ADVERTISEMENT

വന്‍കുടലിന്റെ അവസാന ഭാഗങ്ങളായ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളെ ബാധിക്കുന്ന കോളോറെക്ടല്‍ അര്‍ബുദ കേസുകള്‍ ഇന്ത്യയില്‍ ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. മരണനിരക്ക് കുറവാണെങ്കിലും രോഗസങ്കീര്‍ണതകള്‍ തടയുന്നതിന് 45 വയസ്സിന് മുകളിലുള്ളവര്‍ ആവശ്യമായ രോഗനിര്‍ണയ പരിശോധനകള്‍ നടത്തണമെന്ന് അര്‍ബുദരോഗ വിദഗ്ധര്‍ പറയുന്നു. 

 

ജനിതകം ഉള്‍പ്പെടെ പലതരത്തിലുള്ള കാരണങ്ങള്‍ മൂലം ഈ അര്‍ബുദം വരാമെങ്കിലും ഒന്നു മുതല്‍ രണ്ട് ശതമാനം വരെ കേസുകള്‍ മാത്രമേ ജനിതകപരമായി പകര്‍ന്ന് കിട്ടുന്നുള്ളൂ എന്ന് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സര്‍ജനായ ഡോ. വിവേക് മംഗ്ല ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ശേഷിക്കുന്ന കേസുകളെല്ലാം ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍  മൂലം ഉണ്ടാകുന്നതാണ്.

 

45ന് വയസ്സിന് മുകളിലുള്ളവര്‍ മാത്രമല്ല കുടുംബത്തില്‍ അര്‍ബുദചരിത്രമുള്ളവരും രോഗനിര്‍ണയ പരിശോധനകള്‍ക്ക് വിധേയരാകണം. നാല്‍പതോ അന്‍പതോ വയസ്സിന് മുന്‍പ് കോളോറെക്ടല്‍ അര്‍ബുദം സ്ഥിരീകരിച്ചവര്‍ കുടുംബത്തിലുണ്ടെങ്കില്‍ 20 വയസ്സുള്ളപ്പോള്‍ തന്നെ കോളോണോസ്‌കോപ്പി നടത്തേണ്ടതാണെന്ന് ഡല്‍ഹി എയിംസിലെ സര്‍ജിക്കല്‍ ഓങ്കോളജി പ്രഫസര്‍ ഡോ. എം.ഡി. റേയും ചൂണ്ടിക്കാട്ടുന്നു. ഇതിന് ശേഷം ഒന്ന് മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പരിശോധനകള്‍ ആവര്‍ത്തിക്കേണ്ടതാണ്. 

 

ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ വച്ച് കണ്ടെത്തി കഴിഞ്ഞാല്‍ 90 ശതമാനത്തിന് മുകളിലുള്ള കേസുകളില്‍ കോളോറെക്ടല്‍ അര്‍ബുദം ചികിത്സിച്ച് മാറ്റാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നാം ഘട്ടത്തിലെത്തിയ കേസുകളില്‍ 70 മുതല്‍ 75 ശതമാനം കേസുകളില്‍ രോഗിയെ രക്ഷിക്കാനാകും. നാലാം ഘട്ടത്തില്‍പ്പോലും 40 ശതമാനം കോളോറെക്ടല്‍ രോഗികള്‍ രക്ഷപ്പെടാന്‍ തന്നെയാണ് സാധ്യത. 

 

വയറ്റില്‍ നിന്ന് പോകുന്നതിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റമാണ് കോളോറെക്ടല്‍ അര്‍ബുദത്തിന്റെ മുഖ്യ ലക്ഷണം. മുന്‍പ് ഒരു തവണ പോയിരുന്നവര്‍ നാലും അഞ്ചും തവണ പോകുന്നതും പോയിട്ടും പൂര്‍ണമായും വയര്‍ ഒഴിഞ്ഞത് പോലെ തോന്നാത്തതുമെല്ലാം അര്‍ബുദ സൂചനയാണ്. വയര്‍വേദന, വിളര്‍ച്ച, രക്തസ്രാവം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. അലസമായ ജീവിതശൈലി, മോശം ഭക്ഷണക്രമം എന്നിവയെല്ലാം കോളോറെക്ടല്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം. 

 

എന്‍ഡോസ്‌കോപ്പിയിലൂടെയോ ലാപ്രോസ്‌കോപ്പിക്, റോബോട്ടിക് സര്‍ജറികളിലൂടെയോ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളിലെ മുഴകള്‍ നീക്കം ചെയ്യാവുന്നതാണ്. മുഴകള്‍ അര്‍ബുദ മുഴകളാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ നീക്കം ചെയ്യാനാകൂ. ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ രണ്ടോ മൂന്നോ കോളോറെക്ടല്‍ അര്‍ബുദരോഗികള്‍ എന്നതാണ് ലക്ഷത്തില്‍ നാലായാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ പൊതുവേ ഉണ്ടാകുന്ന അര്‍ബുദങ്ങളില്‍ ഏഴാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറാനും ഈ അര്‍ബുദത്തിന് സാധിച്ചിട്ടുണ്ട്. ഇതിനാല്‍ കോളോറെക്ടല്‍ അര്‍ബുദ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Colorectal cancer on rise in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com