണ്ടോയെന്ന് തിട്ടപ്പെടുത്താനാകും. ഈ പരിശോധന വളരെ സൂക്ഷ്മവും കൃത്യവുമായി ക്രോമസോം തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത നിർണയിക്കുന്നു. ട്രിപ്പിൾ ടെസ്റ്റ് എന്ന പരിശോധനയെ അപേക്ഷിച്ചു ഈ നൂതന പരിശോധന വളരെ അധികം കൃത്യമായ റിസൾട്ട് ആണ് നൽകുന്നത്. മാത്രമല്ല ട്രിപ്പിൾ ടെസ്റ്റിനെ അപേക്ഷിച്ചു വളരെ നേരത്തെ തന്നെ ഈ പരിശോധന നടത്താവുന്നതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് റിസൾട്ട് വന്നാൽ അമ്നിയോട്ടിക് ദ്രാവകം എടുത്തു വേറെ പരിശോധനകൾ നടത്തേണ്ടതുണ്ട്. നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ കുഞ്ഞിന് 13, 18, 21 എന്നീ ക്രോമസോമുകളിൽ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത തുലോം കുറവാണ്.
Content Summary : What is meant by non-invasive prenatal screening? Dr. N. Dhanya Lakshmi Explains