ADVERTISEMENT

ശരീരത്തിലെ ചുവന്ന രക്തകോശങ്ങളിൽ ബ്ലഡ് പ്രോട്ടീൻ ആയ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും അധികം ആകുന്ന അവസ്ഥയാണ് ഹീമോഗ്ലോബിൻ കൗണ്ട് കൂടുതൽ എന്നു പറയുന്നത്. ചുവന്ന രക്തകോശങ്ങൾക്ക് ചുവപ്പു നിറം നൽകുന്നത് ഹീമോഗ്ലോബിൻ ആണ്. ഇത് ശരീരത്തിൽ എല്ലായിടത്തേക്കും ഓക്സിജൻ വിതരണം ചെയ്യാൻ സഹായിക്കുകയും തിരിച്ച് ശ്വാസകോശത്തിലേക്ക് കാർബൺഡയോക്സൈഡിനെ എത്തിക്കുകയും ചെയ്യുന്നു. ഉയർന്ന ഹീമോഗ്ലാബിൻ ഉള്ള അവസ്ഥയാണ് പോളിസൈത്തീമിയ (Polycythemia).

 

സാധാരണ രക്തപരിശോധനയിലൂടെ ഈ അവസ്ഥ തിരിച്ചറിയാം. ജീവിതശൈലീ ഘടകങ്ങള്‍, പുകവലി, സമുദ്രനിരപ്പിൽ നിന്നും ഉയർന്ന സ്ഥലങ്ങളിൽ ജീവിക്കുന്നത്, ഹൃദയത്തകരാറുകൾ പോലുള്ള രോഗാവസ്ഥകൾ ഇതെല്ലാം ഈ അവസ്ഥയ്ക്കു കാരണമാകാം. ചുവന്ന രക്തകോശങ്ങളുടെ ഉൽപാദനം കൂട്ടുന്ന രോഗാവസ്ഥകളും ഉയർന്ന ഹീമോഗ്ലോബിൻ കൗണ്ടിനു കാരണമാകാം.

 

ലക്ഷണങ്ങൾ 

സാധാരണയായി ഉയർന്ന ഹീമോഗ്ലോബിൻ കൗണ്ട് ഒരു ലക്ഷണങ്ങളും പ്രകടമാക്കില്ല. എന്നാൽ ചിലപ്പോൾ തലവേദന, തലകറക്കം, ക്ഷീണം, സന്ധികൾക്ക് വീക്കം, അകാരണമായി ശരീരഭാരം കുറയുക, ചർമത്തിന് മഞ്ഞനിറം ഇവ ഉണ്ടാകും. 

 

ഹീമോഗ്ലോബിൻ കൗണ്ട് ഉയരുന്നത് ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ടപിടിക്കൽ തുടങ്ങിയ സങ്കീർണതകൾക്കു കാരണമാകാം. 

 

കാരണം

ജീവിതശൈലിയും ചില രോഗാവസ്ഥകളും ആണ് ഹീമോഗ്ലാബിൻ കൗണ്ട് കൂടാൻ കാരണം. ഇതിലേക്കു നയിക്കുന്ന കാരണങ്ങളിൽ ചിലത് ഗുരുതരമാണ്. 

 

∙ പുകവലിയാണ് ഹീമോഗ്ലോബിന്‍ കൗണ്ട് കൂടാനുള്ള ഒരു കാരണം. സിഗരറ്റ് പുകയിലെ ഉയർന്ന അളവിലുള്ള കാർബൺമോണോക്സൈഡിന് പകരമാകാൻ ഹീമോഗ്ലോബിന്റെയും ചുവന്ന രക്തകോശങ്ങളുടെയും അളവ് വർധിക്കും. 

 

∙ ഉയർന്ന സ്ഥലങ്ങളിൽ ജീവിക്കുന്നത് ഹീമോഗ്ലോബിന്‍ കൗണ്ട് കൂട്ടും. ചുറ്റുപാടുകളിലെ താഴ്ന്ന ഓക്സിജൻ പ്രഷർ മൂലം ശരീരത്തിന് ഓക്സിജൻ നില നിർത്താൻ കൂടുതൽ ഹീമോഗ്ലോബിൻ ആവശ്യമായി വരുന്നു. 

 

∙ നിർജലീകരണവും ഹീമോഗ്ലോബിൻ കൗണ്ട് കൂടാൻ കാരണമാകും. ശരീരത്തിലെ ഫ്ലൂയിഡിന്റെ അളവിൽ നിർജലീകരണം മൂലം വ്യത്യാസം വരും. ജലാംശം ധാരാളം ശരീരത്തിലെത്തുന്നത് ഹീമോഗ്ലോബിൻ കൗണ്ട് സാധാരണയിലേക്കെത്തിക്കും. 

 

രോഗവാസ്ഥകൾ 

ചില രോഗാവസ്ഥകൾ മൂലം ശരീരം ചുവന്ന രക്തകോശങ്ങളെ അമിതമായി ഉൽപാദിപ്പിക്കും. 

 

∙ഓക്സിജന്റെ അളവ് വളരെയധികം താഴുന്ന അവസ്ഥ

∙ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (COPD) 

∙ഹൃദയ തകരാറ്

∙വൃക്കരോഗം

∙കരളിനോ വൃക്കയ്ക്കോ കാൻസർ

∙ബ്ലഡ് ഡിസോർഡർ ആയ Polycythemia

∙എറിത്രോപോയ്റ്റിൻ (ചുവന്ന രക്തകോശങ്ങളുടെ ഉൽപാദനം മെച്ചപ്പെടുത്തുന്ന ഒരു കിഡ്നി ഹോർമോൺ ആണിത്)

 

ഹീമോഗ്ലോബിന്റെ ഉയർന്ന അളവ് എത്ര?

ഒരാളുടെ ലിംഗവും പ്രായവും ഹീമോഗ്ലോബിന്റെ അളവിനെ ബാധിക്കും. സാധാരണയായി ഹീമോഗ്ലോബിന്റെ അളവ് ഉയരുന്നു എന്നു പറയുന്നത്

 

∙പുരുഷന്മാരിൽ ഒരു ഡെസിലിറ്റർ രക്തത്തിൽ 16.5 ഗ്രാമിലും അധികമായാൽ

∙സ്ത്രീകളിൽ ഒരു ഡെസിലിറ്ററിൽ 16 ഗ്രാമിലും അധികമായാൽ

∙കുട്ടികളിൽ ഒരു ഡെസിലിറ്ററിൽ 16.6 ഗ്രാമിലും അധികമായാൽ

∙ശിശുക്കളിൽ ഒരു ഡെസിലിറ്ററിൽ 18 ഗ്രാമിലും അധികമായാൽ

 

പാരസ്ഥിതിക ഘടകങ്ങൾ (ഉയരം), സമയം, എത്രമാത്രം ജലാംശം ശരീരത്തിലുണ്ട് ഇതെല്ലാം ഹീമോഗ്ലോബിന്റെ അളവിനെ ബാധിക്കും. 

 

ചികിത്സ 

കാരണം അനുസരിച്ച് ഉയർന്ന ഹീമോഗ്ലോബിൻ കൗണ്ടിനുള്ള ചികിത്സയും വ്യത്യാസപ്പെട്ടിരിക്കും. ചില കേസുകളിൽ ഫ്ലീബോട്ടമി (phlebotomy) യാകും ഡോക്ടർ നിർദേശിക്കുക. ഇതിൽ ഞരമ്പുകളിലേക്ക് സൂചി കടത്തി അധികമായ ചുവപ്പു രക്തകോശങ്ങളെ നീക്കം ചെയ്യും. ഒരു പരിധിയിലും കൂടുതലാണ് ഹീമോഗ്ലോബിൻ കൗണ്ട് എങ്കിൽ നിരവധി തവണ ഫ്ലീബോട്ടമി ചെയ്യേണ്ടി വരും. ഇത് രക്തദാനത്തിനു തുല്യമാണ്. 

 

മരുന്നിലൂടെയും ഉയർന്ന ഹീമോഗ്ലോബിൻ നില  ചികിത്സിച്ചു മാറ്റാൻ പറ്റും. ചുവന്ന രക്തകോശങ്ങളുടെ എണ്ണം കുറച്ച് ഈ അവസ്ഥയുടെ സങ്കീർണതകൾ അകറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. 

 

ജീവിതശൈലി മാറ്റം

ഉയർന്ന ഹീമോഗ്ലോബിൻ കൗണ്ട് നിങ്ങൾക്കുണ്ടെങ്കിൽ ആരോഗ്യകരമായ ഒരു ഭക്ഷണക്രമം നിലനിർത്തേണ്ടത് ആവശ്യമാണ്. 

∙ധാരാളം വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കുക. എപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക. 

∙ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം ശീലമാക്കുക. 

∙പഞ്ചസാരയും കൊഴുപ്പും കൂടിയ ഭക്ഷണം ഒഴിവാക്കുക. 

∙മദ്യപാനം ഒഴിവാക്കുക.

∙പുകവലി ഉപേക്ഷിക്കുക.

 

ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ ഹീമോഗ്ലോബിൻ കൗണ്ട് ഉയരുന്നത് തടയാൻ സാധിക്കും.

Content Summary: High Hemoglobin Count: Reasons, Symptoms and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com