അന്ന് പേര് ‘മാവോ വൈറസ്’; ഇന്ത്യയിൽ കോവിഡ് പോലെ പടരുമോ എച്ച്3എൻ2?
Mail This Article
‘എച്ച്3എൻ2 pdm23!’– കോവിഡിനു പിന്നാലെ ഇന്ത്യയ്ക്ക് ആശങ്ക നൽകുന്ന എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് ബാധയെ പിഡിഎം23 എന്നു കൂടി ചേർത്തു വിശേഷിപ്പിക്കുന്നൊരു കാലം ഉണ്ടാകുമോ? ഉണ്ടാകാതിരിക്കട്ടെ! എന്താണെന്നല്ലേ? പിഡിഎം23 എന്നാൽ, 2023ൽ പാൻഡെമിക് സൃഷ്ടിച്ച വൈറസ് എന്നർഥം. അതായത് പല രാജ്യങ്ങളിലേക്കു പടർന്ന് ഈ വൈറസ് പ്രശ്നമായി എന്ന ഓർമപ്പെടുത്തലാകുമിത്. ഇൻഫ്ലുവൻസ വൈറസുകളിൽ ഒന്നായ എച്ച്3എൻ2 ഈ രീതിയിൽ ഒരു പാൻഡെമിക് സൃഷ്ടിച്ചിട്ടുണ്ട്. 55 വർഷങ്ങൾക്കു മുൻപ് 1968ലായിരുന്നു അത്. അതുകൊണ്ട്, എച്ച്3എൻ2 വൈറസിനെക്കുറിച്ചു പറയുമ്പോൾ എച്ച്3എൻ2 പിഡിഎം68 എന്നു കൂടി പറയാറുണ്ട്. എച്ച്3എൻ2–നെക്കുറിച്ചു പറയും മുൻപു ചില പശ്ചാത്തല കാര്യങ്ങൾ വിശദീകരിക്കാം. ലോകാരോഗ്യ സംഘടന പറയുന്നതു പ്രകാരം ഇത്തരം വൈറസുകളെല്ലാം സീസണൽ ഇൻഫ്ലുവൻസ വൈറസുകളാണ്. അതായത്, സീസണനുസരിച്ച് ശ്വാസകോശ അണുബാധ സൃഷ്ടിക്കുന്ന തരം വൈറസുകൾ. ലോകമെമ്പാടും ഇതു വ്യാപിച്ചിട്ടുമുണ്ട്. സീസണൽ ഇൻഫ്ലുവൻസകളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ ഇങ്ങനെയാണ്: ‘പെട്ടെന്നുണ്ടാകുന്ന പനി, ചുമ (മിക്കവാറും വരണ്ടത്), തലവേദന, പേശികളിലെയും സന്ധികളിലെയും വേദന, കടുത്ത അസ്വാസ്ഥ്യം, തൊണ്ടവേദന, ജലദോഷം എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. ചുമ കടുക്കുകയും രണ്ടോ അതിലധികമോ ആഴ്ച നീണ്ടുനിൽക്കുകയും ചെയ്യാം. മിക്കവാറും ആളുകളിൽ പ്രത്യേകിച്ചു ചികിത്സയോ മരുന്നോ ഇല്ലാതെ ഒരാഴ്ചയ്ക്കകം രോഗമുക്തി ഉണ്ടാകും. അതേസമയം ചിലരിൽ, വിശേഷിച്ചും പ്രതിരോധശേഷി കുറഞ്ഞ ‘റിസ്ക്’ വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് ഇൻഫ്ലുവൻസ വഴി കടുത്ത മറ്റു രോഗങ്ങളോ മരണമോ സംഭവിക്കാം.