പാന്‍ക്രിയാസിന് നീര്‍ക്കെട്ടോ? ഈ ലക്ഷണങ്ങള്‍ സൂചന നല്‍കും
Mail This Article
ശരീരത്തില്‍ വയറിനു പിന്നിലും കരളിനും പിത്താശയത്തിനും സമീപത്തുമായി കാണപ്പെടുന്ന കൈപ്പത്തിയുടെ വലുപ്പത്തിലുള്ള ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ഭക്ഷണത്തെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് രസങ്ങള്‍ ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. പാന്‍ക്രിയാസിന് ഉണ്ടാകുന്ന വീക്കത്തെ പാന്‍ക്രിയാറ്റൈറ്റിസ് എന്ന് വിളിക്കുന്നു. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ അസ്വസ്ഥതയ്ക്കും രോഗസങ്കീര്‍ണതയ്ക്കും പാന്‍ക്രിയാറ്റൈറ്റിസ് കാരണമാകാം.
അക്യൂട്ട്, ക്രോണിക്ക് എന്നിങ്ങനെ പാന്‍ക്രിയാറ്റൈറ്റിസ് രണ്ട് തരത്തിലുണ്ടെന്ന് കൊല്‍ക്കത്ത ഫോര്‍ട്ടിസ് ആശുപത്രിയിലെ ഗ്യാസ്ട്രോഎന്‍ററോളജി, ഹെപ്പറ്റോളജി സയന്‍സ് ഡയറക്ടര്‍ ഡോ. ദേബശിഷ് ദത്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ശരിയായ ചികിത്സ ലഭിച്ചാല്‍ ആഴ്ചകള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പാന്‍ക്രിയാസിന്‍റെ പെട്ടെന്നുള്ള വീക്കമാണ് അക്യൂട്ട് പാന്‍ക്രിയാറ്റൈറ്റിസ്. അക്യൂട്ട് പാന്‍ക്രിയാറ്റൈറ്റിസ് പല തവണ ആവര്‍ത്തിക്കുമ്പോൾ ഉണ്ടാകുന്നതാണ് ക്രോണിക് പാന്‍ക്രിയാറ്റൈറ്റിസ്. സിസ്റ്റിക് ഫൈബ്രോസിസ്, പാരമ്പര്യമായി വരുന്ന പാന്‍ക്രിയാറ്റൈറ്റിസ് എന്നിവ മൂലവും ഈ ക്രോണിക് രോഗാവസ്ഥ ഉണ്ടാകാം.
വയറിന് മുകള്‍ ഭാഗത്തായി തുടങ്ങി പുറം ഭാഗത്തേക്ക് പടരുന്ന വേദന, ഛര്‍ദ്ദി, പനി, മനംമറിച്ചില്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ദഹനക്കേട്, കഴിച്ചതിന് ശേഷം വേദന, ഭാരനഷ്ടം, എണ്ണ മയമുള്ളതും രൂക്ഷഗന്ധമുള്ളതുമായ മലം, പ്രമേഹം എന്നിവയെല്ലാം പാന്‍ക്രിയാറ്റൈറ്റിസിന്‍റെ ലക്ഷണങ്ങളാണ്. രക്തപരിശോധന, കംപ്യൂട്ടഡ് ടോമോഗ്രഫി സ്കാന്‍, എന്‍ഡോസ്കോപിക് അള്‍ട്രാസോണോഗ്രഫി, മല പരിശോധന എന്നിവ രോഗനിര്‍ണയത്തിനായി ഉപയോഗിക്കാറുണ്ട്.
പാന്‍ക്രിയാസിന് നീര്‍ക്കെട്ടുണ്ടാകുന്ന രോഗികള്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. കൊഴുപ്പ് കുറഞ്ഞതും ഫൈബര്‍ കൂടിയതുമായ ഭക്ഷണക്രമം പാന്‍ക്രിയാസിന് മുകളിലുള്ള സമ്മര്‍ദം കുറച്ച് പാന്‍ക്രിയാറ്റൈറ്റിസിനുള്ള സാധ്യത കുറയ്ക്കും. പുകവലിയും പാന്‍ക്രിയാസിനെ സംരക്ഷിക്കാന്‍ ഒഴിവാക്കേണ്ടതാണ്. ഫാറ്റി ലിവര്‍ രോഗമുള്ളവരും ലിപിഡ് തോത് അധികമുള്ളവരും പാന്‍ക്രിയാറ്റൈറ്റിസിനെ കരുതിയിരിക്കേണ്ടതാണെന്നും ഡോ. ദേബശിഷ് കൂട്ടിച്ചേര്‍ത്തു.
Content Summary: Signs of inflamed pancreas