കരൾ മാറ്റിവയ്ക്കൽ ശ്രമങ്ങൾ പൂർത്തിയായപ്പോഴേ ചികിത്സയോടു പ്രതികരിക്കുന്നില്ല; കാർഡിയാക് ഫെയിലുവർ മരണ കാരണം
Mail This Article
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ ആകസ്മിക മരണം. ദാതാവിനായി, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള ഡോക്ടർമാരും ഉദരവിഭാഗത്തിലെ ഡോക്ടർമാരും ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോക്ടർമാരും കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു. അവസാനമാണ് അടുത്ത ബന്ധുവിനെ അനുയോജ്യയായ ദാതാവായി കണ്ടെത്തിയത്. ശേഷം ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള നടപടിക്രമങ്ങൾ വളരെ വേഗത്തിൽ ചെയ്തിരുന്നു. ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നുള്ള മെഡിക്കൽ ബോർഡ് കൂടി അവരുമായി സംസാരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്ഥാന ബോർഡിന് വിട്ടിരുന്നു. ഇന്ന് സംസ്ഥാന ബോർഡ് കളമശ്ശേരി മെഡിക്കൽ കോളജിൽ കൂടി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ അനുമതി നൽകാനിരിക്കെയായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം.
ഇൻസ്റ്റിറ്റ്യൂഷനിൽ മെഡിക്കൽ ബോർഡ് കൂടി അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ മുതൽ ചികിത്സയോടു പ്രതികരിക്കാതെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ആദ്യം വൃക്കയെ ചെറുതായി ബാധിച്ചു. വളരെ പെട്ടെന്നുതന്നെ അത് ഹൃദയത്തെ ബാധിക്കുകയും ഒരു കാർഡിയാക് ഫെയിലുവറിലേക്കു പോകുകയുമായിരുന്നു. കാർഡിയാക് ഫെയിലുവർ കൊണ്ടാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നെതന്നും സൂപ്രണ്ട് പറഞ്ഞു.
രോഗം ഗുരുതരമായ അവസ്ഥയിലാണ് രാജഗിരി ആശുപത്രിയിലെത്തുന്നത്, അക്യൂട്ട് ഓൺ ക്രോണിക് ലിവർ ഡിസീസ് എന്ന അവസ്ഥയിൽ. രോഗം നേരത്തേ ഉള്ളപ്പോഴും ക്രോണിക് ആയിരിക്കുമ്പോഴും പല രോഗികളിലും ബാഹ്യമായ ലക്ഷണങ്ങൾ കാണിക്കില്ല. പരിശോധന നടത്തുമ്പോൾ മാത്രമേ രോഗം ഉണ്ടെന്ന് അറിയൂ. ഈ രോഗികളിൽ ഇമ്യണിറ്റി വളരെ കുറവായിരിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ ഏതെങ്കിലും ഒരവസ്ഥയിൽ അക്യൂട്ട് ആകും. ആ അക്യൂട്ട് അവസ്ഥയിലാണ് സുബി ഇവിടെ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Summary: Subi Suresh: Hospital Superintent explains