ADVERTISEMENT

സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഏറ്റവും അപകടകരമായതാണ് ഗര്‍ഭാശയമുഖ (സെര്‍വിക്കല്‍) കാന്‍സര്‍. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പ്രിവന്‍ഷന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഓരോ എട്ടു മിനിറ്റിലും ഒരു സ്ത്രീ ഗര്‍ഭാശയമുഖ കാന്‍സര്‍ കാരണം മരണപ്പെടുന്നു. തുടക്കത്തില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതു മൂലം രോഗം തിരിച്ചറിയാനും ചികിത്സിക്കാനും വൈകുന്നതാണ് ഇതിനു പ്രധാന കാരണം. യോനിയുമായി ചേര്‍ന്നു നില്‍ക്കുന്ന ഗര്‍ഭാശയത്തിന്റെ ഏറ്റവും താഴ്ഭാഗമാണ് സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയമുഖം. സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രോഗമാണ് സെര്‍വിക്കല്‍ കാന്‍സര്‍. 35നും 45നുമിടയില്‍ പ്രായമുളള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. 

 

ലൈംഗികബന്ധത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പില്ലോമ (എച്ച്.പി.വി) വൈറസ് ആണ് സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രധാന കാരണം. ഈ വൈറസ് 120ലേറെ തരങ്ങളുണ്ട്. ഇവയില്‍ 14 തരം എച്ച് പി വൈറസുകളുണ്ടാക്കുന്ന അണുബാധയാണ് കാന്‍സറായി മാറാനുളള സാധ്യതയുള്ളത്. എച്ച് പി വി അണുബാധ ഉണ്ടായിട്ടുളള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ വരില്ല. 85 ശതമാനം ആളുകളിലും രണ്ടു വര്‍ഷം കൊണ്ട് അണുബാധ തനിയെ മാറുന്നതായി കാണുന്നു. 15 ശതമാനം ആളുകളില്‍ അണുബാധ സ്ഥിരമായി നിലനില്‍ക്കുന്നു. സ്ഥിരമായി എച്ച് പി വി അണുബാധ നിലനില്‍ക്കുന്നവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിനു മുന്നോടിയായുളള  കോശ വ്യതിയാനങ്ങള്‍ ഉണ്ടാകാം. ഇവ കാന്‍സറായി മാറാന്‍ 15-20 വര്‍ഷത്തോളം സമയമെടുക്കും. ഈ കാലയളവില്‍ കോശ വ്യതിയാനങ്ങള്‍ നാം കണ്ടുപിടിച്ച് ഫലപ്രദമായി ചികിത്സിച്ചാല്‍ ഗര്‍ഭാശയമുഖ കാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും. ഇവിടെയാണ് സ്‌ക്രീനിങ് ടെസ്റ്റുകളുടെ പ്രാധാന്യം. എച്ച് പി വി അണുബാധ തടയാനുള്ള പ്രതിരോധകുത്തിവയ്പ്പ് നടത്തിയും, സ്‌ക്രീനിങ് ടെസ്റ്റ് കൃത്യമായ കാലയളവില്‍ ചെയ്തും രോഗലക്ഷണങ്ങള്‍ അറിഞ്ഞ് തക്കസമയത്ത് ചികിത്സനേടിയും ഈ കാന്‍സറില്‍ നിന്നു രക്ഷ നേടാം. 

 

രോഗ ലക്ഷണങ്ങള്‍

രക്തം കലര്‍ന്നതോ അല്ലാതെയോ ഉളള വെളളപോക്ക്, ലൈംഗിക ബന്ധത്തിനുശേഷം കാണുന്ന രക്തസ്രാവം, മാസമുറയ്ക്ക് ഇടയില്‍ വരുന്ന രക്തസ്രാവം, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉളള വേദന, സ്ഥിരമായുളള അരക്കെട്ടുവേദന ഇവയെല്ലാം സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണങ്ങളാണ്. 18 വയസ്സിനു മുമ്പേ തുടങ്ങുന്ന ലൈംഗിക ജീവിതം ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍, രണ്ടിലധികം പ്രസവം, പുകവലി, അഞ്ചു വര്‍ഷത്തിലധികം നീണ്ട ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം, രോഗപ്രതിരോധ ശേഷികുറഞ്ഞവര്‍, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ എച്ച്.പി.വി അണുബാധ നിലനില്‍ക്കുന്നവര്‍ തുടങ്ങിയവരിലെല്ലാം ഗര്‍ഭാശയ കാന്‍സര്‍ പിടിപെടാന്‍ ഏറെയാണ്. 

 

സ്‌ക്രീനിങ് ടെസ്റ്റുകള്‍

25 വയസ്സില്‍ തന്നെ സ്‌ക്രീനിങ് പരിശോധന തുടങ്ങണമെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി, സൊസൈറ്റി ഓഫ് ഗൈനക്കോളജിക്കല്‍ ഓങ്കോളജി, എ.സി.ഒ.ജി എന്നിവര്‍ ശുപാര്‍ശ ചെയ്യുന്നത്. പാപ്‌സ്മിയര്‍, എച്ച്.പി.വി ഡി.എന്‍.എ ടെസ്റ്റ്, കോ ടെസ്റ്റ് എന്നിവയാണ് പരിശോധനകളില്‍ ഉള്‍പ്പെടുന്നത്. ഈ പരിശോധനകള്‍ പാര്‍ശ്വഫലങ്ങളില്ലാത്തതും വേദനരഹിതവും ലളിതവുമാണ്. മാത്രവുമല്ല, ചെലവ് കുറഞ്ഞതും ചുരുങ്ങിയ സമയത്തില്‍ ചെയ്യാവുന്നതുമാണ്. 

പാപ്‌സ്മിയര്‍ ടെസ്റ്റില്‍ ഗര്‍ഭാശയമുഖത്തു നിന്നു കോശങ്ങള്‍ ശേഖരിച്ച് അവ സൂക്ഷ്മപരിശോധന നടത്തി കോശവ്യതിയാനങ്ങള്‍ കണ്ടുപിടിക്കുന്നു. ഇതേ കോശങ്ങളില്‍ തന്നെ എച് പി വി ഡിഎന്‍എ ടെസ്റ്റ് ചെയ്താല്‍ അണുബാധയുണ്ടോ എന്നറിയാന്‍ സാധിക്കും. ഈ രണ്ട് ടെസ്റ്റുകളും ഒന്നിച്ചു ചെയ്യുന്നതാണ് കോ ടെസ്റ്റ്. ഇത് അല്‍പ്പം ചെലവേറിയതാണെങ്കിലും കാര്യക്ഷമത കൂടുതലാണ്. തന്നെയുമല്ല, പരിശോധനയില്‍ പ്രശ്‌നമൊന്നും ഇല്ലെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധന ആവര്‍ത്തിച്ചാല്‍ മതിയാകും. 

 

പാപ്‌സമിയര്‍ ടെസ്റ്റ് മാത്രമാണ് ചെയ്യുന്നതെങ്കില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പരിശോധന വേണ്ടി വരും. പാപ്‌സ്മിയര്‍ ടെസ്റ്റില്‍ കോശവ്യതിയാനങ്ങള്‍ കണ്ടാല്‍ കോള്‍പോസ്‌കോപ്പി, അതായത് ഗര്‍ഭാശയമുഖത്തെ ഒരു മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ നിരീക്ഷിക്കുന്ന പരിശോധന, ചെയ്യേണ്ടിവരും. ഈ ടെസ്റ്റില്‍ സംശയാസ്പദമായി വല്ലതും കണ്ടാല്‍ ബയോപ്‌സി എടുത്ത് പരിശോധിക്കുകയും ആ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ നിശ്ചയിക്കുകയും ചെയ്യും. അർബുദപൂർവ ഘട്ടത്തിലാണ് അസുഖം കണ്ടെത്തുന്നതെങ്കിൽ ചികിത്സയ്ക്കു ശേഷം എല്ലാ വര്‍ഷവും സ്‌ക്രീനിങ് ടെസ്റ്റ് നടത്തണം. മൂന്നു വര്‍ഷം തുടര്‍ച്ചയായി കുഴപ്പങ്ങളില്ലെന്നു കണ്ടാല്‍ സ്‌ക്രീനിങ് ടെസ്റ്റ് പിന്നീട് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മതിയാകും. പിന്നീടുള്ള 25 വര്‍ഷത്തേക്ക് ഇതു തുടരുകയും വേണം. രോഗം കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നേടിയാല്‍, അടുത്ത 30 വര്‍ഷത്തില്‍ ഈ കാന്‍സര്‍ പിടിപെടാനുള്ള സാധ്യതയെ ഒരു ശതമാനമായി കുറയ്ക്കാം. എന്നാല്‍ കണ്ടുപിടിച്ച് ചികിത്സ നേടാതിരുന്നാല്‍, അടുത്ത 30 വര്‍ഷത്തില്‍ അത് കാന്‍സറായി മാറാനുളള സാധ്യത 30 ശതമാനം ആണെന്ന് നാം അറിഞ്ഞിരിക്കണം. 

dr-binu-sebastian
ഡോ. ബിനു സെബാസ്റ്റ്യന്‍

 

പ്രതിരോധം കുത്തിവയ്പ്പിലൂടെ

ഗര്‍ഭാശയമുഖ കാന്‍സറിനെ 100 ശതമാനം ഫലവത്തായി പ്രതിരോധിക്കാന്‍ ഹ്യൂമന്‍ പാപ്പില്ലോമ വൈറസിനെ തടയുന്ന വാക്‌സീന്‍ ഇന്ന് ലഭ്യമാണ്. മൂന്നു തരം വാക്‌സീനുകളാണ് വിപണിയിലുള്ളത്. ബൈവാലന്റ് (എച്ച്.പി.വി 16,18 പ്രതിരോധിക്കുന്നു), ക്വാഡ്രിവാലന്റ് (എച്ച്.പി.വി 6,11,16,18 പ്രതിരോധിക്കുന്നു), ഒമ്പതു തരം എച്ച് പി വി വൈറസുകളെ (എച്ച്.പി.വി 6,11,16,18,31,33,45,52,58) പ്രതിരോധിക്കുന്ന നാനോവാലന്റ് എന്നിവയാണത്. പുരുഷലിംഗത്തിലുണ്ടാകുന്ന കാന്‍സറിനേയും ഈ വാക്‌സീന്‍ പ്രതിരോധിക്കുന്നു. 

 

ലൈംഗിക ജീവിതം ആരംഭിക്കുന്നതിനു മുമ്പ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതിരോധ വാക്‌സീന്‍ നല്‍കുന്നതാണ് ഏറ്റവും ഫലപ്രദം. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി), അമേരിക്കന്‍ കോളജ് ഫോര്‍ ഒബ്സ്റ്റസ്ട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഒമ്പതിനും 14നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ ആറു മാസത്തെ ഇടവേളയില്‍ കൊടുക്കണം.  14 വയസ്സിനു ശേഷമാണ് എച്ച്.പി.വി വാക്‌സീന്‍ എടുക്കുന്നതെങ്കില്‍ മൂന്ന് ഡോസ് വാക്‌സീന്‍ (0,1,6 മാസം) ആണ് നിര്‍ദ്ദേശിച്ചിട്ടുളളത്. ഒമ്പത് മുതല്‍ 26 വയസ്സ് വരെയുളള സ്ത്രീകള്‍ക്കാണ് എച്ച്.പി.വി പ്രതിരോധ കുത്തിവയ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയിലെ പ്രത്യേക സ്ഥിതി പരിഗണിച്ച്, സിഡിസി, എസിഒജി എന്നിവരുടെ നിര്‍ദേശ പ്രകാരം 45 വയസ്സ് വരെ എച്ച്.പി.വി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. എച്ച്.പി.വി വാക്‌സിനേഷന്‍ എടുത്താലും പാപ്‌സ്മിയര്‍, കോ ടെസ്റ്റ് തുടങ്ങിയ സ്‌ക്രീനിങ് പരിശോധന തുടരേണ്ടതാണ്. ഗര്‍ഭിണികള്‍ക്ക് എച്ച്.പി.വി വാക്‌സീന്‍ നിര്‍ദേശിക്കുന്നില്ല. 

 

2030 ആകുമ്പോഴേക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉന്മൂലനം ചെയ്യാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്. എച്ച്.പി.വി വാക്‌സിനേഷന്‍ ഇന്ത്യയുടെ യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗാമില്‍ ഉള്‍പ്പെടുത്താനുളള ശ്രമം നടന്നു വരുന്നു. എല്ലാ സ്ത്രീകളും സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്ക് വിധേയരായും നമ്മുടെ കുട്ടികള്‍ക്ക് എച്ച്പിവി പ്രതിരോധകുത്തിവയ്പ് നല്‍കിയും ഈ യജ്ഞത്തില്‍ പങ്കുചേരാം. അതുവഴി വരുംതലമുറയെ ഈ മാരക രോഗത്തില്‍ നിന്നു സംരക്ഷിക്കാം.

(കൊച്ചി ലൂർദ് ഹോസ്പിറ്റൽ ഒബ്‌സ്ട്രക്റ്റീസ് ആന്‍ഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സല്‍റ്റന്റ് ആണ് ലേഖിക)

Content Summary: Cervical cancer early screening, testing and vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com